ഇന്‍ഡോറില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ പ്രതിഷേധറാലിയോ? വീഡിയോയുടെ സത്യം- Fact Check
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ഭരണവിരുദ്ധ റാലി നടന്നോ മധ്യപ്രദേശിലെ ഇന്‍ഡോറില്‍?
ലോക്‌സഭ തെരഞ്ഞെടുപ്പ് 2024 വിവിധ ഘട്ടങ്ങളിലായി രാജ്യത്ത് പുരോഗമിക്കുകയാണ്. ഇതിനകം നാല് ഘട്ടങ്ങളിലെ വോട്ടെടുപ്പ് പൂര്‍ത്തിയായി. മൂന്നാംതവണയും അധികാരത്തില്‍ വരാമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി കരുതുമ്പോള്‍ അദേഹത്തിനെതിരെ ഭരണവിരുദ്ധ റാലി നടന്നോ മധ്യപ്രദേശിലെ ഇന്‍ഡോറില്‍? പ്രചരിക്കുന്ന വീഡിയോയുടെ വസ്തുത പരിശോധിക്കാം.
പ്രചാരണം
'മോദിക്കെതിരായ റാലി. നിങ്ങള്‍ ഭരണഘടനയെ ദുരുപയോഗം ചെയ്യുമ്പോള്‍ പ്രത്യാഘാതം ഗുരുതരമായിരിക്കും. ഈ ജനക്കൂട്ടത്തിന്‍റെ പ്രതിഷേധം ഒരു ചാനലും സംപ്രേഷണം ചെയ്യില്ല' എന്നുമുള്ള കുറിപ്പോടെയാണ് ഫേസ്ബുക്കില്‍ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. നിരവധി സുരക്ഷാ സേനാംഗങ്ങളുടെ സംരക്ഷണയില്‍ നടക്കുന്ന ഒരു പ്രകടനത്തിന്‍റെയോ റാലിയുടെയും ദൃശ്യമാണിത് എന്ന് വീഡിയോയില്‍ നിന്ന് അനുമാനിക്കാം.
വസ്തുത
ഈ വീഡിയോ ഇന്‍ഡോറില്‍ നിന്നുള്ളതല്ല, രാജസ്ഥാനിലെ ബനസ്‌വാരയില്‍ നിന്നുള്ളതാണ് എന്നതാണ് ആദ്യ വസ്തുത. ബിഎപി സ്ഥാനാര്‍ഥി രാജ്‌കുമാര്‍ റൗത്തിന്‍റെ റാലിയുടെ വീഡിയോയാണിത്. മറിച്ച്, പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ പ്രകടനമല്ല. ബിഎപി പാര്‍ട്ടിയുടെ ദേശീയ വക്താവ് ഡോ. ജിതേന്ദ്ര മീന ഈ വീഡിയോ എക്‌സില്‍ (പഴയ ട്വിറ്റര്‍) 2024 ഏപ്രില്‍ മൂന്നിന് പോസ്റ്റ് ചെയ്തിരുന്നതാണ്.
നിഗമനം
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ ഇന്‍ഡോറിലെ പ്രതിഷേധം എന്ന പേരില്‍ ഷെയര്‍ ചെയ്യപ്പെടുന്ന വീഡിയോ രാജസ്ഥാനിലെ ബനസ്‌വാരയിലെ ബിഎപി സ്ഥാനാര്‍ഥിയുടെ റാലിയുടെ ദൃശ്യങ്ങളാണ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം