10 പേരുടെ ഒഴിവിലേക്ക് ഇന്റ‍ർവ്യൂ, എത്തിയത് 1800 പേർ; ഹോട്ടലിന്റെ കൈവരി ത‍കർന്ന് നിരവധിപ്പേർ താഴെ വീണു

പത്ത് ഒഴിവുകളിലേക്ക് ഒരു സ്വകാര്യ കമ്പനി നടത്തിയ ഓപ്പൺ ഇന്റർവ്യൂവിലാണ് എല്ലാ പ്രതീക്ഷയും തെറ്റിച്ച് 1800ൽ അധികം ആളുകൾ എത്തിയത്. ഇതോടെ തിക്കും തിരക്കുമായി.

called candidates for 10 vacancies and more than 1800 young men arrived leading to collpase of railings

അഹ്മദാബാദ്: പത്ത് ഒഴിവുകളിലേക്ക് ഗുജറാത്തിലെ ഒരു സ്വകാര്യ കമ്പനി നടത്തിയ അഭിമുഖത്തിൽ പങ്കെടുക്കാനെത്തിയത് 1800ൽ അധികം പേർ. ഇന്റർവ്യൂ നടന്ന ഹോട്ടലിലുണ്ടായ തിക്കിലും തിരക്കിലും കൈവരി തകർന്ന് നിരവധിപ്പേർ താഴെ വീണു. ആർക്കും കാര്യമായ പരിക്കുകളില്ല. അതേസമയം സംസ്ഥാനത്തെ തൊഴിലില്ലായ്മയുടെ നേർചിത്രമാണ് ഇതെന്ന് കോൺഗ്രസ് ആരോപിച്ചു.

ജഗാഡിയയിലെ ഗുജറാത്ത് ഇൻഡസ്ട്രിയൽ ഡെവലപ്മെന്റ് കോർപറേഷൻ കോംപ്ലക്സിൽ പ്രവർത്തിക്കുന്ന സ്വകാര്യ എഞ്ചിനീയറിങ്  കമ്പനി തങ്ങളുടെ സ്ഥാപനത്തിലെ പത്ത് ഒഴിവുകളിലേക്കാണ് ഓപ്പൺ ഇന്റർവ്യൂ നടത്തിയത്. അങ്കലേശ്വറിലെ ലോർഡ്സ് പ്ലാസ ഹോട്ടലിലായിരുന്നു അഭിമുഖം നിശ്ചയിച്ചിരുന്നത്. കമ്പനി അധികൃതരുടെ പ്രതീക്ഷകളെല്ലാം തകിടം മറിച്ച് 1800ൽ അധികം പേരാണ് ജോലി തേടി എത്തിയത്. ഇത്രയും ഉദ്യോഗാർത്ഥികളെ ഉൾക്കൊള്ളാനുള്ള സ്ഥലം ഹോട്ടലിൽ ഉണ്ടായിരുന്നില്ല. ഇതോടെ തിക്കും തിരക്കുമായി.

നൂറു കണക്കിന് യുവാക്കൾ ഇന്റർവ്യൂ നടക്കുന്ന ഹോട്ടലിന്റെ പ്രവേശന കവാടത്തിലും പടിക്കെട്ടുകളിലും തിങ്ങിനിറ‌ഞ്ഞ് നിൽക്കുന്നത് പുറത്തുവന്ന വീഡിയോ ദൃശ്യങ്ങളിൽ കാണാം. അതിനേക്കാൾ അധികം പേർ നോക്കി നിൽക്കുകയും ചെയ്യുന്നു. വാതിലിന് പുറത്തെ തിരക്ക് ഏറി വന്നപ്പോൾ സമീപത്തെ കൈവരികളിൽ സമ്മർദമേറി. തകർന്ന് വീഴുന്നത് മനസിലാക്കി രണ്ട് പേ‍ർ ചാടി രക്ഷപ്പെട്ടു. നിരവധി പേർ കൈവരിയോടൊപ്പം താഴേക്ക് വീണു. എന്നാൽ നിലത്തു നിന്ന് അധികം ഉയരമില്ലാതിരുന്നതിനാൽ തന്നെ കാര്യമായ പരിക്കുകളുണ്ടായില്ല.

ബിജെപി കൊട്ടിഘോഷിക്കുന്ന ഗുജറാത്ത് മോഡൽ വികസനം സൃഷ്ടിച്ച തൊഴിലില്ലായ്മയുടെ നേർചിത്രമാണ് ഈ സംഭവത്തിൽ കാണുന്നതെന്ന് കോൺഗ്രസ് ആരോപിച്ചു. തൊഴിലില്ലായ്മയുടെ ഈ മാതൃകയാണ് ബിജെപി ഇപ്പോൾ രാജ്യമൊട്ടാകെ നടത്തുന്നതെന്നും കോൺഗ്രസ് നേതാക്കൾ പരിഹസിച്ചു. എന്നാൽ ഇന്റർവ്യൂ നടത്തിയ കമ്പനിയുടെ പ്രശ്നമാണെന്നാണ് ബിജെപി നേതാക്കളുടെ മറുപടി. പത്ത് ഒഴിവുകൾ മാത്രമുള്ള കമ്പനി ഓപ്പൺ ഇന്റ‍ർവ്യൂ നടത്തിയതാണ് പ്രശ്നങ്ങൾക്ക് കാരണമെന്നും ഇത്തരം സംഭവങ്ങൾ ആവർത്തിക്കാൻ അനുവദിക്കരുതെന്നും ബിജെപി നേതാക്കൾ ആവശ്യപ്പെടുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios