സ്മൃതിക്കെതിരെ നടക്കുന്നത് രൂക്ഷമായ സൈബറാക്രമണം; ചിത്രത്തിന് താഴെ മോശമായ കമന്റുകൾ
മകന് മരണാനന്തര ബഹുമതിയായി ലഭിച്ച കീർത്തി ചക്ര പുരസ്‌കാരമടക്കം ഫോട്ടോ ആൽബം, വസ്ത്രങ്ങൾ തുടങ്ങി മകന്‍റെ ഓർമ്മയുള്ള എല്ലാ വസ്തുക്കളും സ്മൃതി പഞ്ചാബിലെ ഗുരുദാസ്പൂരിലെ വീട്ടിലേക്ക് കൊണ്ടുപോയെന്നാണ് അൻഷുമാന്‍റെ പിതാവ് രവി പ്രതാപ് സിംഗും മാതാവ് മഞ്ജു സിംഗും ആരോപിച്ചത്.
ദില്ലി: ധീര ജവാൻ അൻഷുമാൻ സിങ്ങിന്റെ ഭാര്യ സ്മൃതി സിങ്ങിനെതിരെ നടക്കുന്നത് കടുത്ത സൈബറാക്രമണം. രൂക്ഷമായ ഭാഷയും അശ്ലീല കമന്റുകളുമാണ് സ്മൃതിക്കെതിരെ ഉപയോഗിക്കുന്നത്. കെ അഹമ്മദ് എന്ന ഐഡിയിൽ നിന്നുള്ള അശ്ലീല പരാമർശങ്ങൾ സോഷ്യൽമീഡിയയിൽ വ്യാപകമായി പ്രചരിച്ചു. സംഭവത്തിൽ പൊലീസ് കേസെടുത്തു. ദേശീയ വനിതാ കമ്മീഷൻ ഇടപെട്ടതിനെ തുടർന്നാണ് ദില്ലി പൊലീസ് കേസെടുത്തത്. സൈബറാക്രമണത്തിൽ കൃത്യമായി അന്വേഷണം നടത്തി നടപടിയെടുക്കാൻ വനിതാ കമ്മീഷൻ പൊലീസിന് നിർദേശം നൽകി. സ്മൃതി കീർത്തിചക്ര ഏറ്റുവാങ്ങുന്ന ചിത്രത്തിന് നേരെയാണ് വ്യാപകമായ സൈബർ ആക്രമണമുണ്ടായത്. സാമൂഹികമാധ്യമത്തിൽ അധിക്ഷേപ പരാമർശം വ്യാപകമായി പ്രചരിച്ചതോടെയാണ് വനിതാകമ്മീഷൻ ഇടപെട്ടത്. സ്മൃതിക്കെതികെ അൻഷുമാന്റെ മാതാപിതാക്കൾ രംഗത്തെത്തിയിരുന്നു. മകന് ലഭിച്ച പുരസ്കാരമടക്കം, എല്ലാ സാധനങ്ങളും സ്മൃതി സ്വന്തം വീട്ടിലേക്ക് കൊണ്ടുപോയെന്നായിരുന്നു ഇവരുടെ ആരോപണം.
മകന് മരണാനന്തര ബഹുമതിയായി ലഭിച്ച കീർത്തി ചക്ര പുരസ്‌കാരമടക്കം ഫോട്ടോ ആൽബം, വസ്ത്രങ്ങൾ തുടങ്ങി മകന്‍റെ ഓർമ്മയുള്ള എല്ലാ വസ്തുക്കളും സ്മൃതി പഞ്ചാബിലെ ഗുരുദാസ്പൂരിലെ വീട്ടിലേക്ക് കൊണ്ടുപോയെന്നാണ് അൻഷുമാന്‍റെ പിതാവ് രവി പ്രതാപ് സിംഗും മാതാവ് മഞ്ജു സിംഗും ആരോപിച്ചത്. കഴിഞ്ഞ വർഷം ജൂലൈയിൽ സിയാച്ചിനിലുണ്ടായ വൻ തീപിടിത്തത്തിനിടെ ആളുകളെ രക്ഷിക്കാൻ ശ്രമിക്കവെയാണ് ആർമി മെഡിക്കൽ കോർപ്സിലെ ക്യാപ്റ്റനായിരുന്ന അൻഷുമാൻ സിംഗ് വീരമൃത്യു വരിച്ചത്. മരണാനന്തര ബഹുമതിയായി കേന്ദ്ര സർക്കാർ അൻഷുമാന് കീർത്തിചക്ര പ്രഖ്യാപിക്കുകയായിരുന്നു. ഭാര്യ സ്മൃതിയും അമ്മ മഞ്ജു സിംഗും ചേർന്ന് ജൂലൈ 5 ന് രാഷ്ട്രപതി ദ്രൗപതി മുർമുവിൽ നിന്നാണ് കീർത്തിചക്ര ഏറ്റുവാങ്ങിയത്.
മകന് ലഭിച്ച കീർത്തിചക്രയിൽ തൊടാൻ പോലും പറ്റിയില്ലെന്നും പിതാവ് പറഞ്ഞു. കീർത്തി ചക്ര പോലെ സൈനികൾക്ക് ലഭിക്കുന്ന അംഗീകാരങ്ങളുടെ പകർപ്പ് ഭാര്യക്കൊപ്പം മാതാപിതാക്കൾക്ക് കൂടി നൽകുന്ന നിലയിൽ മാറ്റം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അങ്ങനെ സംഭവിച്ചില്ലെങ്കിൽ മക്കളുടെ ഓർമ്മകൾ മാതാപിതാക്കൾക്ക് നിഷേധിക്കപ്പെടുന്ന സാഹചര്യം ഇനിയും ഉണ്ടാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
Read More.... മകന്‍റെ കീർത്തിചക്രയടക്കം മരുമകൾ സ്മൃതി കൊണ്ടുപോയി, ഒന്നും തന്നില്ല; വീരമൃത്യു വരിച്ച അൻഷുമാന്‍റെ മാതാപിതാക്കൾ
2023 ഫെബ്രുവരിയിലായിരുന്നു അൻഷുമാനും സ്മൃതിയും വിവാഹിതരായത്. എട്ട് വർഷത്തോളം നീണ്ട പ്രണയബന്ധത്തിന് ശേഷമായിരുന്നു ഇവരുടെ വിവാഹം. മാസങ്ങൾക്കിപ്പുറം ജൂലൈയിൽ അൻഷുമാൻ വീരമ്യുതി വരിച്ചതോടെ സ്മൃതി വിധവയായി. നോയിഡയിൽ താമസിച്ചിരുന്ന സ്മൃതി, അൻഷുമാന്‍റെ ശവസംസ്കാര ചടങ്ങുകൾക്ക് ശേഷം സ്വന്തം നാടായ ഗുർദാസ്‌പൂറിലേക്ക് മടങ്ങി.