പാൽ കൊണ്ടുപോവുകയായിരുന്ന വാൻ തടഞ്ഞ് ഡ്രൈവറെ ഇറക്കിവിട്ട ശേഷം വാഹനവുമായി മുങ്ങി; മെഡിക്കൽ വിദ്യാർത്ഥികൾ പിടിയിൽ
വാഹനത്തിന് പുറമെ അതിലുണ്ടായിരുന്ന പാൽ പാക്കറ്റുകളും പണവുമെല്ലാം സംഘം മോഷ്ടിക്കുകയും ചെയ്തു. സംഭവത്തിൽ അന്വേഷണം നടത്തിയ പൊലീസ് സംഘം മൂന്ന് വിദ്യാർത്ഥികളെ അറസ്റ്റ് ചെയ്യുകയായിരുന്നു.
ജയ്പൂർ: രാജസ്ഥാനിൽ പാൽ കൊണ്ടുപോവുകയായിരുന്ന വാൻ തടഞ്ഞുനിർത്തി ഡ്രൈവറെ ഇറക്കി വിട്ട ശേഷം വാഹനവുമായി മുങ്ങിയ സംഭവത്തിൽ അറസ്റ്റിലായത് എംബിബിഎസ് വിദ്യാർത്ഥികൾ. ജോധ്പൂരിലെ എസ്.എൻ മെഡിക്കൽ കോളേജിൽ അവസാന വർഷ വിദ്യാർത്ഥികളായ മൂന്ന് പേരാണ് അറസ്റ്റിലായത്. സംഭവത്തിൽ ഉൾപ്പെട്ട രണ്ട് വിദ്യാർത്ഥികൾ ഒളിവിലാണ്. ഞായറാഴ്ച രാത്രിയായിരുന്നു സംഭവം.
വാനിന്റെ ഡ്രൈവറാണ് പരാതിയുമായി പൊലീസ് സ്റ്റേഷനിലെത്തിയത്. അഞ്ച് പേർ ചേർന്ന് വാഹനം വഴിയിൽ തടയുകയും തന്നെ മർദിച്ച ശേഷം വാനുമായി കടന്നുകളയുകയുമായിരുന്നു എന്ന് അദ്ദേഹം പരാതിയിൽ ആരോപിച്ചു. വാഹനത്തിന് പുറമെ അതിലുണ്ടായിരുന്ന പാൽ പാക്കറ്റുകളും പണവുമെല്ലാം സംഘം മോഷ്ടിക്കുകയും ചെയ്തു. സംഭവത്തിൽ അന്വേഷണം നടത്തിയ പൊലീസ് സംഘം മൂന്ന് വിദ്യാർത്ഥികളെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇവരെ കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു. രണ്ട് പേർ രക്ഷപ്പെട്ടിട്ടുണ്ട്. ഇവർ എസ്.എൻ മെഡിക്കൽ കോളേജിലെയും ജോധ്പൂർ എയിംസിലെയും വിദ്യാർത്ഥികളാണ്.
എംഡിഎം ആശുപത്രിക്ക് മുന്നിൽ വെച്ചാണ് സംഘം വാൻ തടഞ്ഞത്. തുടർന്ന് ഡ്രൈവറോട് പുറത്തുവരാൻ നിർദേശിച്ചു. ഇയാൾ പുറത്തിറങ്ങിയതും ഉപദ്രവം തുടങ്ങി. മൂന്ന് പേർ ചേർന്ന് ഡ്രൈവറെ വാനിന്റെ പിന്നിലേക്ക് പിടിച്ചുകൊണ്ടുപോയപ്പോൾ മറ്റ് രണ്ട് പേർ വാഹനത്തിന്റെ മുന്നിലെ ക്യാബിനിൽ കയറി ഓടിച്ചുപോയി. വാഹനത്തിലുണ്ടായിരുന്ന 4600 രൂപ ഇവർ അപഹരിച്ചതായി പരാതിയിൽ പറയുന്നു.
പൊലീസ് സംഘം സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ മെഡിക്കൽ വിദ്യാർത്ഥികളാണെന്ന് കണ്ടെത്തിയത്. അഞ്ച് കിലോമീറ്റർ അകലെ ഉപേക്ഷിക്കപ്പെട്ട നിലയിൽ വാൻ പിന്നീട് കണ്ടെത്തി. സാഹസിക പ്രവൃത്തി എന്ന നിലയിലാണ് യുവാക്കൾ കുറ്റകൃത്യത്തിൽ ഏർപ്പെട്ടതെന്ന് പൊലീസ് പറഞ്ഞു. ഏതെങ്കിലും വാഹനം തടയുകയെന്ന ലക്ഷ്യത്തോടെയാണ് വഴിയിൽ ഇവർ നിന്നിരുന്നതെന്നും പൊലീസ് പറയുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം