വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ പോയവരുടെ കാർ പാലത്തിന് മുകളിൽ നിന്ന് താഴേക്ക് വീണ് നാല് മരണം; ദാരുണ അപകടം അസമിൽ

മൂടൽ മഞ്ഞ് കാരണം കാഴ്ച തടസ്സപ്പെട്ടതായിരിക്കാം അപകട കാരണമായതെന്നാണ് നിഗമനം.

Four among a six membered family died after their swift dzire car fell down from a bridge

ദിസ്പൂർ: നിർമാണത്തിലിരുന്ന പാലത്തിന് മുകളിൽ നിന്ന് കാർ നദിയിലേക്ക് വീണ് നാല് പേർ മരിച്ചു. രണ്ട് പേർക്ക് ഗുരുതര പരിക്കേറ്റു. മരിച്ചവരിൽ ഒരാൾ അഞ്ച് വയസുള്ള കുട്ടിയാണ്. അസമിലെ തിൻസുകിയയിലാണ് ദാരുണമായ അപകടമുണ്ടായത്.

ആറ് പേരടങ്ങുന്ന ഒരു കുടുംബത്തിലെ അംഗങ്ങൾ ഒരു വിവാഹ ചടങ്ങിൽ പങ്കെടുക്കാനായി ബിഹാറിൽ നിന്ന് അസമിലെ തിൻസുകിയയിലേക്ക് സ്വിഫ്റ്റ് ഡിസയർ കാറിൽ പോവുകയായിരുന്നു. പുലർച്ചെ നാല് മണിയോടെ തിൻസുകിയ-ദിബ്രുഗഡ് റൂട്ടിലെ ബൈപ്പാസിലാണ് അപകടമുണ്ടായത്. ദുബ്രിഗഡിൽ നിന്ന് വരികയായിരുന്ന കാറിന് റോഡിൽ വെച്ച് നിയന്ത്രണം നഷ്ടമാവുകയായിരുന്നു. നിർമാണത്തിലിരുന്ന പാലത്തിന് മുകളിൽ നിന്ന് കാർ നദിയിലേക്ക് വീണു.

ഗുരുതരമായി പരിക്കേറ്റ രണ്ട് പേരെ ദിബ്രുഗഡിലെ അസം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. മരിച്ചവരിൽ ഒരാൾ അഞ്ച് വയസുള്ള കുട്ടിയും മറ്റുള്ളവരെല്ലാം 40നും 45നും ഇടയിൽ പ്രായമുള്ളവരുമാണ്. സംഭവത്തിൽ അധികൃതർ അന്വേഷണം തുടങ്ങി. അപകടമുണ്ടായ ഉടൻ തന്നെ നാട്ടുകാരാണ് രക്ഷാപ്രവർത്തനം നടത്തിയത്. പുലർച്ചെയുള്ള മുടൽ മഞ്ഞ് കാരണം കാഴ്ച തടസ്സപ്പെട്ടതും റോഡിൽ ആവശ്യമായ മുന്നറിയിപ്പ് ബോർഡുകൾ ഇല്ലാത്തതും അപകട കാരണമായിട്ടുണ്ടാവുമെന്നാണ് നിഗമനം. പാലങ്ങളുടെ ഉൾപ്പെടെ നിർമാണം പൂർത്തിയാക്കാതെ നീട്ടിക്കൊണ്ടു പോകുന്നതിൽ നാട്ടുകാർ ആശങ്ക പ്രകടിപ്പിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios