'മൃതദേഹങ്ങൾ കുഴിച്ചിട്ടു'', നീലഗിരിയിൽ മാനസിക വെല്ലുവിളി നേരിടുന്നവരെ പാർപ്പിച്ചിരുന്നു കേന്ദ്രം സീൽ ചെയ്തു
സ്ഥാപനം നടത്തിയിരുന്ന മലയാളിയെ പൊലീസ് ചോദ്യം ചെയ്യുകയാണ്. പ്രദേശത്തെ ഒരു വൈദ്യൻ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് നടപടി. 20ഓളം മൃതദേഹങ്ങൾ സ്ഥാപനത്തിന്റെ പരിസരത്ത് കുഴിച്ചിട്ടതായാണ് പൊലീസിന് രഹസ്യ വിവരം ലഭിച്ചിട്ടുള്ളത്.
നീലഗിരി: തമിഴ്നാട്ടിലെ നീലഗിരിയിൽ മാനസിക വെല്ലുവിളി നേരിടുന്നവരെ പാർപ്പിച്ചിരുന്നു കേന്ദ്രം സീൽ ചെയ്ത് സർക്കാർ. മനുഷ്യാവകാശ ലംഘനം നടന്നതായുള്ള റിപ്പോർട്ടുകൾക്ക് പിന്നാലെയാണ് നടപടി. മാനസികാരോഗ്യ കേന്ദ്ര പരിസരത്ത് അനധികൃതമായി മൃതദേഹങ്ങൾ മറവ് ചെയ്തതായി കണ്ടെത്തിയെന്നാണ് ദേശീയമാധ്യമങ്ങളിലെ റിപ്പോർട്ടുകൾ. ലവ് ഷോർ എന്ന സ്ഥാപനമാണ് പൊലീസ് സീൽ ചെയ്തത്. ഇവിടെയുണ്ടായിരുന്ന 13 പേരെ കോയമ്പത്തൂരുള്ള ഒരു സ്ഥാപനത്തിലേക്ക് മാറ്റിയതായാണ് ദി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നത്.
സ്ഥാപനം നടത്തിയിരുന്ന മലയാളിയെ പൊലീസ് ചോദ്യം ചെയ്യുകയാണ്. പ്രദേശത്തെ ഒരു വൈദ്യൻ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് നടപടി. 20ഓളം മൃതദേഹങ്ങൾ സ്ഥാപനത്തിന്റെ പരിസരത്ത് കുഴിച്ചിട്ടതായാണ് പൊലീസിന് രഹസ്യ വിവരം ലഭിച്ചിട്ടുള്ളത്. നെല്ലിയാലം വിഎഒ ഷൺമുഖത്തിന്റെ പരാതിയിലാണ് അന്വേഷണം നടക്കുന്നത്. മൃതദേഹങ്ങൾ മറവ് ചെയ്തെന്ന് പറയുന്ന മേഖലയിൽ കുഴിച്ച് പരിശോധന ആരംഭിച്ചിട്ടില്ലെന്നാണ് പൊലീസ് വിശദമാക്കുന്നത്. എന്നാൽ സ്ഥാപനത്തിൽ നടത്തിയ പരിശോധനയിൽ ലൈസൻസ് ഇല്ലാതെയാണ് സ്ഥാപനം പ്രവർത്തിക്കുന്നതെന്ന് വ്യക്തമായിട്ടുണ്ട്. 18 വർഷങ്ങൾക്ക് മുൻപാണ് സ്ഥാപനത്തിന്റെ ലൈസൻസ് അവസാനമായി പുതുക്കിയത്.
കേരളത്തിൽ നിന്നുള്ളവരാണ് ഇവിടെ പാർപ്പിച്ചിരുന്നവരിൽ ഏറിയ പങ്കുമെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്. നാല് പേർ ചേർന്നുള്ള ട്രസ്റ്റിന് കീഴിലാണ് സ്ഥാപനം രജിസ്റ്റർ ചെയ്തിട്ടുള്ളത്. ശോചനീയമായ സാഹചര്യത്തിലാണ് സ്ഥാപനത്തിലുള്ളവരെ പാർപ്പിച്ചിരുന്നതെന്ന് വ്യക്തമായിട്ടുണ്ട്. ഇവിടെ പാർപ്പിച്ചിരുന്നവരുടെ ശരിയായ പേരുകളാണോ രേഖകളിലുള്ളതായി സംശയിക്കുന്നതെന്നുമാണ് പൊലീസ് ഇതിനോടകം വിശദമാക്കിയിട്ടുള്ളത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം