ഉച്ചഭക്ഷണത്തിനിരുന്ന കുട്ടികള്‍ക്ക് ചോറും പരിപ്പും; കോഴിക്കറി കൂട്ടി ഉദ്യോഗസ്ഥന്‍റെ ഊണ്; ഒടുവില്‍ സസ്പെന്‍ഷന്‍

സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കൊപ്പമിരുന്ന് ഇയാള്‍ കോഴിക്കറി കഴിക്കുന്ന വീഡിയോ പുറത്തുവന്നതോടെയാണ്  സംഭവം പുറത്തായത്. കഴിച്ചത് കോഴിക്കറിയല്ലെന്നും വിദ്യാലയത്തിലെ ഒരു അധ്യാപിക വീട്ടില്‍ നിന്ന് കൊണ്ടുവന്ന പച്ചക്കറിയാണെന്നും വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥന്‍റെ വാദം

Education department officer in Odisha suspended for eating chicken curry in a school while children were served rice and dal

ഒഡിഷ: വിദ്യാലയ സന്ദര്‍ശനത്തിനിടെ കോഴിക്കറി കഴിച്ച വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥന് സസ്പെന്‍ഷന്‍. ഉച്ച ഭക്ഷണ സമയത്ത് കുട്ടികള്‍ക്ക് പരിപ്പും ചോറും നല്‍കിയ സമയത്ത് അവര്‍ക്കൊപ്പമിരുന്ന് കോഴിക്കറി കഴിച്ചതിനാണ് നടപടി. സുന്ദര്‍ഗാവ് ജില്ലാ കളക്ടര്‍ നിഖില്‍ പവന്‍ കല്യാണിന്‍റേതാണ് നടപടി. ബ്ലോക്ക് എഡ്യുക്കേഷന്‍ ഓഫീസര്‍ ബിനയ് പ്രകാശ് സോയ്‍യെയാണ് സസ്പെന്‍ഡ് ചെയ്തത്.

സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കൊപ്പമിരുന്ന് ഇയാള്‍ കോഴിക്കറി കഴിക്കുന്ന വീഡിയോ പുറത്തുവന്നതോടെയാണ്  സംഭവം പുറത്തായത്. മാന്യമല്ലാത്ത രീതിയില്‍ പെരുമാറിയതിന് സോയ്‍ക്കെതിരെ തുടര്‍ നടപടികള്‍ ഉണ്ടാവുമെന്ന് വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കി. പൊതുവിദ്യാഭ്യാസ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ ഇത്തരത്തില്‍ പെരുമാറുന്നത് അസഹനീയമാണെന്ന നിരീക്ഷണത്തോടെയാണ് നടപടി.

ഒക്ടോബര്‍ മൂന്നിന് ബോണ്‍യിലുളള പ്രാഥമിക വിദ്യാലയത്തില്‍ നടത്തിയ സന്ദര്‍ശനത്തിന് ഇടയിലായിരുന്നു സംഭവം. പ്രധാനാധ്യാപകന്‍ തുപി ചന്ദന്‍ കിസനും മറ്റ് അധ്യാപകരും ചേര്‍ന്ന് മികച്ച സ്വീകരണമാണ് സോയ്‍ക്ക് സ്കൂളില്‍ ഒരുക്കിയത്. കുട്ടികള്‍ക്കൊപ്പം ഇരുന്ന് ഉച്ചഭക്ഷണം കഴിക്കണമെന്ന സോയ് ആവശ്യപ്പെടുകയായിരുന്നെന്ന് അധികൃതര്‍ പറയുന്നു.

അധ്യാപകരും സോയ്‍ക്കൊപ്പമിരുന്ന് ഭക്ഷണം കഴിച്ചിരുന്നു. ഇവര്‍ക്കെല്ലാം കോഴിക്കറിയും സാലഡും നല്‍കുന്നത് വീഡിയോയില്‍ വ്യക്തമാണ്. എന്നാല്‍ കഴിച്ചത് കോഴിക്കറിയല്ലെന്നും വിദ്യാലയത്തിലെ ഒരു അധ്യാപിക വീട്ടില്‍ നിന്ന് കൊണ്ടുവന്ന പച്ചക്കറിയാണെന്നുമാണ് സോയ് വാദിക്കുന്നത്. 

ചിത്രത്തിന് കടപ്പാട്: ഒഡിഷ സണ്‍ ടൈംസ്

 

Latest Videos
Follow Us:
Download App:
  • android
  • ios