ഒറ്റയ്ക്കാണെന്ന് കരുതരുത്, തുറന്നു പറയാൻ മടിക്കരുത്; വിഷാദത്തെ അതിജീവിച്ചതിനെ കുറിച്ച് പ്രിയങ്ക
വിഷാദത്തെ മറികടക്കാൻ വേണ്ടി വന്നാൽ മറ്റുള്ളവരുടെ സഹായം തേടണമെന്നാണ് പ്രിയങ്ക പറയുന്നത്. രണ്‍വീര്‍ അലാബാദിയയുടെ 'ദ രണ്‍വീര്‍ ഷോ'യിലാണ് താരം വീണ്ടും മനസ് തുറന്നത്.
മാനസികാരോഗ്യത്തെക്കുറിച്ച് പല ചര്‍ച്ചകളും ഇന്ന് നടക്കുന്നുണ്ട്. സിനിമാതാരങ്ങളടക്കം പലരും തങ്ങളുടെ അനുഭവങ്ങള്‍ പൊതുസമൂഹത്തോട് തുറന്നുപറയാന്‍ ഇന്ന് തയ്യാറാകുന്നുമുണ്ട്. അക്കൂട്ടത്തില്‍ ഏറ്റവും ഒടുവില്‍ എത്തിയിരിക്കുന്നത് ബോളിവുഡ് നടി പ്രിയങ്ക ചോപ്രയാണ്.
വിഷാദത്തെ മറികടക്കാൻ വേണ്ടി വന്നാൽ മറ്റുള്ളവരുടെ സഹായം തേടണമെന്നാണ് പ്രിയങ്ക പറയുന്നത്. രണ്‍വീര്‍ അലാബാദിയയുടെ 'ദ രണ്‍വീര്‍ ഷോ'യിലാണ് താരം വീണ്ടും മനസ് തുറന്നത്.
'ജീവിതത്തിലെ പല ഘട്ടങ്ങളും ഞാന്‍ തരണം ചെയ്തിട്ടുണ്ട്. അതിലൊന്ന് അച്ഛന്റെ മരണമാണ്. ആ സമയം എങ്ങനെ കൈകാര്യം ചെയ്യണമെന്നുപോലും എനിക്ക് അറിയില്ലായിരുന്നു. എന്താണ് എനിക്കു തോന്നുന്നതെന്നും, ഞാനെങ്ങനെ ഇതെല്ലാം മറികടക്കുമെന്നും സ്വയം ചോദിച്ചുകൊണ്ടേയിരുന്നു. ആ വികാരങ്ങളെല്ലാം ഉൾക്കൊള്ളാനാണ് ഞാൻ അപ്പോൾ ശ്രമിച്ചത്. മനസ്സിൽ കുറ്റബോധം തോന്നാതിരിക്കാൻ അത് എന്നെ സഹായിച്ചു. സ്വയം സമാധാനം കണ്ടെത്താന്‍ ശ്രമിക്കുന്നതിനൊപ്പം നമ്മളെ അറിയുന്നവരുടെ സഹായം കൂടി തേടണം. ആ സമയത്ത് എനിക്കൊപ്പം ഉണ്ടായിരുന്ന സുഹൃത്തുക്കളെയാണ് ഞാൻ സമീപിച്ചത്.
എന്‍റെ ചുറ്റുമുള്ളവരിൽ നിന്നും സമൂഹമാധ്യമങ്ങളിൽ നിന്നും ഞാൻ അഭിപ്രായങ്ങള്‍ കണ്ടെത്തി തുടങ്ങി. പക്ഷേ, സമൂഹമാധ്യമങ്ങളെ എപ്പോഴും മുഖവിലയ്ക്കെടുക്കാനാകില്ല. സോഷ്യൽ മീഡിയ പലപ്പോഴും ആളുകളെ ഒരുമിച്ചു നിർത്തുമെങ്കിലും പലപ്പോഴും മാനസികമായി തളർത്തുന്നതിനു കാരണമാകാറുണ്ട്'- പ്രിയങ്ക പറയുന്നു.
മാനസികമായി തളരുമ്പോള്‍ സഹായത്തിന് ഒരു തെറാപ്പിസ്റ്റ് തന്നെ വേണമെന്നില്ലെന്നും സ്വന്തം അമ്മയോ, നല്ല സുഹൃത്തോ ആരെങ്കിലും മതിയെന്നും, അങ്ങനെ ഒരാളെ കണ്ടെത്താനും അവരുടെ സഹായം തേടാനും മടിക്കരുതെന്നും താരം കൂട്ടിച്ചേര്‍ത്തു.