മരത്തിൽ ചങ്ങല കൊണ്ട് കെട്ടിയിട്ട നിലയിൽ വിദേശ വനിത; ആശുപത്രിയിലേക്ക് മാറ്റി; കണ്ടെത്തിയത് സിന്ധുദുര്‍ഗില്‍

അമേരിക്കന്‍ പാസ് പോര്‍ട്ടും തമിഴ്നാട് വിലാസമുള്ള ആധാര്‍ കാര്‍ഡും ഇവരുടെ അടുത്തുനിന്ന് കണ്ടെത്തി. 

Foreign woman chained to tree transferred to hospital Found in forest area maharashtra sindhudurg

ദില്ലി: മഹാരാഷ്ട്രയിലെ സിന്ധുദുർഗ് വനമേഖലയിൽ വിദേശ വനിതയെ മരത്തിൽ ചങ്ങല കൊണ്ട് കെട്ടിയിട്ട നിലയിൽ കണ്ടെത്തി. മാനസിക പ്രശ്നങ്ങൾ കാണിക്കുന്ന ഇവരെ വിദഗ്ധ ചികിൽസക്കായി ഗോവ മെഡിക്കൽ കോളേജിലേക്ക് മാറ്റി. തമിഴ്നാട് സ്വദേശിയായ ഭർത്താവിനെയും ബന്ധുക്കളെയും കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം തുടങ്ങി.

സിന്ധു ദുര്‍ഗ് വന മേഖലയില്‍ കാലി മേയ്ക്കാന്‍ പോയ കര്‍ഷകര്‍ ശനിയാഴ്ച്ചയാണ് കെട്ടിയിട്ട് അവശയായ നിലയില്‍ ഒരു സ്ത്രിയെ കാണുന്നത്. അമേരിക്കന്‍ പാസ് പോര്‍ട്ടും തമിഴ്നാട് വിലാസമുള്ള ആധാര്‍ കാര്‍ഡും ഇവരുടെ അടുത്തുനിന്ന് കണ്ടെത്തി. ആധാര്‍ കാര്‍ഡില്‍ 50 വയസുകാരിയായ ലളിത കായിയെന്നാണ് എഴുതിയിരിക്കുന്നത്. കര്‍ഷകരാണ് വിവരം പൊലീസിനെ അറിയിക്കുന്നത്.

പൊലീസെത്തി ഇവരെ തൊട്ടടുത്ത ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികില്‍സ നല്‍കി. രോഗബാധിതയായ തന്നെ തമിഴ്നാട്ടുകാരനായ ഭര്‍ത്താവ് കെട്ടിയിട്ട് ഉപേക്ഷിച്ചുപോയെന്നാണ് പൊലീസിനെ ഇവര്‍ അറിയിച്ചത്. സംസാരിക്കാനാവാത്തതിനാല്‍ ഒരു പേപ്പറില്‍ വിവരം എഴുതി നല്‍കുകയായിരുന്നു. പാസ്പോർട്ടിലുള്ള രേഖ പ്രകാരം ഇവരുടെ വിസ കാലാവധി പത്തുവര്‍ഷം മുമ്പ് അവസാനിച്ചിട്ടുണ്ട്. തമിഴ്നാട് സ്വദേശിയായ ഭര്‍ത്താവിനെകുറിച്ച് ചില വിവരങ്ങള്‍ ഇവര്‍ പോലീസിന് എഴുതി നല്‍കിയിട്ടുണ്ട്. 

ആഴ്ച്ചകളായി ഭക്ഷണം കഴിക്കാത്തതിനാല്‍ തീര്‍ത്തും അവശയാണ്. കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത മഴ നനഞ്ഞതും ഇവര്‍ക്ക് നിരവധി ശാരീരിക പ്രശനങ്ങൾക്കിടയാക്കിയിട്ടുണ്ട്.  ഇടക്കിടെ മാനസിക പ്രശ്നങ്ങള്‍ കാണിക്കുന്നു. അതുകൊണ്ടുതെന്നെ വിദഗ്ധ ചികിൽസക്കായി ഗോവ മെഡിക്കൽ കോളജിലേക്ക് മാറ്റി. ഭർത്താവിനെക്കുറിച്ച് ലഭിച്ച വിവരങ്ങള്‍ മഹാരാഷ്ട്ര പൊലീസ്  തമിഴ്നാട് പൊലീസിന് കൈമാറിയിട്ടുണ്ട്. ഇരു സസ്ഥാനങ്ങളിലെയും പൊലീസ് സഹകരിച്ചാവും തുടര്‍ന്നുള്ള അന്വേഷണം നടത്തുക. 

 

 

Latest Videos
Follow Us:
Download App:
  • android
  • ios