ജമ്മു കശ്മീരിൽ ആക്രിക്കടയിൽ സാധനമിറക്കുന്നതിനിടെ സ്ഫോടനം, 4 പേർ കൊല്ലപ്പെട്ടു, സുരക്ഷ സേനയുടെ പരിശോധന
ആക്രി സാധനങ്ങൾ ഇറക്കുന്നതിന് ഇടയിലാണ് സ്ഫോടനമെന്നാണ് റിപ്പോർട്ട്. പരിക്കേറ്റവരെ ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
ശ്രീനഗർ: ജമ്മു കശ്മീരിലെ ബാരാമുള്ളയിൽ ഉണ്ടായ സ്ഫോടനത്തിൽ നാല് പേർ കൊല്ലപ്പെട്ടു. ബാരാമുള്ള സോപോർ ഗ്രാമത്തിലെ ആക്രിക്കടയിലേക്കെത്തിയ ലോറിയിൽ നിന്നും സാധനങ്ങൾ ഇറക്കുന്നതിനിടെയാണ് സ്ഫോടനമുണ്ടായതെന്ന് അധികൃതർ അറിയിച്ചു. നാസിർ അഹമ്മദ് , അസിം അഷ്റഫ് മിർ, ആദിൽ റഷീദ് ഭട്ട് , മുഹമ്മദ് അസർ എന്നിവരാണ് കൊല്ലപ്പെട്ടത്.
ബരാമുള്ളയിലെ സോപോർ മേഖലയിലാണ് ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെ സ്ഫോടനം ഉണ്ടായത്. സ്ക്രാപ്പുകൾ ശേഖരിക്കുന്ന കടയിലേക്ക് ആക്രി സാധനങ്ങൾ ഇറക്കുന്നതിന് ഇടയിലാണ് സ്ഫോടനമെന്നാണ് റിപ്പോർട്ട്. പരിക്കേറ്റവരെ ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. കൊല്ലപ്പെട്ടവരിൽ രണ്ട് പേർ പ്രായപൂർത്തിയാകാത്ത കുട്ടികളാണെന്നാണ് റിപ്പോർട്ടുകൾ. സംഭവസ്ഥലത്ത് സുരക്ഷ സേനയുടെ പരിശോധന പുരോഗമിക്കുകയാണ്.
വിഘടനവാദികളുടെ കേന്ദ്രമായിരുന്നു നേരത്തേ സോപോർ മേഖല. കഴിഞ്ഞ നാല് വർഷമായി സോപാർ പ്രദേശത്ത് അക്രമങ്ങൾ ഉണ്ടായിട്ടില്ല. അതുകൊണ്ട് തന്നെ പ്രദേശത്ത് സുരക്ഷാ സേന പരിശോധന ശക്തമാക്കിയിരിക്കുകയാണ്.
Read More : ബാബ രാംദേവിന് വീണ്ടും തിരിച്ചടി; പതഞ്ജലിയുടെ 'കൊറോണിൽ' മരുന്നെന്ന് പറഞ്ഞ് പറ്റിക്കേണ്ടെന്ന് ദില്ലി ഹൈക്കോടതി