സ്പായിൽ അഗ്നിബാധ, മേക്കപ്പ് സാധനങ്ങളിൽ തീ പടർന്നു, ശുചിമുറിയിലായിരുന്ന 2 പേർക്ക് ദാരുണാന്ത്യം

വളരെ കുറഞ്ഞ സ്ഥലത്ത് പ്രവർത്തിച്ചിരുന്ന സ്പായിലേക്കുള്ള ജനലുകൾ അടച്ചിരുന്ന നിലയിൽ ആയതും അകത്ത് കയറാനായി ഒരു വാതിൽ മാത്രവുമുണ്ടായിരുന്നത് രക്ഷാപ്രവർത്തനം ദുഷ്കരമാക്കി. സിക്കിം സ്വദേശിനികൾക്ക് ദാരുണാന്ത്യം

fire broke in salon spa two killed

സൂറത്ത്: ബഹുനില കെട്ടിടത്തിൽ പ്രവർത്തിക്കുന്ന സ്പായിൽ അഗ്നിബാധ, രണ്ട് ജീവനക്കാർക്ക് ദാരുണാന്ത്യം. സ്പായുടെ മുൻഭാഗത്ത് ആരംഭിച്ച തീ കോസ്മെറ്റിക്സ് ഉൽപന്നങ്ങളിലേക്ക് പടർന്നതോടെ മൂന്നാം നിലയിൽ തീ പടരുകയായിരുന്നു. സ്ഥാപനത്തിനകത്തേക്ക് എത്താൻ ഒരു വാതിൽ മാത്രമുണ്ടായിരുന്നതും ജനാലകൾ പൂട്ടിയിട്ട നിലയിലുമായതാണ് രണ്ട് പേരുടെ മരണത്തിനിടയാക്കിയത്. ബുധനാഴ്ച വൈകീട്ട് സൂറത്തിലെ ഫോർച്യൂൺ കോപ്ലെക്സിലാണ് അഗ്നിബാധയുണ്ടായത്. ജിമ്മും സ്പായും ഒരേ നിലയിലായിരുന്നു പ്രവർത്തിച്ചിരുന്നത്. എന്നാൽ ദീപാവലി പ്രമാണിച്ച് ജിം അവധിയിൽ ആയിരുന്നതിനാലാണ് വലിയ രീതിയിലുള്ള ആളപായം ഒഴിവായത്

24നും 30 ഇടയിൽ പ്രായമുള്ള സിക്കിം സ്വദേശികളായ രണ്ട് പേരാണ് അപകടത്തിൽ മരിച്ചത്. സ്പായിലെ ശുചിമുറിയിൽ നിന്ന് മുഖത്തടക്കം പൊള്ളലേറ്റ നിലയിലാണ് ഇവരുടെ മൃതദേഹം കണ്ടെത്തിയത്. സിറ്റിലൈറ്റ് റോഡിലെ ബഹുനില കെട്ടിടത്തിലെ മൂന്നാം നിലയിലെ അമൃതിയ സ്പാ ആൻഡ് സലൂണിലാണ് അഗ്നിബാധയുണ്ടായത്. വിവരം ലഭിച്ച് മജുര, വേസു, കടോദര എന്നിവിടങ്ങളിൽ നിന്ന് അഗ്നിരക്ഷാ സേന എത്തുമ്പോഴേയ്ക്കും വലിയ രീതിയിൽ തീ പടർന്നിരുന്നു. മൂന്നാം നിലയിൽ പൂർണമായി തീയും പുകയും പടർന്നെങ്കിലും മൂന്ന് പേരെ രക്ഷിക്കാൻ അഗ്നിരക്ഷാ സേനയ്ക്ക് സാധിച്ചിരുന്നു. ബെനു ഹംഗ്മ ലിംബോ, മനിഷ എന്നീ ജാവനക്കാരാണ് അഗ്നിബാധയിൽ മരിച്ചത്. 

സ്ഥാപനത്തിലെ നിർമ്മാണത്തിലെ  അപാകതകൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് അഗ്നിരക്ഷാ സേനാ ഇതിനോടകം വിശദമാക്കിയിട്ടുണ്ട്. സംഭവത്തിൽ വിശദമായ അന്വേഷണത്തിന് പൊലീസും നിർദ്ദേശം നൽകിയിട്ടുണ്ട്. അഗ്നിരക്ഷാ വിഭാഗത്തിൽ നിന്നുള്ള എൻഒസി പോലുമില്ലാതെയാണ് സ്ഥാപനം പ്രവർത്തിച്ചിരുന്നതെന്നാണ് ലഭ്യമാകുന്ന വിവരം. 

ദിൽഷാദ് ഖാൻ എന്നയാളുടെ ഉടമസ്ഥതയിലുള്ളതാണ് സ്ഥാപനം. അപകടമുണ്ടായ സമയത്ത് 20 സ്ക്വയർ മീറ്റർ മാത്രം വിസ്താരമുള്ള സ്ഥാപനത്തിൽ അഞ്ച് ജീവനക്കാരാണ് ഉണ്ടായിരുന്നത്. അഗ്നിബാധയുടെ സമയത്ത് ശുചിമുറിയിൽ ആയിരുന്ന ജീവനക്കാരാണ് മരിച്ചത്. അഗ്നിബാധ ഉണ്ടായത് എങ്ങനെയാണെന്നതിൽ അടക്കം അന്വേഷണം നടത്തുമെന്ന് അധികൃതർ വിശദമാക്കി. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios