ശ്രീരാമനവമിക്ക് ബെം​ഗളൂരുവിൽ കശാപ്പും ഇറച്ചി വിൽപനയും പാടില്ല; ഉത്തരവുമായി ബിബിഎംപി

ബിബിഎംപി അധികൃതരുടെ നിർദേശത്തെ തുടർന്ന്  ശ്രീരാമനവമി ദിനത്തിൽ അറവുശാലകൾ, കന്നുകാലി കശാപ്പ്, മാംസ വിൽപന എന്നിവ നിരോധിക്കുമെന്ന് മൃഗസംരക്ഷണ വകുപ്പ് ജോയിന്റ് ഡയറക്ടർ ഉത്തരവിൽ പറയുന്നു.

BBMP prohibits animal slaughter, meat sale on Sri Rama Navami

ബെംഗളൂരു: ശ്രീരാമനവമി ദിനത്തിൽ ബെം​ഗളൂരുവിൽ മൃഗങ്ങളെ കശാപ്പുചെയ്യുന്നതും മാംസം വിൽക്കുന്നതും നിരോധിച്ചു. ബെം​ഗളൂരു ബൃഹത് ന​ഗരെ പാലികെ (ബിബിഎംപി)യുടേതാണ് തീരുമാനം. ബിബിഎംപി അധികൃതരുടെ നിർദേശത്തെ തുടർന്ന്  ശ്രീരാമനവമി ദിനത്തിൽ അറവുശാലകൾ, കന്നുകാലി കശാപ്പ്, മാംസ വിൽപന എന്നിവ നിരോധിക്കുമെന്ന് മൃഗസംരക്ഷണ വകുപ്പ് ജോയിന്റ് ഡയറക്ടർ ഉത്തരവിൽ പറയുന്നു. ഞായറാഴ്ചയാണ് ശ്രീരാമ നവമി. ശ്രീരാമനവമി ദിനത്തിൽ മാത്രമല്ല, ഗാന്ധിജയന്തി, സർവോദയ ദിനം, മറ്റ് മതപരമായ ദിനങ്ങളിലും മാംസ വിൽപനയും കശാപ്പും നിരോധിച്ചിട്ടുണ്ടെന്ന് അധികൃതർ പറഞ്ഞു. സംസ്ഥാനത്ത് വർഷത്തിൽ എട്ടു ദിവസമെങ്കിലും മാംസവിൽപനക്കും കശാപ്പിനും നിരോധനമുണ്ടെന്നും അധികൃതർ വ്യക്തമാക്കി. 

നവരാത്രിയോടനുബന്ധിച്ച് സൗത്ത് ദില്ലിയിൽ മാംസ നിരോധനം; വിമർശനവുമായി മഹുവ മൊയിത്ര

 

ദില്ലി: നവരാത്രി ആഘോഷത്തോടനുബന്ധിച്ച് സൗത്ത് ദില്ലിയിൽ ഇറച്ചി വിൽക്കുന്ന കടകൾ നിരോധിച്ച സർക്കാർ തീരുമാനത്തിനെതിരെ തൃണമൂൽ കോൺ​ഗ്രസ് നേതാവും എംപിയുമായ മഹുവ മൊയിത്ര രം​ഗത്ത്. ഭരണഘടന പൗരന് ഉറപ്പ് നൽകുന്ന അവകാശം ഹനിക്കപ്പെട്ടെന്ന് അവർ ട്വീറ്റ് ചെയ്തു. ഭരണഘടന നൽകുന്ന അവകാശ പ്രകാരം എപ്പോൾ വേണമെങ്കിലും ഇറച്ചി കഴിക്കാം. അതുപോലെ തന്നെ ഇറച്ചി വിൽപന ശാല നടത്താനും ഭരണഘടന അവകാശം നൽകുന്നു. എന്നാൽ സർക്കാർ തീരുമാനത്തെ തുടർന്ന് ഇതെല്ലാം നിർത്തലാക്കിയിരിക്കുകയാണെന്നും മഹുവ ട്വീറ്റ് ചെയ്തു. 

തിങ്കളാഴ്ചയാണ് സൗത്ത് ഡൽഹി മേയർ മുകേഷ് സൂര്യൻ ന​ഗരസഭാ പരിധിയിലെ ഇറച്ചിക്കടകൾ നവരാത്രിയുടെ ഭാ​ഗമായി അടച്ചിടണമെന്ന് നിർദേശിച്ചത്. ഒമ്പത് ദിവസങ്ങളിൽ ഭക്തർ മാംസം, ഉള്ളി, വെളുത്തുള്ളി എന്നിവ കഴിക്കുന്നത് ഒഴിവാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പരാതികളെ തുടർന്നാണ് തീരുമാനമെന്നും ആരുടെയും സ്വാതന്ത്ര്യത്തെ ഹനിക്കുന്നതല്ലെന്നും അദ്ദേഹം വിശദീകരിച്ചു. 

 

വ്രതകാലത്ത് പൊതുസ്ഥലത്ത് വെള്ളം കുടിക്കുന്നത് നിരോധിച്ചിരിക്കുന്ന ഇസ്ലാമിക രാജ്യങ്ങളിലെ ഉത്തരവിന് സമാനമായി തീരുമാനത്തെ കണ്ടാൽ മതിയെന്നും മേയർ പറഞ്ഞു. ദില്ലിക്കാരുടെ വികാരം കണക്കിലെടുത്താണ് ഇത്തരമൊരു തീരുമാനമെടുത്തത്. തുറസ്സായ സ്ഥലത്ത് മാംസം മുറിക്കുന്നത് ചിലർക്ക് പ്രശ്നമാണ്. ഇത് ആരുടെയും വ്യക്തിസ്വാതന്ത്ര്യത്തിന്റെ ലംഘനമല്ലെന്നും മേയർ പറഞ്ഞു. ഒൻപത് ദിവസത്തെ ഉത്സവ വേളയിൽ ഇറച്ചിക്കടകൾ അടച്ചിടാൻ ഈസ്റ്റ് ഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ  മേയറും ഉത്തരവ് നൽകി. നിരോധനാജ്ഞയെത്തുടർന്ന് ദില്ലിയിലെ നിരവധി ഇറച്ചി കടകൾ അടച്ചുപൂട്ടി.

 

Latest Videos
Follow Us:
Download App:
  • android
  • ios