വിവാഹ മോചനക്കേസ് നടന്നുകൊണ്ടിരിക്കെ മറ്റൊരു വിവാഹം; 'ബൈഗാമി ഗുരുതര കുറ്റം', യുവതിക്കും ഭർത്താവിനും ശിക്ഷ
ദമ്പതികളുടെ ആറുവയസ്സുള്ള കുട്ടിയെ പരിപാലിക്കുന്നതിനായി ഭർത്താവ് ആദ്യം ശിക്ഷ അനുഭവിക്കണമെന്നും കാലാവധി പൂർത്തിയാക്കിയ ശേഷം യുവതി കീഴടങ്ങണമെന്നും സുപ്രീം കോടതി ഉത്തരവിട്ടു.
ദില്ലി: വിവാഹ മോചനക്കേസ് നടന്നുകൊണ്ടിരിക്കെ മറ്റൊരു വിവാഹം കഴിച്ച യുവതിയെയും അവരുടെ രണ്ടാം ഭർത്താവിനെയും ശിക്ഷിച്ച് കോടതി. ആറ് മാസം തടവിനാണ് ഇരുവരെയും സുപ്രീം കോടതി ശിക്ഷിച്ചത്. വിവാഹമോചന നടപടികൾ കുടുംബ കോടതിയിൽ തുടരുന്നതിനിടെയാണ് യുവതി വീണ്ടും വിവാഹം കഴിച്ചത്. സി ടി രവികുമാറിൻ്റെയും പി വി സഞ്ജയ് കുമാറിൻ്റെയും നേതൃത്വത്തിലുള്ള സുപ്രീം കോടതി ബെഞ്ചാണ് ശിക്ഷിച്ചത്. ദ്വിഭാര്യത്വം (ബൈഗാമി) സമൂഹത്തെ ബാധിക്കുന്ന ഗുരുതരമായ കുറ്റമാണെന്നും പ്രതികളെ ചെറിയ ശിക്ഷ നൽകി വെറുതെ വിടുന്നത് നല്ലതല്ലെന്നും കോടതി വ്യക്തമാക്കി.
എന്നിരുന്നാലും, ദമ്പതികളുടെ ആറുവയസ്സുള്ള കുട്ടിയെ പരിപാലിക്കുന്നതിനായി ഭർത്താവ് ആദ്യം ശിക്ഷ അനുഭവിക്കണമെന്നും കാലാവധി പൂർത്തിയാക്കിയ ശേഷം യുവതി കീഴടങ്ങണമെന്നും സുപ്രീം കോടതി ഉത്തരവിട്ടു. പ്രത്യേക സാഹചര്യങ്ങളിലാണ് ഇത്തരമൊരു ഉത്തരവെന്നും ഇത് മാതൃകയായി കണക്കാക്കരുതെന്നും സുപ്രീം കോടതി പറഞ്ഞു.
Read More.... പോകരുതെന്ന് പറഞ്ഞിട്ടും വെള്ളച്ചാട്ടത്തിൽ കുളിക്കാനിറങ്ങി യുവാക്കൾ, അഴിച്ചുവെച്ച വസ്ത്രങ്ങളുമായി പൊലീസ് പോയി
നേരത്തെ, ദമ്പതികൾക്ക് ഒരു ദിവസം മാത്രം ശിക്ഷ വിധിച്ച മദ്രാസ് ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്ത് യുവതിയുടെ ആദ്യ ഭർത്താവ് സമർപ്പിച്ച ഹർജിയിലാണ് നടപടി. മദ്രാസ് ഹൈക്കോടതിയുടെ ശിക്ഷ അപര്യാപ്തമാണെന്ന് സുപ്രീം കോടതി പറഞ്ഞു.