വീട്ടിൽ അതിക്രമിച്ച് കയറാൻ ശ്രമിച്ചെന്ന് ഐഎഎസ് ഉദ്യോഗസ്ഥയായ മുൻ ഭാര്യയുടെ പരാതി; മുൻ ഡിജിപി അറസ്റ്റിൽ

മുൻ സ്പെഷ്യൽ ഡിജിപി രാജേഷ് ദാസിനെയാണ് അറസ്റ്റ് ചെയ്തത്. ഐഎഎസ് ഉദ്യോഗസ്ഥയും ഊർജ്ജ വകുപ്പ് സെക്രട്ടറിയുമായ ബീല വെങ്കിടേഷിന്‍റെ പരാതിയിലാണ് നടപടി.

Ex DGP Rajesh Das arrested on trespassing complaint by estranged IAS wife in tamilnadu

ചെന്നൈ: വീട്ടിൽ അതിക്രമിച്ച് കയറാൻ ശ്രമിച്ചെന്ന മുൻ ഭാര്യയുടെ പരാതിയിൽ മുൻ ഡിജിപി അറസ്റ്റിൽ. തമിഴ്നാട്ടിലാണ് സംഭവം. മുൻ സ്പെഷ്യൽ ഡിജിപി രാജേഷ് ദാസിനെയാണ് അറസ്റ്റ് ചെയ്തത്. ഐഎഎസ് ഉദ്യോഗസ്ഥയും ഊർജ്ജ വകുപ്പ് സെക്രട്ടറിയുമായ ബീല വെങ്കിടേഷിന്‍റെ പരാതിയിലാണ് നടപടി.

ഐപിഎസ് ഉദ്യോഗസ്ഥയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചെന്ന കേസിൽ രാജേഷ് ദാസ് ശിക്ഷിക്കപ്പെട്ടതിന് ശേഷം ഇരുവരും വേർപിരിഞ്ഞ് താമസിക്കുകയായിരുന്നു. ഇരുവരുടെയും പേരിലുള്ള ബംഗ്ലാവിലാണ് രാജേഷ് താമസിച്ചിരുന്നത്. എന്നാൽ രാജേഷ് ഒളിവിൽ പോയപ്പോൾ ബീല, പുതിയ പൂട്ട് വാങ്ങി ബംഗ്ലാവ് അടച്ചിടുകയും വൈദ്യുതിബന്ധം വിച്ഛേദിക്കുകയും ചെയ്തു. തിരികെയെത്തിയ രാജേഷ്, സുരക്ഷാ ജീവനക്കാരനെ ഭീഷണിപ്പെടുത്തി അകത്ത് കയറുകയും മൊബൈൽ ഫോൺ മോഷ്ടിക്കുകയും ചെയ്തെന്നാണ് ബീലയുടെ പരാതി.

തന്‍റെ കീഴിൽ ജോലി ചെയ്യുന്ന ഐപിഎസ് ഉദ്യോഗസ്ഥയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിൽ രാജേഷ് ദാസ് കുറ്റക്കാരനാണെന്ന്  വില്ലുപുരത്തെ വിചാരണ കോടതി കഴിഞ്ഞ വർഷം വിധിച്ചിരുന്നു. വിധിക്കെതിരെ രാജേഷ് ദാസ് ഹർജി നൽകിയെങ്കിലും മദ്രാസ് ഹൈക്കോടതി തള്ളി. തുടർന്ന് സുപ്രീംകോടതിയെ സമീപിച്ചു. ഹർജി കോടതിയുടെ പരിഗണനയിലായതിനാൽ മെയ് 17 ന് രാജേഷ് ദാസിന്‍റെ അറസ്റ്റ് താത്കാലികമായി സ്റ്റേ ചെയ്തിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

Latest Videos
Follow Us:
Download App:
  • android
  • ios