'ആകാശ' ഫ്ലൈറ്റിൽ കാലാവധി കഴിഞ്ഞ ഭക്ഷണം വിതരണം ചെയ്തെന്ന് പരാതി; പ്രതികരിച്ച് വിമാന കമ്പനി
ക്യുപി 1883 എന്ന വിമാനത്തിൽ വിതരണം ചെയ്ത ശീതളപാനീയത്തെ കുറിച്ചാണ് പരാതി. ഗൊരഖ്പൂരിൽ നിന്ന് ബെംഗളൂരുവിലേക്ക് പോകുകയായിരുന്ന വിമാനത്തിലാണ് സംഭവം.
ദില്ലി: ആകാശ ഫ്ലൈറ്റിൽ കാലാവധി കഴിഞ്ഞ ഭക്ഷണം വിതരണം ചെയ്തെന്ന് പരാതി. ഗൊരഖ്പൂരിൽ നിന്നും ബെംഗളൂരുവിലേക്ക് പോകുന്ന വിമാനത്തിലാണ് സംഭവം. യാത്രക്കാരന്‍റെ പരാതിയെ തുടർന്ന് വിമാന കമ്പനി അധികൃതർ ഖേദം പ്രകടിപ്പിച്ചു.
ക്യുപി 1883 എന്ന വിമാനത്തിൽ വിതരണം ചെയ്ത ശീതളപാനീയത്തെ കുറിച്ചാണ് പരാതി. ഗൊരഖ്പൂരിൽ നിന്ന് ബെംഗളൂരുവിലേക്ക് പോകുകയായിരുന്ന വിമാനത്തിലാണ് സംഭവം. യാത്രക്കാരൻ സോഷ്യൽ മീഡിയയിൽ ഇക്കാര്യം ഉന്നയിച്ചതോടെ ആകാശ എയർലൈൻസ് പ്രതികരിച്ചു. യാത്രക്കാരന്‍റെ ആശങ്ക അംഗീകരിക്കുന്നുവെന്ന് ആകാശ വ്യക്തമാക്കി.
പ്രാഥമിക അന്വേഷണത്തിൽ, കുറച്ച് യാത്രക്കാർക്ക് ഗുണനിലവാര മാനദണ്ഡങ്ങൾ പാലിക്കാത്ത ശീതളപാനീയം അശ്രദ്ധമായി നൽകിയതായി കണ്ടെത്തിയെന്ന് ആകാശ വിശദീകരിച്ചു. ഭാവിയിൽ ഇത്തരം സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ വിശദമായ അന്വേഷണം നടത്തും. യാത്രക്കാർക്കുണ്ടായ അസൗകര്യത്തിൽ ഖേദം പ്രകടിപ്പിക്കുന്നുവെന്നും എയർലൈൻ വ്യക്തമാക്കി.