വര്‍ഗ്ഗീയ സംഘര്‍ഷം: തെലങ്കാനയിലെ മൂന്ന് ജില്ലകളില്‍ ഇന്‍റര്‍നെറ്റ് നിരോധിച്ചു
സൈലന്‍സര്‍ ഊരിവച്ച് ബൈക്ക് റേസ് നടത്തി ഒരു സംഘം ബഹളമുണ്ടാക്കിയത് ചിലര്‍ തടയുകയും ചോദ്യം ചെയ്യുകയും ചെയ്തതിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷമാണ് വലിയ മൂന്ന് ജില്ലകളെ ബാധിക്കുന്ന തരത്തിലുള്ള വര്‍ഗ്ഗീയ സംഘര്‍ഷത്തിലേക്ക് വഴിമാറിയത്.
ഹൈദരാബാദ്: വര്‍ഗ്ഗീയ സംഘര്‍ഷത്തെ തുടര്‍ന്ന് തെലങ്കാന സംസ്ഥാനത്തിലെ മൂന്ന് ജില്ലകളില്‍ ഇന്‍റര്‍നെറ്റിന് നിരോധനം ഏര്‍പ്പെടുത്തി. അദിലാബാദ്, ആസിഫാബാദ്, മഞ്ചേരിയൽ എന്നീ ജില്ലകളിലാണ് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഭയീന്‍സയില്‍ രണ്ട് വിഭാഗങ്ങള്‍ തമ്മില്‍ വര്‍ഗ്ഗീയ സംഘര്‍ഷം ഉണ്ടായതിനെ തുടര്‍ന്നാണ് നടപടിയെന്ന് തെലങ്കാന പൊലീസ് അറിയിച്ചു. നേരത്തെ പ്രദേശത്തുണ്ടായ സംഘര്‍ഷത്തില്‍ ജില്ലാ പൊലീസ് മേധാവിയടക്കം 11 പേര്‍ക്ക് പരിക്കേറ്റിയിരുന്നു.
സൈലന്‍സര്‍ ഊരിവച്ച് ബൈക്ക് റേസ് നടത്തി ഒരു സംഘം ബഹളമുണ്ടാക്കിയത് ചിലര്‍ തടയുകയും ചോദ്യം ചെയ്യുകയും ചെയ്തതിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷമാണ് വലിയ മൂന്ന് ജില്ലകളെ ബാധിക്കുന്ന തരത്തിലുള്ള വര്‍ഗ്ഗീയ സംഘര്‍ഷത്തിലേക്ക് വഴിമാറിയത്. സംഘര്‍ഷത്തിനിടെ വഴിയില്‍ പാര്‍ക്ക് ചെയ്ത പല വാഹനങ്ങളും കത്തിക്കുകയും വീടുകള്‍ക്ക് നേരെ കല്ലേറുണ്ടാവുകയും ചെയ്തു. രാത്രിയില്‍ ഉറങ്ങി കിടന്ന പലരും കല്ലേറും ബഹളവും കാരണം എഴുന്നേറ്റു നോക്കിയപ്പോള്‍ ആണ് പ്രദേശത്ത് സംഘര്‍ഷം പൊട്ടിപുറപ്പെട്ട വിവരം അറിഞ്ഞത്.
സംഘര്‍ഷം രൂക്ഷമായതിന് പിന്നാലെ പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിക്കപ്പെട്ടു. പൊലീസുദ്യോഗസ്ഥര്‍ കലാപം നിയന്ത്രിക്കാനായി സ്ഥലത്ത് എത്തിയെങ്കിലും ഇവര്‍ക്ക് നേരേയും രൂക്ഷമായ കല്ലേറുണ്ടായി. ഇതിലാണ് ജില്ലാ പൊലീസ് മേധാവിയടക്കമുള്ളവര്‍ക്ക് പരിക്കേറ്റത്. മൂന്ന് ഉദ്യോഗസ്ഥര്‍ ഉള്‍പ്പടെ പരിക്കേറ്റ 11 പേരും പ്രാഥമിക ചികിത്സയ്ക്ക് ശേഷം ആശുപത്രി വിട്ടു. സംഘര്‍ഷമേഖയില്‍ പൊലീസ് നിരന്തരം പട്രോളിംഗ് നടത്തുന്നുണ്ടെന്നും ഇപ്പോള്‍ ആശങ്കയ്ക്ക് വകയില്ലെന്നും ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.