'മതവിശ്വാസം മറച്ചുവച്ച് തട്ടിക്കൂട്ട് വിവാഹം', ഉത്തർ പ്രദേശിൽ 25 വയസുകാരന് ജീവപര്യന്തം തടവും പിഴയും
നിർബന്ധിത മതപരിവർത്തനത്തിനെതിരായ നിയമം ഉത്തർ പ്രദേശിൽ നടപ്പിലാക്കി രണ്ട് മാസങ്ങൾക്ക് കഴിയുമ്പോഴാണ് ബറേലിയിലെ ഫാസ്റ്റ്ട്രാക്ക് കോടതിയുടെ ഉത്തരവ് എത്തുന്നത്.
ബറേലി: മതവിശ്വാസം മറച്ച് വച്ച് വിവാഹം. 25 വയസുള്ള യുവാവിന് ജീവപര്യന്തം തടവ് ശിക്ഷയും പിഴയും യുവാവിന്റെ പിതാവിനെ രണ്ട് വർഷം തടവും വിധിച്ച് കോടതി. ഉത്തർ പ്രദേശിലെ ബറേലിയിലാണ് സംഭവം. ഹിന്ദുവെന്ന വ്യാജേന 20 വയസ് പ്രായമുള്ള യുവതിയെ വിവാഹം ചെയ്ത് മതം മാറാൻ നിർബന്ധിച്ചതിനാണ് ശിക്ഷ. ജീവപര്യന്തം തടവിന് പുറമേ ഒരു ലക്ഷം രൂപ പിഴയും യുവാവ് ഒടുക്കണം. നിർബന്ധിത മതപരിവർത്തനത്തിനെതിരായ നിയമം ഉത്തർ പ്രദേശിൽ നടപ്പിലാക്കി രണ്ട് മാസങ്ങൾക്ക് കഴിയുമ്പോഴാണ് ബറേലിയിലെ ഫാസ്റ്റ്ട്രാക്ക് കോടതിയുടെ ഉത്തരവ് എത്തുന്നത്.
കംപ്യൂട്ടർ കോച്ചിംഗ് സെന്ററിൽ വച്ചാണ് യുവതിയെ യുവാവ് പരിചയപ്പെടുന്നത്. ആനന്ദ് കുമാർ എന്ന പേരിലായിരുന്നു ഇയാൾ യുവതിയെ പരിചയപ്പെട്ടത്. പഠനകാലത്ത് ഇരുവരും പ്രണയത്തിലായി. പിന്നീട് യുവതിയെ ബറേലിയിലെ ഒരു ഹോട്ടലിലെത്തിച്ച യുവാവ് 20കാരിയുമായി ശാരീരിക ബന്ധം പുലർത്തി. ഈ രംഗങ്ങൾ ഇയാൾ ഫോണിൽ ചിത്രീകരിക്കുകയും ചെയ്തു. പിന്നീട് യുവതിയെ ക്ഷേത്രത്തിലേക്ക് കൊണ്ടുപോയ യുവാവ് സിന്ദൂരം അണിയിച്ച് വിവാഹിതരായി.
എന്നാൽ പിന്നീടാണ് യുവാവിന്റെ ശരിയായ പേര് മുഹമ്മദ് ആലിം അഹമ്മദ് എന്നാണെന്ന് യുവതി മനസിലാക്കുന്നത്. വഞ്ചിക്കപ്പെട്ടുവെന്ന് മനസിലാക്കിയ ശേഷവും സംഭവിച്ച കാര്യങ്ങളെ പ്രതി യുവാവിനൊപ്പം തുടർന്ന 20കാരിയെ യുവാവിന്റെ വീട്ടുകാർ മതം മാറാനായി നിരന്തരം പ്രേരിപ്പിച്ചുവെന്നും. മുസ്ലിം ആചാര പ്രകാരം വിവാഹം ചെയ്യാൻ നിർബന്ധിച്ചുവെന്നുമാണ് 20കാരിയുടെ പരാതിയിൽ ആരോപിച്ചത്.
കോടതി വിധിയുടെ ഉത്തരവ് ഫാസ്റ്റ്ട്രാക്ക് കോടതി ജഡ്ജി രവി കുമാർ ദിവാകർ സംസ്ഥാന പൊലീസ് മേധാവിക്കും ചീഫ് സെക്രട്ടറിക്കും സീനിയർ പൊലീസ് സൂപ്രണ്ടിനും നൽകിയിട്ടുണ്ട്. രൂക്ഷമായ പരാമർശത്തോടെയാണ് വിധി പുറപ്പെടുവിച്ചിട്ടുള്ളത്. ആചാരങ്ങൾ പിന്തുടരാതെ 2022 മാർച്ച് 13 ന് ബറേലിയിലെ ക്ഷേത്രത്തിൽ വച്ച് നടന്ന വിവാഹത്തിന് സാധുത ഇല്ലെന്നും കോടതി വിശദമാക്കി. 2023 മെയ് മാസത്തിലാണ് പരാതിക്കാരി പൊലീസിനെ സമീപിക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം