വീണ്ടും ബോംബ് ഭീഷണി, ആശുപത്രിയും സ്കൂളുകളും അടക്കമുള്ളവയ്ക്ക് പിന്നാലെ പുതിയ ഭീഷണി ദില്ലിയിലെ കോളേജുകൾക്ക്
ദില്ലിയിലെ കോളേജുകളിലാണ് ഇത്തവണ ബോംബ് ഭീഷണി ഉണ്ടായത്.
ഫയൽ ചിത്രം
ദില്ലി: വീണ്ടും ദില്ലിയില്‍ ബോംബ് ഭീഷണി. ദില്ലിയിലെ കോളേജുകളിലാണ് ഇത്തവണ ബോംബ് ഭീഷണി ഉണ്ടായത്. ലേഡി ശ്രീറാം കോളേജ്, ശ്രീ വെങ്കിടേശ്വര കോളേജ് എന്നിവിടങ്ങളിലാണ് ഭീഷണി. അഗ്നിശമനസേനയും പൊലീസും കോളേജുകളില്‍ എത്തി. സ്ഥലത്ത് പരിശോധന നടക്കുകയാണ്. ഇതുവരെ ഒന്നും കണ്ടെത്താനായില്ലെന്നാണ് വിവരം. നേരത്തെ ദില്ലി വിമാനത്താളത്തിലും , ആശുപത്രികളിലും , സെക്രട്ടറിയേറ്റിലെ നോർത്ത് ബ്ലോക്കിലും ബോംബ് ഭീഷണി ഉണ്ടായിരുന്നു.
തുടരെ തുടരെ ഉണ്ടാകുന്ന ബോംബ് ഭീഷണി സന്ദേശത്തില്‍ ആശങ്കയിലാണ് ദില്ലി. ദിവസങ്ങളായി പലയിടങ്ങളിലായി തുടരുന്ന ബോംബ് ഭീഷണി വലിയ തോതിലുള്ള ആശങ്കയാണ് ജനങ്ങള്‍ക്കിടയിലും സൃഷ്ടിക്കുന്നത്. നേരത്തെ നിരവധി ആശുപത്രികള്‍ക്ക് ഇ-മെയിലായി ബോംബ് ഭീഷണി സന്ദേശമെത്തിയിരുന്നു.
സന്ദേശം ലഭിച്ച ആശുപത്രികളിലെല്ലാം ശക്തമായ പരിശോധന നടന്നെങ്കിലും ഒന്നും കണ്ടെത്താനായില്ല. ദീപ് ചന്ദ് ബന്ധു, ജിടിബി, ദാദാ ദേവ്, ഹേഡ്ഗേവാർ ഉൾപ്പടെയുള്ള ആശുപത്രികൾക്കായിരുന്നു ഭീഷണി സന്ദേശം എത്തിയത്. ഇക്കഴിഞ്ഞ ഒന്നിന് ഇത്തരത്തില്‍ ദില്ലിയിലെ സ്വകാര്യ സ്കൂളുകള്‍ക്ക് നേരെ ബോംബ് ഭീഷണി വന്നത് വലിയ പരിഭ്രാന്തി സൃഷ്ടിച്ചിരുന്നു.
രാജ്യതലസ്ഥാനത്തെ നൂറിലേറെ സ്കൂളുകള്‍ക്ക് നേരെയായിരുന്നു ഭീഷണി. എന്നാല്‍ സന്ദേശം വ്യാജമായിരുന്നു എന്ന് പിന്നീട് കണ്ടെത്തി. ഇതിന് ശേഷം ഗുജറാത്ത്, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിലും ബോംബ് ഭീഷണി സന്ദേശം വന്നു. ഇവിടെയും സ്കൂളുകള്‍ക്ക് നേരെയാണ് ഭീഷണി വന്നത്. ഇതിന് ശേഷം വീണ്ടും ദില്ലിയില്‍ ഭീഷണി വന്നു. വിമാനത്താവളത്തിനും ഭീഷണിയുണ്ടായിരുന്നു.
ബെംഗളൂരുവിലെ 3 പഞ്ചനക്ഷത്ര ഹോട്ടലുകളിൽ ബോംബ് ഭീഷണി; പരിശോധന നടത്തി പൊലീസ്
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം