91,000 രൂപ കൈക്കൂലി വാങ്ങവെ പിടിയിലായ ഉന്നത ഉദ്യോഗസ്ഥന്റെ വീട്ടിൽ നിന്ന് സിബിഐ കണ്ടെടുത്തത് രണ്ടര കോടിയോളം രൂപ
കൈക്കൂലി വാങ്ങിയ ഉദ്യോഗസ്ഥന് പുറമെ ഇയാൾക്ക് പണം നൽകിയ വ്യവസായിയും അയാളുടെ പിതാവും ഇടനിലക്കാരനും മറ്റ് രണ്ട് സ്ഥാപനങ്ങളുടെ ഉടമകളായ വ്യവസായികളുമൊക്കെ സിബിഐയുടെ കേസിൽ പ്രതികളായി.
ന്യൂഡൽഹി: കൈക്കൂലി കേസിൽ സിബിഐ അറസ്റ്റ് ചെയ്ത ഉന്നത ഉദ്യോഗസ്ഥന്റെ വീട്ടിൽ നിന്ന് 2.39 കോടി രൂപ കണ്ടെടുത്തതായി അധികൃതർ അറിയിചിച്ചു. ഡൽഹി പൊല്യൂഷൻ കൺട്രോൾ ബോർഡിലെ സീനിയർ എൺവയോൺമെന്റൽ എഞ്ചിനീയർ മുഹമ്മദ് ആരിഫിന്റെ വസതിയിലാണ് സിബിഐ ഉദ്യോഗസ്ഥർ പരിശോധന നടത്തിയത്. നേരത്തെ ഒരു വ്യവസായിയുടെ പക്കൽ നിന്ന് 91,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് ഇയാളെ സിബിഐ അറസ്റ്റ് ചെയ്തത്. പണം നൽകിയ ശരൺ സിങ് എന്നയാളെയും പിടികൂടിയിട്ടുണ്ട്.
അഴിമതിക്കേസിൽ മുഹമ്മദ് ആരിഫിനെതിരായ അന്വേഷണം തുടരുന്നതിനിടെയാണ് ഇയാളുടെ വീട്ടിൽ സിബിഐ പരിശോധന നടത്തിയത്. ശരൺ സിങിന്റെ പിതാവും ഒരു ഇടനിലക്കാരനും മറ്റ് രണ്ട് വ്യവസായികളും സിബിഐ രജിസ്റ്റർ ചെയ്ത കേസിലെ പ്രതികളാണ്. വൻ അഴിമതി ഇടപാട് നടക്കുന്നതായി സൂചന ലഭിച്ചതിനെ തുടർന്ന് സിബിഐ സംഘം കെണിയൊരുക്കിയാണ് കൈക്കൂലി കൈമാറുന്നതിനിടെ ഉദ്യോഗസ്ഥനെയും വ്യവസായിയെയും കൈയോടെ പിടികൂടിയത്.
വിവിധ സ്വകാര്യ കമ്പനികളുടെ പ്രതിനിധികളിൽ നിന്ന് കൈക്കൂലി വാങ്ങി ശേഷം മുഹമ്മദ് ആരിഫ് ഇവർക്ക് ഡൽഹി പൊല്യൂഷൻ കൺട്രോൾ ബോർഡിന്റെ അനുമതി പുതുക്കി നൽകയിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇതിന് ഇടനിലക്കാരനായ പ്രവർത്തിച്ചയാളെയും സിബിഐ കേസിൽ പ്രതിചേർത്തു. ഇയാളായിരുന്നു കൃത്യമായ ഇടവേളകളിൽ കമ്പനികളിൽ നിന്ന് പണം കൈപ്പറ്റി ഉദ്യോഗസ്ഥന് കൈമാറിയിരുന്നതെന്ന് സിബിഐ വക്താവ് പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം