'മുഖ്യമന്ത്രിയുടെ ഓഫീസിൽ അതിക്രമിച്ച് കയറി'; സ്വാതി മലിവാളിനെതിരെ പരാതി നൽകി ബിഭവ് കുമാർ
തലമുടി ചുരുട്ടിപിടിച്ച് ഇടിച്ചെന്നും മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന്‍റെ വസതിയിലെ മുറിയിലൂടെ വലിച്ചിഴച്ചെന്നുമായിരുന്നു സ്വാതി മലിവാള്‍ എംപിയുടെ മൊഴി.
ദില്ലി: എഎപി എംപി സ്വാതി മലിവാളിനെതിരെ പരാതി നൽകി ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ പിഎ ബിഭവ് കുമാർ. മുഖ്യമന്ത്രിയുടെ ഓഫീസിൽ അതിക്രമിച്ച് കയറിയെന്നാണ് സ്വാതിക്കെതിരെയുള്ള ബിഭവ് കുമാറിന്റെ പരാതി. മുഖ്യമന്ത്രിയുടെ സ്റ്റാഫിനെ ഭീഷണിപ്പെടുത്തിയെന്നും പരാതിയിലുണ്ട്. കെജ്രിവാളിന്റെ സ്റ്റാഫംഗം ആക്രമിച്ചു എന്ന് സ്വാതി മലിവാൾ പരാതി നൽകിയിരുന്നു. തലമുടി ചുരുട്ടിപിടിച്ച് ഇടിച്ചെന്നും മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന്‍റെ വസതിയിലെ മുറിയിലൂടെ വലിച്ചിഴച്ചെന്നുമായിരുന്നു സ്വാതി മലിവാള്‍ എംപിയുടെ മൊഴി. സ്വാതിയെ കെജ്രിവാളിന്‍റെ വസതിയിലെത്തിച്ച് പോലീസ് ഇന്ന് തെളിവെടുത്തിരുന്നു. അതേ സമയം കെജ്രിവാളിന്‍റെ പിഎയെ അറസ്റ്റ് ചെയ്യാന്‍ നീക്കം നടക്കുമ്പോള്‍ സ്വാതിയുടെ വാദങ്ങള്‍ പൊളിക്കാന്‍ ആംആദ്മി പാര്‍ട്ടി ഹിന്ദി വാര്‍ത്താ ചാനല്‍ പുറത്തു വിട്ട ദൃശ്യങ്ങള്‍ പങ്കുവച്ചിരുന്നു.
ഏഴ് തവണ കെജരിവാളിന്‍റെ പിഎ ബിഭവ് കുമാര്‍ സ്വാതി മലിവാളിന്‍റെ കരണത്തടിച്ചു. നെഞ്ചിലും, ഇടുപ്പിലും, വയറ്റിലും ചവിട്ടി. കഴിഞ്ഞ തിങ്കളാഴ്ച രാത്രി ഒന്‍പത് മണിയോടെയാണ് അതിക്രൂരമായ മര്‍ദ്ദനം നടന്നതെന്നാണ് സ്വാതിയുടെ മൊഴിയിലുള്ളത്. തന്‍റെ കരച്ചില്‍ തൊട്ടടുത്ത മുറിയിലുള്ള കെജരിവാള്‍ കേട്ടിരിക്കാമെന്നും കെജരിവാളിന്‍റെ വസതിയുടെ മുറ്റത്തിരുന്ന് താന്‍ ഏറെ കരഞ്ഞെന്നും സ്വാതിയുടെ മൊഴിയിലുണ്ട്. പോലീസിനോട് പറഞ്ഞ കാര്യങ്ങള്‍ മജിസ്ട്രേറ്റിന് നല്‍കിയ മൊഴിയിലും സ്വാതി ആവര്‍ത്തിച്ചു. പരാതി പുറത്ത് വരാതിരിക്കാന്‍ വലിയ സമ്മര്‍ദ്ദമുണ്ടായെന്നും, കെജരിവാളിനെതിരെ കേസെടുക്കണമെന്നും ബിജെപി ആവശ്യപ്പെട്ടു.