Health Tips: ഇന്ത്യയിലെ പെൺകുട്ടികൾക്കിടയിൽ പുകവലി ഇരട്ടിയായി വർധിക്കുന്നു; അറിയാം പുകവലിയുടെ ആരോഗ്യപ്രശ്നങ്ങൾ
കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട ഏറ്റവും പുതിയ പുകയില നിയന്ത്രണ റിപ്പോർട്ടിലെ കണക്കുകൾ പ്രകാരം, രാജ്യത്തുടനീളം മൊത്തത്തിലുള്ള പുകയില ഉപഭോഗം കുറഞ്ഞുവെങ്കിലും, കൗമാരക്കാരായ പെൺകുട്ടികളിൽ പുകവലി ഇരട്ടിയിലധികം വർദ്ധിച്ചു.
ഇന്ത്യയിലെ കൗമാരക്കാരായ പെൺകുട്ടികൾക്കിടയിൽ പുകവലി ഇരട്ടിയായി വർധിക്കുന്നതായി റിപ്പോർട്ട്. കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട ഏറ്റവും പുതിയ പുകയില നിയന്ത്രണ റിപ്പോർട്ടിലെ കണക്കുകൾ പ്രകാരം, രാജ്യത്തുടനീളം മൊത്തത്തിലുള്ള പുകയില ഉപഭോഗം കുറഞ്ഞുവെങ്കിലും, കൗമാരക്കാരായ പെൺകുട്ടികളിൽ പുകവലി ഇരട്ടിയിലധികം വർദ്ധിച്ചു. പ്രായമായ സ്ത്രീകളിൽ പുകവലി കുറയുമ്പോഴും കൗമാരക്കാർക്കിടയിൽ പുകവലി വർദ്ധിക്കുന്നു എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇതുമൂലം ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാമെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.
പെൺകുട്ടികളിലെ പുകവലി 2009-നും 2019-നും ഇടയിൽ 3.8 ശതമാനം വർദ്ധിച്ച് 6.2 ശതമാനമായി ഉയർന്നു. താരതമ്യേന, ആൺകുട്ടികൾക്കിടയിലെ പുകവലി 2.3 ശതമാനം വർദ്ധിച്ചു. മുതിർന്നവരിൽ പുകവലി കുറയുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. പുരുഷന്മാരിൽ 2.2 ശതമാനവും സ്ത്രീകളിൽ 0.4 ശതമാനവും കുറയുന്നു. മാത്രമല്ല, പെൺകുട്ടികളിലെ പുകവലിയുടെ വ്യാപനം (2019 ൽ 6.2 ശതമാനം) സ്ത്രീകളേക്കാൾ (2017 ൽ 1.5 ശതമാനം) വളരെ കൂടുതലാണ്. അതായത് പുകവലി പുതിയ തലമുറയെ ആകർഷിക്കുന്നതായാണ് കാണിക്കുന്നത്. സ്ട്രസ്, ഉത്കണ്ഠ, കുടുംബ പ്രശ്നങ്ങള്‍, സമപ്രായക്കാരുടെ സ്വാധീനം തുടങ്ങിയവയൊക്കെയാണ് പെണ്‍കുട്ടികള്‍ക്കിടയില്‍ പുകവലി കൂടാന്‍ കാരണം.
പുകവലി മൂലമുള്ള ആരോഗ്യ അപകടങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം:
പുകവലി മൂലം ശ്വാസകോശ അർബുദം, ചുമ പോലെയുള്ള ശ്വാസകോശ സംബന്ധമായ മറ്റ് പ്രശ്നങ്ങള്‍, ഹൃദയാഘാതം, സ്ട്രോക്ക് തുടങ്ങിയ ആരോഗ്യ പ്രശ്നങ്ങൾക്കുള്ള സാധ്യത വർദ്ധിപ്പിക്കുന്നു. പുകവലിക്കാരിൽ സ്തനാർബുദം, തൊണ്ടയിലെ ക്യാനസര്‍, വയറിലെ ക്യാന്‍സര്‍ തുടങ്ങിയ പ്രശ്നങ്ങളും ഉണ്ടാകാം. അതുപോലെ വിഷാദം, ഉത്കണ്ഠ തുടങ്ങിയ മാനസിക പ്രശ്നങ്ങളും ഉണ്ടാകാം. പുകവലിക്കാരിൽ വായ്നാറ്റം, പല്ലുകളുടെ നിറം മങ്ങുക തുടങ്ങിയ പ്രശ്നങ്ങളും ഉണ്ടാകാം. ഇത് പുരുഷന്മാരിലും സ്ത്രീകളിലും പ്രത്യുൽപാദനക്ഷമതയെ ബാധിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. പുകവലി പ്രസവസമയത്ത് അമിത രക്തസ്രാവത്തിന് കാരണമാകും. പുകവലിക്കാത്ത സ്ത്രീകളെ അപേക്ഷിച്ച് പുകവലിക്കുന്ന സ്ത്രീകൾക്ക് 50 വയസ്സിന് മുമ്പ് ആർത്തവവിരാമം ഉണ്ടാകാനുള്ള സാധ്യത 43 ശതമാനം കൂടുതലാണെന്നും ഗവേഷണങ്ങൾ പറയുന്നു. പുകവലിക്കാരിൽ സ്തനാർബുദം മൂലമുള്ള മരണനിരക്ക് പുകവലിക്കാത്തവരേക്കാൾ ഉയർന്നതാണെന്നാണ് അമേരിക്കൻ ക്യാൻസർ സൊസൈറ്റിയുടെ പഠനം പറയുന്നത്.
പുകവലി എങ്ങനെ നിർത്താം?
- പുകവലിക്കുന്നതിന് പിന്നിലെ കാരണം കണ്ടെത്തി പരിഹരിക്കുക. ഇതു പരിഹരിച്ചാല്‍ തന്നെ നമുക്കുള്ളിലെ ആത്മവിശ്വാസം കൂടും.
- മിക്കവരും മാനസിക സമ്മര്‍ദ്ദത്തെ കുറയ്ക്കാനാണ് പുകവലി ശീലമാക്കുന്നത്. എന്നാല്‍ മാനസിക സമ്മര്‍ദ്ദത്തെ കുറയ്ക്കാന്‍ മറ്റു വഴികള്‍ തേടുന്നത് നല്ലതാണ്. യോഗ, വ്യായാമം തുടങ്ങിയവ മാനസിക സമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കും.
- പുകവലിക്കാന്‍ തോന്നുമ്പോള്‍ മറ്റെന്തെങ്കിലും വായിലിട്ട് ചവയ്ക്കുന്നത് പുകവലി നിയന്ത്രിക്കാന്‍ സഹായിക്കും. പുതിന, ഗ്രാമ്പു, ച്യൂയിംഗം എന്നിവയിലേതെങ്കിലും തിരഞ്ഞെടുക്കാം.
- പുകവലി ഉപേക്ഷിക്കാന്‍ നിങ്ങള്‍ക്കനുയോജ്യമായ വഴി എന്താണെന്ന് അറിയാന്‍ വിദഗ്ധരുടെ ഉപദേശം തേടുന്നതും നല്ലതാണ്. പുകവലി ഉപേക്ഷിക്കുമ്പോഴുണ്ടാകുന്ന വൈകാരികമാറ്റങ്ങള്‍ നിയന്ത്രിക്കാനും ഡോക്ടര്‍മാരുടെ സേവനം തേടുന്നതും നല്ലതാണ്.
Also read: വണ്ണം കുറയ്ക്കുകയല്ല, കൂട്ടുകയാണോ വേണ്ടത്? എങ്കില്‍ ഈ ഭക്ഷണങ്ങള്‍ കഴിച്ചുനോക്കൂ