കൊവിഡിൽ പകച്ച് രാജ്യം; 24 മണിക്കൂറിനിടെ 32,695 പേർക്ക് കൂടി രോഗം, മഹാരാഷ്ട്രയിൽ മരണം 10,000 കടന്നു
ഇത് വരെ 612814 രോഗമുക്തരായെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്ത് വിട്ട പട്ടികയിൽ പറയുന്നു നിലവിൽ 331146 പേരാണ് രാജ്യത്ത് വിവിധ സംസ്ഥാനങ്ങളിലായി ചികിത്സയിലുള്ളത്. രോഗമുക്തി നിരക്ക് അറുപത് ശതമാനത്തിന് മുകളിലാണെന്നത് മാത്രമാണ് ആശ്വാസം
ദില്ലി: രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണത്തിൽ വീണ്ടും വൻ വർധന. 24 മണിക്കൂറിനിടെ 32695 പേർക്കാണ് രാജ്യത്ത് രോഗം സ്ഥിരീകരിച്ചത്. ഇന്ന് വരെയുള്ള എറ്റവും ഉയർന്ന പ്രതിദിന വർധനവാണ് ഇത്. ഇതാദ്യമായാണ് പ്രതിദിന വർധന 30,000 കടക്കുന്നത്. ഇതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 968876 ആയി. 24 മണിക്കൂറിനിടെ 606 പേർ കൂടി വൈറസ് ബാധ മൂലം മരിച്ചു. ഇത് വരെ 24915 പേരാണ് രാജ്യത്ത് ഔദ്യോഗിക കണക്കനുസരിച്ച് കൊവിഡ് ബാധിച്ച് മരിച്ചത്.
രോഗബാധ എറ്റവും രൂക്ഷമായ മഹാരാഷ്ട്രയിൽ മരണം 10,000 കടന്നു. ഇത് വരെ 612814 രോഗമുക്തരായെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്ത് വിട്ട പട്ടികയിൽ പറയുന്നു നിലവിൽ 331146 പേരാണ് രാജ്യത്ത് വിവിധ സംസ്ഥാനങ്ങളിലായി ചികിത്സയിലുള്ളത്. രോഗമുക്തി നിരക്ക് അറുപത് ശതമാനത്തിന് മുകളിലാണെന്നത് മാത്രമാണ് ആശ്വാസം. 63.23 ശതമാനമാണ് ഇന്നത്തെ കണക്കുകളനുസരിച്ച് രോഗമുക്തി നിരക്ക്.
കൊവിഡ് വ്യാപന പശ്ചാത്തലത്തില്‍ ഡോക്ടര്‍മാര്‍ അതീവ ജാഗ്രത പാലിക്കണമെന്ന് ഐഎംഎ ഇന്നലെ മുന്നറിയിപ്പ് നൽകിയിരുന്നു. ഐഎംഎയുടെ കണക്കുകൾ പ്രകാരം രാജ്യത്ത് ഇതുവരെ 1302 ഡോക്ടർമാർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ 99 പേർ മരിച്ച സാഹചര്യത്തിലാണ് കർശന മുൻകരുതലിന് ഐഎംഎ റെഡ് അലർട്ട് നല്‍കിയിരിക്കുന്നത്.
രോഗവ്യാപന നിരക്ക് ഈ രീതിയിൽ തന്നെ മുന്നോട്ട് പോകുകയാണെങ്കിൽ നാളെയോ അതിനടുത്ത ദിവസമോ തന്നെ ആകെ രോഗികളുടെ എണ്ണം 10 ലക്ഷം കടക്കും.