'പുത്തൻ ഐഫോൺ, എംബിഎ ഫീസ്', ഡിജിറ്റൽ അറസ്റ്റിൽ ഡോക്ടറിൽ നിന്ന് തട്ടിയത് 3.9കോടി, 26കാരൻ അറസ്റ്റിൽ
വനിത ഡോക്ടറിൽ നിന്ന് 3.9 കോടി കംബോഡിയൻ സംഘത്തിനായി തട്ടിയ യുവാവിന് ലക്ഷങ്ങളാണ് സംഘം പ്രതിഫലമായി നൽകിയത്. ഇതുപയോഗിച്ച് എംബിഎ ഫീസും ഏറ്റവും പുതിയ ഐഫോണും വാങ്ങിയ യുവാവിനെ വ്യാഴാഴ്ചയാണ് അറസ്റ്റ് ചെയ്തത്
കൊളാബ: അഹമ്മദാബാദ് സ്വദേശിയായ 55കാരനായ ഡോക്ടറെ ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പിൽ കുടുക്കി 26കാരൻ തട്ടിയത് 3.9 കോടി രൂപ. മുംബൈ സ്വദേശിയായ 26കാരനായ എംബിഎ വിദ്യാർത്ഥിയാണ് കംബോഡിയ ആസ്ഥാനമാക്കിയുള്ള സൈബർ കുറ്റവാളികൾക്കായി വൻ തട്ടിപ്പ് നടത്തിയത്. 10 ദിവസമാണ് 26കാരൻ 55കാരനായ ഡോക്ടറെ ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പിൽ പെടുത്തിയത്.
ഡോക്ടറുടെ പരാതിയിൽ മുബൈ കൊളാബ സ്വദേശിയായ 26കാരനെ വ്യാഴാഴ്ചയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. തട്ടിപ്പിലൂടെ നേടിയ കോടികൾ ഉപയോഗിച്ച് എംബിഎ ഫീസ് അടയ്ക്കുകയും ഏറ്റവും പുതിയ ഐഫോൺ വാങ്ങുകയുമാണ് യുവാവ് ചെയ്തതെന്നാണ് പൊലീസ് വിശദമാക്കുന്നത്. പണം കംബോഡിയയിലെ തട്ടിപ്പ് കേന്ദ്രത്തിലുള്ളവർക്ക് കൈമാറിയ ശേഷം തിരികെ വരുമ്പോഴാണ് യുവാവ് അറസ്റ്റിലാവുന്നത്. ചേതൻ ഗൺപത് ഖോക്ര എന്ന 26കാരന് കോടികളുടെ തട്ടിപ്പിന് പ്രതിഫലമായി പത്ത് ലക്ഷം രൂപയാണ് കംബോഡിയൻ സംഘം നൽകിയത്.
ഗുജറാത്തിൽ തനിച്ച് താമസിക്കുന്ന വനിതാ ഡോക്ടറെയാണ് യുവാവ് ഡിജിറ്റൽ അറസ്റ്റിലൂടെ കുടുക്കിയത്. ഫെഡ് എക്സ് ജീവനക്കാരൻ എന്ന പേരിലാണ് ഇവരുമായി 26കാരൻ ആദ്യം ബന്ധപ്പെടുന്നത്. ഇവരുടെ പേരിലെത്തിയ പാർസലിൽ 5 പാസ്പോർട്ടുകളും 2 ക്രെഡിറ്റ് കാർഡുകളും ലാപ്ടോപ്പും 5 കിലോ വസ്ത്രങ്ങളും 750 ഗ്രാം എംഡിഎംഎയും കണ്ടെത്തിയെന്നായിരുന്നു ഫെഡ് എക്സ് ജീവനക്കാരൻ എന്ന പേരിൽ 26കാരൻ പറഞ്ഞത്. പൊലീസ് ക്ലിയറൻസിനായി കോൾ മുംബൈ പൊലീസിന്റെ സൈബർ ക്രൈം വിഭാഗത്തിലേക്ക് കൈമാറുകയാണെന്നും യുവാവ് വിശദമാക്കി. ഇതിന് പിന്നാലെ പൊലീസ് വേഷത്തിലുള്ള തട്ടിപ്പ് സംഘം 55കാരിയെ ചോദ്യം ചെയ്തു. ഇതിന് പിന്നാലെ മുബൈ ക്രൈം ബ്രാഞ്ച് സംഘമെന്ന പേരിൽ മറ്റ് തട്ടിപ്പുകാർ ഇവരെ അറസ്റ്റ് ചെയ്തതായി വിശദമാക്കി. ഇതിന് ശേഷമാണ് 3.9 കോടി രൂപ ഇവർ വനിതാ ഡോക്ടറിൽ നിന്ന് തട്ടിയത്.
സമൂഹത്തിലെ മധ്യവർഗത്തിൽ നിന്ന് പെട്ടന്ന് പണക്കാരനാക്കാമെന്ന വാഗ്ദാനത്തിലാണ് തട്ടിപ്പ് സംഘം യുവാവിനെ കൂടെ കൂട്ടിയതെന്നാണ് പൊലീസ് വിശദമാക്കുന്നത്. മറ്റൊരു തട്ടിപ്പ് സംഘം തൊഴിൽ നൽകാമെന്ന രീതിയിൽ ബന്ധപ്പെട്ടതോടെ സൈബർ തട്ടിപ്പ് രീതികൾ പഠിക്കാനായി യുവാവ് സ്വയം കംബോഡിയയിലേക്ക് പോവുകയായിരുന്നുവെന്നാണ് പൊലീസ് വിശദമാക്കുന്നത്. ഇയാളുടെ അക്കൌണ്ടിൽ നിന്ന് അൻപത് ലക്ഷത്തിലേറെ രൂപയാണ് പൊലീസ് പിടിച്ചെടുത്തത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം