മസ്ജിദിനുള്ളില്‍ കയറി ജയ് ശ്രീറാം വിളിച്ചത് മതവികാരം വ്രണപ്പെടുത്തിയതായി കണക്കാക്കാനാകില്ലെന്ന് കോടതി
മുസ്ലീം പള്ളിയിൽ 'ജയ് ശ്രീറാം' മുദ്രാവാക്യം വിളിച്ചതിന് ഐപിസി സെക്ഷൻ 295 എ പ്രകാരമാണ് പ്രതികൾക്കെതിരെ കേസെടുത്തിരിക്കുന്നത്.
ബെംഗളൂരു: മസ്ജിദിനുള്ളിൽ 'ജയ് ശ്രീറാം' മുദ്രാവാക്യം വിളിച്ചെന്നാരോപിച്ച് രണ്ട് പേർക്കെതിരെ പൊലീസ് നൽകിയ ക്രിമിനൽ കേസ് കർണാടക ഹൈക്കോടതി റദ്ദാക്കി. ജയ് ശ്രീറാം’ മുദ്രാവാക്യം മുഴക്കുന്നത് ഏത് സമുദായത്തിൻ്റെയും മതവികാരം വ്രണപ്പെടുത്തുമെന്ന് മനസ്സിലാകുന്നില്ലെന്നും കോടതി പറഞ്ഞു. പ്രതികൾ നൽകിയ അപ്പീൽ ഹർജി പരിഗണിച്ച ജസ്റ്റിസ് എം. നാഗപ്രസന്ന അധ്യക്ഷനായ സിംഗിൾ ഡിവിഷൻ ബെഞ്ചാണ് ഉത്തരവിട്ടത്. മുസ്ലീം പള്ളിയിൽ 'ജയ് ശ്രീറാം' മുദ്രാവാക്യം വിളിച്ചതിന് ഐപിസി സെക്ഷൻ 295 എ പ്രകാരമാണ് പ്രതികൾക്കെതിരെ കേസെടുത്തിരിക്കുന്നത്.
ഐപിസി സെക്ഷൻ 447, 505, 50, 34, 295 എ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്. ബന്ധപ്പെട്ട പ്രദേശത്ത് ഹിന്ദുക്കളും മുസ്ലീങ്ങളും സൗഹാർദ്ദത്തോടെയാണ് ജീവിക്കുന്നതെന്ന് കേസിലെ പരാതിക്കാരൻ തന്നെ പറഞ്ഞതായി ബെഞ്ച് ചൂണ്ടിക്കാട്ടി. ഹർജിക്കാർക്കെതിരായ തുടർ നടപടികൾക്ക് അനുമതി നൽകുന്നത് നിയമത്തിൻ്റെ ദുരുപയോഗമായി മാറുമെന്നും കോടതി നിരീക്ഷിച്ചു. 2023 സെപ്റ്റംബർ 24 ന് രാത്രി പ്രതികൾ പള്ളിക്കുള്ളിൽ കയറി 'ജയ് ശ്രീറാം' മുദ്രാവാക്യം വിളിക്കുകയായിരുന്നുവെന്നാണ് കേസ്.