വാട്സ്ആപ്പിൽ വരുന്ന എല്ലാ വിവാഹ ക്ഷണക്കത്തുകളും തുറക്കല്ലേ, പണി കിട്ടും; പുതിയൊരു തട്ടിപ്പിനെ കുറിച്ച് പൊലീസ്
പരിചയമില്ലാത്ത നമ്പറിൽ നിന്ന് വിവാഹ ക്ഷണക്കത്ത് എന്ന വ്യാജേന വാട്സ്ആപ്പിൽ സന്ദേശമെത്തുന്നതോടെയാണ് തട്ടിപ്പിന്‍റെ തുടക്കം. ജാഗ്രത വേണം.
ദില്ലി: വാട്സ്ആപ്പിൽ വിവാഹ ക്ഷണക്കത്ത് അയച്ച് നടത്തുന്ന പുതിയൊരു തട്ടിപ്പിനെ കുറിച്ച് മുന്നറിയിപ്പുമായി പൊലീസ്. ബന്ധുക്കളും പരിചയക്കാരുമെല്ലാം വിവാഹ കത്ത് വാട്സ്ആപ്പ് വഴി അയക്കുന്നത് ഇന്നത്തെ കാലത്ത് പതിവാണ്. എന്നാൽ വിവാഹ ക്ഷണക്കത്തെന്ന വ്യാജേനയെത്തുന്ന ചില ഫയലുകൾ തുറക്കുന്നതോടെ നിങ്ങളുടെ ഫോണിലെ വിവരങ്ങളെല്ലാം ചോർന്നേക്കാമെന്നും പണം തട്ടിയെടുക്കാനിടയുണ്ടെന്നും മുന്നറിയിപ്പ് നൽകുകയാണ് പൊലീസ്.
വാട്സ്ആപ്പ് വഴി എപികെ ഫയലുകളായി വ്യാജ വിവാഹ ക്ഷണക്കത്തുകൾ അയച്ചാണ് തട്ടിപ്പ്. ഇത്തരം ഫയലുകൾ ഡൌണ്‍ലോഡ് ചെയ്യുമ്പോൾ ഫോണിൽ പ്രവേശിക്കുന്ന മാൽവെയറുകൾ ഫോണിലെ സ്വകാര്യ വിവരങ്ങൾ ചോർത്തും. ഇതോടെ നമ്മളറിയാതെ സന്ദേശങ്ങൾ അയക്കാനും പണം ചോർത്താനും ഹാക്കർമാർക്ക് കഴിയും.
പരിചയമില്ലാത്ത നമ്പറിൽ നിന്ന് വിവാഹ ക്ഷണക്കത്ത് എന്ന വ്യാജേന വാട്സ്ആപ്പിൽ സന്ദേശമെത്തുന്നതോടെയാണ് തട്ടിപ്പിന്‍റെ തുടക്കം. പരിചയക്കാർ ആരെങ്കിലുമാവും എന്നു കരുതി സന്ദേശത്തോടൊപ്പമുള്ള വിവാഹ കത്ത് കാണാനായി ഫയൽ ഡൌണ്‍ലോഡ് ചെയ്യുന്നതോടെ ഫോണിന്‍റെ നിയന്ത്രണം തട്ടിപ്പുകാരുടെ കൈകളിലെത്തും. നമ്മുടെ കോണ്‍ടാക്റ്റ് ലിസ്റ്റിലെ വിവരങ്ങൾ ഉൾപ്പെടെ തട്ടിപ്പുകാരുടെ കൈകളിലെത്തുന്നതോടെ അവർക്ക് സന്ദേശങ്ങൾ അയക്കാനും പണം ആവശ്യപ്പെടാനും കഴിയും. മറ്റ് സ്വകാര്യ വിവരങ്ങൾ ദുരുപയോഗിച്ച് ബ്ലാക്ക് മെയിൽ ചെയ്യാനും സാധ്യതയുണ്ട്.
ഇത്തരം കേസുകൾ ശ്രദ്ധയിൽപ്പെട്ടതായി ഹിമാചൽ പ്രദേശിലെ സൈബർ ക്രൈം ഡിപ്പാർട്ട്‌മെന്‍റ് ഡിഐജി മോഹിത് ചൗള പറഞ്ഞു. അപരിചിതമായ നമ്പറുകളിൽ നിന്നുള്ള ഫയലുകൾ ക്ലിക്ക് ചെയ്യുമ്പോൾ സൂക്ഷിക്കണം. അത് അയച്ചത് ആരാണെന്ന് ഉറപ്പാക്കിയ ശേഷം മാത്രം ഫയൽ തുറക്കണമെന്ന് പൊലീസ് മുന്നറിയിപ്പ് നൽകുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം