കോണ്‍ഗ്രസ് എംപി രാജീവ് സാതവ് കൊവിഡ് ബാധിച്ച് മരിച്ചു
കോൺഗ്രസിന് മുൻനിര യോദ്ധാവും പ്രിയ സുഹൃത്തുമാണ് വിടവാങ്ങിയതെന്ന് കോണ്‍ഗ്രസ് നേതാവ് കെസി വേണുഗോപാല്‍ അനുശോചിച്ചു.
മുംബൈ: രാജ്യസഭ എംപിയും ഗുജറാത്തിന്‍റെ ചുമതലയുള്ള എഐസിസി ജനറല്‍സെക്രട്ടറിയുമായിരുന്ന രാജീവ് സതവ് അന്തരിച്ചു. 46 വയസായിരുന്നു. കൊവിഡാനന്തരം ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് പുനെയിലായിരുന്നു അന്ത്യം. രാജീവ് സതവിന്‍റെ നിര്യാണത്തില് പ്രധാനമന്ത്രിയും, സോണിയ ഗാന്ധിയുമടക്കം നിരവധി പ്രമുഖര്‍ അനുശോചിച്ചു.
സംസ്ഥാനങ്ങളിലെ കൊവിഡ് സാഹചര്യം വിലയിരുത്താന്‍ എഐസിസി കഴിഞ്ഞ 22 ന് വിളിച്ച വീഡിയോ കോണ്‍ഫറന്‍സാണ് രാജീവ് സതവ് പങ്കെടുത്ത അവസാന പരിപാടി. നേരിയ രോഗ ലക്ഷണങ്ങളോടെ വീട്ടില്‍ കഴിയുന്നതിനിടെ പങ്കെടുത്ത വിഡിയോ കോണ്‍ഫറന്‍സില്‍ ഗുജറത്തിലെ കൊവിഡ് സാഹചര്യം നിയന്ത്രിക്കുന്നതില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ കാര്യക്ഷമമായ ഇടപെടല്‍ നടത്തുന്നില്ലെന്ന് രാജീവ് സതവ് ആശങ്കപ്പെട്ടിരുന്നു.
പുനെയിലെ ജഹാംഗീര്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന രാജീവ് സതവിന് കഴിഞ്ഞ ഞായറാഴ്ചയോടെ കൊവിഡ് ഭേദമായിരുന്നു. എന്നാല്‍ തുടര്‍ന്ന് ന്യുമോണിയ ബാധിക്കുകയും ആരോഗ്യനില വഷളാകുകയും ചെയ്തു. വെന്‍റിലേറ്റര്‍ സഹായത്തോടെ ജീവന്‍ നിലനിര്‍ത്തിയിരുന്ന രാജീവ് സതവ് ഇന്ന് പുലര്‍ച്ചെ നാലരക്ക് മരിച്ചു. ഭാര്യയും രണ്ട് മക്കളുമുണ്ട്. രാഹുല്‍ഗാന്ധിയുടെ അടുപ്പക്കാരനായിരുന്ന രാജീവ് സതവ് യൂത്ത്കോണ്‍ഗ്രസ് അഖിലേന്ത്യ അധ്യക്ഷനായിരുന്നു.
2014ല്‍ മഹാരാഷ്ട്രയിലെ ഹിംഗോളിയില്‍ നിന്ന് ലോക്സസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹം സമാജികനെന്ന നിലയില്‍ മിന്നുന്ന പ്രകടനാണ് കാഴ്ച വച്ചത്. 205 ചര്‍ച്ചകളില്‍ പങ്കെടുത്ത് 1075 ചോദ്യങ്ങള്‍ ഉന്നയിച്ച സതവിന് ലോക് സഭയില‍്‍ 81 ശതമാനം ഹാജര്‍ ഉണ്ടായിരുന്നു. വീണ്ടും മത്സരിച്ചില്ലെങ്കിലും രാജ്യസഭ സീറ്റ് നല്‍കി സതവിനെ കോണ്‍ഗ്രസ് വീണ്ടും പാര്‍ലമെന്‍റിലെത്തിച്ചു
ചെറിയ പ്രായത്തിനുള്ളില്‍ സംഘടനയിലും അനിഷേധ്യ നേതാവായി. ഗുജറാത്തിന്‍റെ ചുമതല നല്‍കിയതിനൊപ്പം കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതിയിലെ സ്ഥിരം ക്ഷണിതാവ് കൂടിയായിരുന്നു രാജീവ് സതവ്. കഴിവുള്ള മികച്ച പാര്‍ലമെന്‍റേറിയനായിരുന്നു രാജീവ് സതവെന്ന് പ്രധാനമന്ത്രി അനുശോചിപ്പോള്‍ പാര്‍ട്ടിക്ക് തീരാനഷ്ടമെന്ന് സോണിയഗാന്ധിയും, രാഹുല്‍ഗാന്ധിയും അനുശോചന സന്ദേശത്തില്‍ പറഞ്ഞു.
കോൺഗ്രസിന് മുൻനിര യോദ്ധാവും പ്രിയ സുഹൃത്തുമാണ് വിടവാങ്ങിയതെന്ന് കോണ്‍ഗ്രസ് നേതാവ് കെസി വേണുഗോപാല്‍ അനുശോചിച്ചു. നികത്താനാവാത്ത നഷ്ടമാണ് രാജീവിന്‍റെ വിയോഗം. അദ്ദേഹത്തിന്റെ മായാത്ത അർപ്പണബോധവും ജനപ്രീതിയുമെല്ലാം പാർട്ടിക്ക് തീരാനഷ്ടമാണ്- കെസി വേണുഗോപാല്‍ ട്വിറ്ററില്‍ കുറിച്ചു.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona