കെമിക്കൽ ഫാക്ടറിയിലെ പൊട്ടിത്തെറി; മരണം ഏഴായി ഉയർന്നു, നിരവധിപ്പേർക്ക് പരിക്ക്
മഹാരാഷ്ട്രയിലെ താനെ ജില്ലയിലെ ഡോംബിവാലിയിലെ ഫാക്ടറിയിൽ വ്യാഴാഴ്ച ബോയിലർ പൊട്ടിത്തെറിച്ചതിനെ തുടർന്നാണ് തീപിടിത്തമുണ്ടായത്.
മുംബൈ: മഹാരാഷ്ട്രയിലെ ഡോംബിവാലിയിലെ വ്യവസായ മേഖലയിലെ കെമിക്കൽ ഫാക്ടറിയിൽ നടന്ന സ്ഫോടനത്തിൽ ഏഴ് പേർ മരിച്ചതായി റിപ്പോർട്ട്. 48ഓളം പേർക്ക് പരിക്കേറ്റു. മരിച്ചവരില്‍ രണ്ടുപേര്‍ സ്ത്രീകളാണ്. ഫാക്ടറിക്കുള്ളിൽ ആളുകൾ കുടുങ്ങികിടക്കുന്നതായാണ് സൂചന. രക്ഷാപ്രവർത്തനം തുടരുകയാണെന്നും പൊലീസ് അറിയിച്ചു. പ്രദേശത്ത് തുടർച്ചയായി പൊട്ടിത്തെറികളുണ്ടായതായാണ് ദൃക്സാക്ഷികൾ പറയുന്നത്. അഗ്നിശമന സേന തീയണക്കാനുളള ശ്രമങ്ങള്‍ തുടരുകയാണ്. എട്ടുപേരെ രക്ഷപ്പെടുത്തിയതായി മുഖ്യമന്ത്രി അറിയിച്ചു.
മഹാരാഷ്ട്രയിലെ താനെ ജില്ലയിലെ ഡോംബിവാലിയിലെ ഫാക്ടറിയിൽ വ്യാഴാഴ്ച ബോയിലർ പൊട്ടിത്തെറിച്ചതിനെ തുടർന്നാണ് തീപിടിത്തമുണ്ടായത്. എംഐഡിസി സമുച്ചയത്തിന്‍റെ രണ്ടാം ഘട്ടത്തിലെ കെമിക്കൽ ഫാക്ടറിയിലാണ് സംഭവം. ആംബർ കെമിക്കൽ കമ്പനിയുടെ നാല് ബോയിലറുകൾ പൊട്ടിത്തെറിച്ചത് വൻ തീപിടുത്തത്തിന് കാരണമായി.
തീപിടിത്തത്തെ തുടർന്ന് രാസവസ്തുക്കൾ അടങ്ങിയ ഡ്രമ്മുകൾ പൊട്ടി സമീപത്തെ വീടുകളുടെ ജനൽ ചില്ലുകളും തകർന്നു. സമീപത്തെ വീടുകളിലേക്കും തീ പടർന്ന് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. അപകടസ്ഥലത്ത് നിന്ന് പുക ഉയരുന്നത് കിലോമീറ്ററുകൾ അകലെ നിന്ന് കാണാമായിരുന്നു. സ്‌ഫോടനത്തിലും തീപിടുത്തത്തിലും മുപ്പതിലധികം പേർക്ക് പരിക്കേറ്റിട്ടുണ്ട്. അവരിൽ ചിലർ ഗുരുതരാവസ്ഥയിലാണ്.