ദില്ലിയില്‍ കൊവിഡിനെതിരായ ആന്‍റിബോഡി ശരീരത്തിലുള്ളവരുടെ എണ്ണം കൂടുന്നതായി ആരോഗ്യവകുപ്പ്
ദില്ലിയിലെ ആളുകളില്‍ ഏറിയ പങ്കും കൊവിഡിനെതിരായ പ്രതിരോധ ശേഷി ആര്‍ജ്ജിക്കുന്നതായാണ് സര്‍വ്വേയില്‍ വ്യക്തമായതെങ്കിലും ആളുകള്‍ പ്രതിരോധത്തില്‍ വിട്ടുവീഴ്ച ചെയ്യരുതെന്ന് ആരോഗ്യവകുപ്പ്
ദില്ലിയിലെ 56.13 ശതമാനം ആളുകളുടെ ശരീരത്തിലും കൊവിഡിനെതിരായ ആന്‍റി ബോഡികളുടെ സാന്നിധ്യമുള്ളതായി ദില്ലി ആരോഗ്യവകുപ്പ് മന്ത്രി. സെറോളജിക്കല്‍ സര്‍വ്വേയിലാണ് ഇക്കാര്യം വ്യക്തമായതെന്ന് ആരോഗ്യവകുപ്പ് മന്ത്രി സത്യേന്ദര്‍ ജെയിന്‍ ചൊവ്വാഴ്ച വിശദമാക്കി. ദില്ലിയിലെ ആളുകളില്‍ ഏറിയ പങ്കും കൊവിഡിനെതിരായ പ്രതിരോധ ശേഷി ആര്‍ജ്ജിക്കുന്നതായാണ് സര്‍വ്വേയില്‍ വ്യക്തമായതെങ്കിലും ആളുകള്‍ പ്രതിരോധത്തില്‍ വിട്ടുവീഴ്ച ചെയ്യരുതെന്നും സത്യേന്ദര്‍ ജെയിന്‍ വിശദമാക്കി.
പ്രതിരോധ ശക്തി ആര്‍ജ്ജിക്കുന്നതിലേക്ക് ചര്‍ച്ചകള്‍ തിരിയാതെ മുന്‍കരുതലുകള്‍ കൃത്യമായി തുടരണമെന്നാണ് മന്ത്രി വിശദമാക്കുന്നത്. മാസ്ക് ധരിക്കുന്നതും കൈകള്‍ സാനിറ്റൈസര്‍ ഉപയോഗിച്ച് ശുചിയാക്കുന്നതിലും വിട്ടുവീഴ്ചകള്‍ അരുതെന്നും മന്ത്രി പറഞ്ഞു. അഞ്ചാമത്തെ പ്രാവശ്യം നടന്ന സെറോ സര്‍വ്വേയാണ് ദില്ലിയിലെ ഏറ്റുമധികം ആളുകളെ ഉള്‍പ്പെടുത്തി നടന്നതെന്നാണ് മന്ത്രി വിശദമാക്കുന്നത്. 28000 സാംപിളുകളാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്. ജനുവരി 15 മുതല്‍ 23 വരെയാണ് സര്‍വ്വേ നടത്തിയത്. ദില്ലിയിലെ വടക്കന്‍ ജില്ലകളിലാണ് കൊവിഡ് വ്യാപനതോത് ഏറ്റവും കുറവുള്ളത്. തെക്കുകിഴക്കന്‍ മേഖലയിലാണ് ഏറ്റവുമധികം രോഗവ്യാപനം ഉള്ളതെന്നുമാണ് സര്‍വ്വേയില്‍ വ്യക്തമായത്.
ഇതിന് മുന്‍പ് നടന്ന സര്‍വ്വേയില്‍ ദില്ലി പ്രതിരോധ ശേഷി ആര്‍ജ്ജിക്കുന്ന നിലയിലാണെന്ന സൂചനകള്‍ ലഭിച്ചിരുന്നു. പുതിയ കൊവിഡ് രോഗികളുടെ എണ്ണത്തിലും കാര്യമായ കുറവ് രേഖപ്പെടുത്തിയിരുന്നു. 121 പുതിയ കൊവിഡ് കേസുകളാണ് തിങ്കളാഴ്ച ദില്ലിയില്‍ രേഖപ്പെടുത്തിയത്. ഇത് കഴിഞ്ഞ പത്തുമാസത്തെ ഏറ്റവും കുറഞ്ഞ നിലയാണ്. ദില്ലിയിലെ കൊവിഡ് രോഗികള്‍ക്കായുള്ള ആശുപത്രിയിലെ 6306 ബെഡുകളില്‍ 5682 എണ്ണവും ഒഴിഞ്ഞനിലയിലാണ്. ഞായറാഴ്ചത്തെ കണക്കുകള്‍ അനുസരിച്ച് 504 പേര്‍ മാത്രമാണ് വീടുകളില്‍ ഐസൊലോഷനില്‍ തുടരുന്നത്.