മൈസുരുവിൽ മലിന ജലം കുടിച്ചതിന് പിന്നാലെ 20കാരൻ മരിച്ചു, നിരവധിപ്പേർ ചികിത്സയിൽ
സംഭവത്തിൽ ആശുപത്രിയിലുള്ളവർക്ക് ആവശ്യമായ ചികിത്സ ലഭ്യമാക്കുമെന്നും മറ്റ് വകുപ്പുകളോട് ആവശ്യമായ നടപടി സ്വീകരിക്കാൻ നിർദ്ദേശം നൽകുമെന്നും മുഖ്യമന്ത്രി സിദ്ധരാമയ്യ
മൈസുരു: കർണാടകയിലെ മൈസുരുവിൽ മലിന ജലം കുടിച്ചതിന് പിന്നാലെ ഒരാൾ മരിച്ചു. നിരവധിപ്പേർ മലിനജലം കുടിച്ചതിന് പിന്നാലെ രോഗബാധിതരായെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. നിരവധി പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായാണ് പൊലീസ് ചൊവ്വാഴ്ച വിശദമാക്കിയത്. സംഭവത്തിൽ ആശുപത്രിയിലുള്ളവർക്ക് ആവശ്യമായ ചികിത്സ ലഭ്യമാക്കുമെന്നും മറ്റ് വകുപ്പുകളോട് ആവശ്യമായ നടപടി സ്വീകരിക്കാൻ നിർദ്ദേശം നൽകുമെന്നും മുഖ്യമന്ത്രി സിദ്ധരാമയ്യ വിശദമാക്കി.
പൊലീസ് പുറത്ത് വിട്ട വിവരങ്ങളുടെ അടിസ്ഥാനത്തിൽ കനകരാജ് എന്ന 20കാരനാണ് മരിച്ചത്. മൈസുരുവിലെ സലൂന്ദി സ്വദേശിയാണ് കനകരാജ്. തിങ്കളാഴ്ചയാണ് കനകരാജിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഛർദ്ദിലും വയറുവേദനയും അടക്കമുള്ള ലക്ഷണങ്ങളോടെയാണ് ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് ഇയാൾ മരിച്ചത്. നിരവധിപ്പേരാണ് സമാന ലക്ഷണങ്ങളുമായി ചികിത്സ തേടിയിരിക്കുന്നത്. ജലം മലിനമായതിന്റെ കാരണം കണ്ടെത്താനും പരിഹാരം കാണാനും മുഖ്യമന്ത്രി അധികൃതർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം