രാജ്യത്ത് 27000ത്തിലധികം പുതിയ കൊവിഡ് കേസുകൾ; രോ​ഗബാധിതരുടെ എണ്ണം എട്ട് ലക്ഷം കടന്നു

24 മണിക്കൂറിനുള്ളിൽ 27,114 കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇതുവരെയുള്ളതിലെ ഏറ്റവും ഉയർന്ന പ്രതിദിന കണക്കാണിത്.

covid toll rise above 8 lakhs

ദില്ലി: രാജ്യത്ത് കൊവിഡ് രോ​ഗികളുടെ എണ്ണം 8,20,916 ആയി. 24 മണിക്കൂറിനുള്ളിൽ 27,114 കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇതുവരെയുള്ളതിലെ ഏറ്റവും ഉയർന്ന പ്രതിദിന കണക്കാണിത്. 24 മണിക്കൂറിനിടെ 519 പേരാണ് രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ ആകെ മരണം 22,123 ആയി. നാല് ദിവസം കൊണ്ടാണ് കൊവിഡ് രോഗികളുടെ എണ്ണം ഏഴ് ലക്ഷത്തിൽ നിന്ന് എട്ട് ലക്ഷത്തിൽ എത്തിയത്.

2,83,407 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. രോ​ഗം ഭേ​ദമായവരുടെ എണ്ണം 5,15,386 ആയി. 62.78 ശതമാനമാണ് കൊവിഡ് രോ​ഗമുക്തി നിരക്ക്. കൊവിഡ് സാഹചര്യം ഏറ്റവും മോശമായ രാജ്യങ്ങളുടെ പട്ടികയിൽ മൂന്നാം സ്ഥാനത്താണ് നിലവിൽ ഇന്ത്യ. അമേരിക്കയും ബ്രസീലുമാണ് ആദ്യ രണ്ടു സ്ഥാനങ്ങളിലുള്ളത്.

രാജ്യത്ത് മഹാരാഷ്ട്രയാണ് കൊവിഡ് രോ​ഗികൾ ഏറ്റവുമധികമുള്ള സംസ്ഥാനം. 2,30,599 കൊവിഡ് കേസുകളാണ് മഹാരാഷ്ട്രയിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 9667 പേർ കൊവിഡ് ബാധിച്ച് ഇവിടെ ഇതുവരെ മരിച്ചു. രോ​ഗികളുടെ എണ്ണത്തിൽ രണ്ടാം സ്ഥാനത്തുള്ള സംസ്ഥാനം തമിഴ്നാടാണ്. 126581 രോ​ഗബാധിതരാണ് തമിഴ്നാട്ടിലുള്ളത്. മൂന്നാം സ്ഥാനത്തുള്ളത് ദില്ലിയാണ്. 1,07,051 കൊവിഡ് കേസുകളാണ് ദില്ലിയിലുള്ളത്. 

അതിനിടെ, കർണാടകയിൽ സ്വകാര്യ ആശുപത്രികൾക്കും റെസിഡൻസ് അസോസിയേഷനുകൾക്കും കൊവിഡ് കെയർ സെന്റർ ഒരുക്കാൻ സർക്കാർ അനുമതി നൽകി. കാര്യമായ ലക്ഷണമില്ലാത്ത രോഗികളെ ഇവിടെ ചികിൽസിക്കാം. ഇതിനായി മാർഗനിർദേശം പുറത്തിറക്കി. നിലവിൽ സംസ്ഥാനത്തു കാര്യമായ രോഗ ലക്ഷണങ്ങൾ ഉള്ളവർക്ക് മാത്രമാണ് ആശുപത്രികളിൽ ചികിത്സ നൽകുന്നത്. 

കർണാടകയിൽ കഴിഞ്ഞ രണ്ടു ദിവസമായി പുതിയ രോ​ഗികളുടെ എണ്ണം രണ്ടായിരത്തിനും മേലെയാണ്. ഇന്നലെ മാത്രം 2313 കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. സംസ്ഥാനത്താകെ 33418 രോ​​ഗബാധിതരാണുള്ളത്. ഇന്നലെ 57 പേർ കൂടി മരിച്ചതോടെ മരണസംഖ്യ 543 ആയി. ബം​ഗളൂരു ന​ഗരത്തിൽ മാത്രം 29 പേർക്കാണ് കൊവിഡ് ബാധിച്ചത്. നിലവിൽ ചികിത്സയിലുള്ള രോ​ഗികളുടെ എണ്ണം 19,035 ആണ്.  18563 പേർ ആശുപത്രികളിൽ ചികിത്സയിലാണ്. ഇവരിൽ 475 പേർ ഐസിയുവിലാണ്.
 

Latest Videos
Follow Us:
Download App:
  • android
  • ios