ഐഎഎസ് കോച്ചിംഗ് സെന്റർ അപകടം; കേസ് സിബിഐക്ക് കൈമാറി ദില്ലി ഹൈക്കോടതി; അറസ്റ്റിലായ ഡ്രൈവര്‍ക്ക് ജാമ്യം
സംഭവത്തിൽ എംസിഡി അടക്കമുള്ള സർക്കാർ സംവിധാനങ്ങളുടെ ഇടപെടൽ കാര്യക്ഷമമല്ലെന്നും കോടതി വിമർശിച്ചു.
ദില്ലി: ദില്ലിയിൽ ഐഎഎസ് കോച്ചിംഗ് സെന്ററിലുണ്ടായ അപകടത്തിൽ മലയാളിയടക്കം മൂന്ന് വിദ്യാർത്ഥികളുടെ മരിച്ച സംഭവത്തിൽ കേസ് സിബിഐക്ക് കൈമാറി ദില്ലി ഹൈക്കോടതി. സെൻട്രൽ വിജിലൻസ് കമ്മീഷന്റെ മുതിർന്ന ഉദ്യോഗസ്ഥനെ അന്വേഷണത്തിന് മേൽനോട്ടം വഹിക്കാൻ നിയോഗിക്കണമെന്നും കോടതി നിർദേശിച്ചു. സംഭവത്തിൽ എംസിഡി അടക്കമുള്ള സർക്കാർ സംവിധാനങ്ങളുടെ ഇടപെടൽ കാര്യക്ഷമമല്ലെന്നും കോടതി വിമർശിച്ചു. അതേസമയം കേസിൽ അറസ്റ്റിലായ എസ്‍യുവി ഡ്രൈവർക്ക് കോടതി ജാമ്യം അനുവദിച്ചു. വെള്ളം കയറിയ സമയത്ത് ഇയാൾ കോച്ചിംഗ് സെന്ററിന് മുന്നിലൂടെ വേഗത്തിൽ കാറോടിച്ചത് അപകടത്തിന് കാരണമായെന്നായിരുന്നു പോലീസ് കണ്ടെത്തൽ.