Asianet News MalayalamAsianet News Malayalam

പ്രചാരണ ​ഗാന വിവാദം: തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രവർത്തനം ബിജെപിക്ക് വേണ്ടി; വിമർശനവുമായി എഎപി

കമ്മീഷൻ്റെ പ്രവർത്തനം ബിജെപിക്ക് വേണ്ടിയാണെന്നും എഎപി  നൽകിയ നാല് പരാതികളിലും നടപടിയില്ലെന്നും പാർട്ടി ആരോപിച്ചു. 

AAP Campaign song controversy Election Commissions work for BJP AAP with criticism
Author
First Published May 1, 2024, 9:34 AM IST

ദില്ലി: പ്രചാരണ ഗാന വിവാദത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ആരോപണം കടുപ്പിച്ച് എഎപി. കമ്മീഷൻ്റെ പ്രവർത്തനം ബിജെപിക്ക് വേണ്ടിയാണെന്നും എഎപി  നൽകിയ നാല് പരാതികളിലും നടപടിയില്ലെന്നും പാർട്ടി ആരോപിച്ചു. ഇന്ത്യ സഖ്യത്തിനെ മോശമായി ചിത്രീകരിക്കുന്ന ബോർഡുകളിൽ കമ്മീഷൻ തീരുമാനം എടുക്കുന്നില്ലെന്ന് ആരോപിച്ച എഎപി കമ്മീഷൻ പക്ഷപാതപരമായി പ്രവർത്തിക്കുന്നുവെന്നും വിമർശിച്ചു. ആം ആദ്മി പാർട്ടി നേതാവ് സൗരഭ് ഭരദ്വാജ് ഈ വിഷയത്തിൽ ഇന്ന് മാധ്യമങ്ങളുമായി കൂടിക്കാഴ്ച നടത്തും. അതേ സമയം എഎപി ഭരണഘടന സ്ഥാപനങ്ങളെ വെല്ലുവിളിക്കുകയാണെന്ന് ബിജെപി കുറ്റപ്പെടുത്തി. 

ലോക്സഭ തെരഞ്ഞെടുപ്പ് പ്രചാരണഗാനത്തിൽ മാറ്റം വരുത്താനുള്ള തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദ്ദേശം എഎപി തള്ളിയിരുന്നു. ഗാനത്തിൽ മാറ്റം വരുത്താനാകില്ലെന്ന് എഎപി നേതാക്കൾ കമ്മീഷനെ അറിയിച്ചു. കമ്മീഷൻ ഉന്നയിച്ച എതിർപ്പിനോട് യോജിക്കാനാകില്ലെന്നും എഎപി നേതാക്കൾ പ്രതികരിച്ചു. കമ്മീഷൻ ഉന്നയിച്ച തരത്തിൽ ഒന്നും ഗാനത്തിൽ ഇല്ലെന്ന് എഎപി തെരഞ്ഞെടുപ്പ് കമ്മീഷന് നൽകിയ വിശദീകരണം. 

രണ്ട് മിനിറ്റിലധികം ദൈര്‍ഘ്യമുള്ള 'ജയില്‍ കാ ജവാബ് വോട്ട് സേ' എന്ന പ്രചാരണ ഗാനം ഇതിനോടകം സോഷ്യൽ മീഡിയയിൽ ഹിറ്റാണ്. കെജ്രിവാളിന്റെ അറസ്റ്റിനെതിരെ ഉയർന്ന വികാരം വോട്ടാക്കാനാണ് പ്രചാരണഗാനവും അതെ ആശയത്തിൽ പാർട്ടി പുറത്തിറക്കിയത്. പ്രചാരണഗാനം കേന്ദ്ര അന്വേഷണ ഏജൻസികൾക്കും പാർട്ടിക്കും തിരിച്ചടിയാണെന്ന് ആരോപിച്ച് ബിജെപി പരാതി നൽകിയതോടെയാണ് കമ്മീഷൻ ഗാനത്തിൽ മാറ്റത്തിന് നിർദ്ദേശിച്ചത്. 

1994ലെ കേബിള്‍ ടെലിവിഷന്‍ നെറ്റ്‍വർക്ക് നിയമങ്ങളുടെ ലംഘനമാണ് ഉള്ളടക്കം എന്നായിരുന്നു കമ്മീഷൻ നിലപാട്. ഇതു തള്ളിയ എഎപി മാറ്റം വരുത്താനാകില്ലെന്ന് കമ്മീഷനെ അറിയിച്ചു. മന്ത്രിമാരായ അതീഷി, സൗരഭ് ഭരത്വാജ് എന്നിവർ നേരിട്ട് കമ്മീഷൻ ആസ്ഥാനത്ത്  എത്തിയാണ് നിലപാട് അറിയിച്ചത്. ബിജെപി അനൂകൂല നിലപാടാണ് കമ്മീഷന്റെ എന്ന വാദവും പാർട്ടി ഉയർത്തുകയാണ്. ഗാനം പിൻവലിക്കില്ലെന്ന് എഎപി വ്യക്തമാക്കിയതോടെ നിരോധനത്തിലേക്ക് കമ്മീഷൻ നീങ്ങാനാണ് സാധ്യത.  


 

Follow Us:
Download App:
  • android
  • ios