വിമാന സർവീസുകൾക്കെതിരായ ബോംബ് ഭീഷണി: കുറ്റക്കാരെ നോ ഫ്ലൈ ലിസ്റ്റിൽ ഉൾപ്പെടുത്താനൊരുങ്ങി വ്യോമയാന മന്ത്രാലയം
ഭീഷണി സന്ദേശം പോസ്റ്റ് ചെയ്തവരുടെ വിവരങ്ങൾ സമൂഹമാധ്യമ പ്ലാറ്റ്ഫോമുകളോട് പോലീസ് ആവശ്യപ്പെട്ടു
ദില്ലി: വിമാന സർവീസുകൾക്കെതിരായ വ്യാജ ബോംബ് ഭീഷണിയിൽ അന്വേഷണം ഊർജിതമാക്കി ദില്ലി പോലീസ്. ഭീഷണി സന്ദേശം പോസ്റ്റ് ചെയ്തവരുടെ വിവരങ്ങൾ സമൂഹമാധ്യമ പ്ലാറ്റ്ഫോമുകളോട് പോലീസ് ആവശ്യപ്പെട്ടു. കുറ്റക്കാരെ നോ ഫ്ലൈ ലിസ്റ്റിൽ ഉൾപ്പെടുത്തുന്നതടക്കം കർശന നടപടികൾക്ക് വ്യോമയാന മന്ത്രാലയം ഒരുങ്ങുകയാണ്.
ഒരാഴ്ചക്കിടെ രാജ്യത്തിനകത്തെയും പുറത്തെയും 70 വിമാന സർവീസുകൾക്കാണ് വ്യാജ ബോംബ് ഭീഷണി സന്ദേശം ലഭിച്ചത്. ഇന്നലെ മാത്രം 30 ഭീഷണി സന്ദേശങ്ങളാണ് വന്നത്. ഭൂരിഭാഗം സന്ദേശവും വന്നത് സമൂഹമാധ്യമ പ്ലാറ്റ് ഫോമുകളിലൂടെയാണ്. തിരിച്ചറിയാതിരിക്കാൻ വിപിഎന്നും, ഡാർക്ക് ബ്രൗസറുകളും ഉപയോഗിച്ചാണ് വ്യാജ സന്ദേശങ്ങൾ അയക്കുന്നതെന്നാണ് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയത്. തുടർന്നാണ് എക്സിൽ വ്യാജ ഭീഷണി സന്ദേശങ്ങൾ പോസ്റ്റ് ചെയ്തവരെ സംബന്ധിച്ച വിവരങ്ങൾ കൈമാറാൻ ദില്ലി പോലീസ് ആവശ്യപ്പെട്ടത്.
സന്ദേശങ്ങൾ പോസ്റ്റ് ചെയ്യുന്നവരുടെ ഹാന്‍ഡിലുകൾ റദ്ദാക്കാന് നേരത്തെ ആവശ്യപ്പെട്ടിരുന്നു. ദില്ലി പോലീസിന്റെ സൈബർ സെല്ലിനെയും, ഇന്റലിജൻസ് ഫ്യൂഷൻ ആന്ഡ് സ്ട്രാറ്റജിക് ഓപ്പറേഷൻ അഥവാ ഐഎഫ്എസ്ഒയെയും ഉൾപ്പെടുത്തി കേസന്വേഷിക്കുന്ന പ്രത്യേക സംഘം വിപുലപ്പെടുത്തിയിട്ടുണ്ട്. അതേസമയം വ്യാജ ഭീഷണി സന്ദേശങ്ങൾ തടയാൻ കർശന നടപടികൾക്കൊരുങ്ങുകയാണ് വ്യോമയാന മന്ത്രാലയം. ഇത്തരം സന്ദേശങ്ങൾ അയക്കുന്നവരുടെ വിമാന യാത്രകൾ തടയുന്നതിനായി നോ ഫ്ലൈ ലിസ്റ്റിൽ ഉൾപ്പെടുത്തുന്നതടക്കം പരിഗണനയിലാണ്. ആവർത്തിക്കുന്ന ഭീഷണി സന്ദേശങ്ങൾ വലിയ പ്രതിസന്ധിയായതിന് പിന്നാലെ വ്യോമയാന മന്ത്രാലയം വിമാന കമ്പനി സിഇഒമാരുടെ യോഗം കഴിഞ്ഞ ദിവസം വിളിച്ചിരുന്നു.