ശ്വാസകോശാര്‍ബുദ സാധ്യത നേരത്തെ പ്രവചിക്കാന്‍ കഴിയുന്ന രക്തപരിശോധന വികസിപ്പിച്ച് ഗവേഷകര്‍
ശ്വാസകോശത്തില്‍ നിന്ന് മറ്റ് അവയവങ്ങളിലേയ്ക്ക് പടരും മുന്‍പ് രോഗം കണ്ടെത്തി ചികിത്സിച്ചാല്‍ അഞ്ച് വര്‍ഷ അതിജീവന നിരക്ക് 63 ശതമാനമാണ്. എന്നാല്‍ മറ്റ് അവയവങ്ങളിലേയ്ക്ക് ക്യാന്‍സര്‍ പടര്‍ന്നു കഴിഞ്ഞാല്‍ അഞ്ച് വര്‍ഷ അതിജീവന നിരക്ക് എട്ട് ശതമാനമായി കുറയും.
ഏറ്റവും അപകടകരമായ അര്‍ബുദങ്ങളിലൊന്നാണ് ലങ് ക്യാന്‍സര്‍ അഥവാ ശ്വാസകോശത്തെ ബാധിക്കുന്ന ക്യാന്‍സര്‍. വായു മലിനീകരണം, പുകയിലയുമായുള്ള സമ്പര്‍ക്കം തുടങ്ങി പല ഘടകങ്ങളും ശ്വാസകോശ അര്‍ബുദത്തെ സ്വാധീനക്കുന്ന ഘടകങ്ങളാണ്. ശ്വാസകോശാര്‍ബുദത്തിന്റെ ആദ്യ ഘട്ടത്തില്‍ ഒരിക്കലും ലക്ഷണങ്ങള്‍ ഒന്നും പ്രകടമാകണമെന്നില്ല. വിട്ടുമാറാത്ത ചുമ തന്നെയാണ് ശ്വാസകോശാര്‍ബുദത്തിന്റെ പ്രധാന ലക്ഷണം. ചുമയ്ക്കുമ്പോള്‍ രക്തം വരുക, ശ്വസിക്കുമ്പോള്‍ ശബ്ദം വരുക, ചെറുതായിട്ട് ഒന്ന് നടക്കുമ്പോള്‍ പോലും ഉണ്ടാകുന്ന കിതപ്പ്, ശബ്ദത്തിന് പെട്ടെന്ന് മാറ്റം വരുക തുടങ്ങിയവയൊക്കെ ശ്വാസകോശാര്‍ബുദത്തിന്‍റെ ലക്ഷണങ്ങളാകാം.
ശ്വാസകോശത്തില്‍ നിന്ന് മറ്റ് അവയവങ്ങളിലേയ്ക്ക് പടരും മുന്‍പ് രോഗം കണ്ടെത്തി ചികിത്സിച്ചാല്‍ അഞ്ച് വര്‍ഷ അതിജീവന നിരക്ക് 63 ശതമാനമാണ്. എന്നാല്‍ മറ്റ് അവയവങ്ങളിലേയ്ക്ക് ക്യാന്‍സര്‍ പടര്‍ന്നു കഴിഞ്ഞാല്‍ അഞ്ച് വര്‍ഷ അതിജീവന നിരക്ക് എട്ട് ശതമാനമായി കുറയും. ഇപ്പോഴിതാ ശ്വാസകോശാര്‍ബുദത്തിന്റെ സാധ്യത പ്രവചിക്കാന്‍ കഴിയുന്ന ലളിതമായ ഒരു രക്തപരിശോധന വികസിപ്പിച്ചിരിക്കുകയാണ് യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌സാസിലെ ഗവേഷകര്‍. രക്തത്തിലെ നാല് പ്രോട്ടീനുകളുടെ സാന്നിധ്യം പരിശോധിക്കുന്ന 4എംപി എന്ന ഈ രക്തപരിശോധനയെ കുറിച്ച് ജേണല്‍ ഓഫ് ക്ലിനിക്കല്‍ ഓങ്കോളജിയിലാണ് പ്രസിദ്ധീകരിച്ചത്.
പഠനത്തിന് വിധേയമായ 2,700-ലധികം ആളുകളിൽ 552 പേർക്ക് പിന്നീട് ശ്വാസകോശ അർബുദം സ്ഥിരീകരിച്ചു. ഇവരില്‍ 387 പേര്‍ (70 %) പഠന കാലയളവായ ആറു വര്‍ഷത്തില്‍ മരണപ്പെട്ടു. നിലവില്‍ 16 ശതമാനം ശ്വാസകോശാര്‍ബുദങ്ങള്‍ മാത്രമേ ആദ്യ ഘട്ടങ്ങളില്‍ നിര്‍ണയിക്കപ്പെടുന്നുള്ളൂ. ഈ നിരക്ക് ഉയര്‍ത്താനും നിരവധി രോഗികളുടെ ജീവന്‍ രക്ഷിക്കാനും പുതിയ രക്തപരിശോധന സഹായിക്കുമെന്നും ഗവേഷണത്തിന് നേതൃത്വം നല്‍കിയ ടെക്‌സാസ് സര്‍വകലാശാലയിലെ ഡോ. എഡ്വിന്‍ ഓസ്‌ട്രിന്‍ പറയുന്നു.
Also Read: ഏലയ്ക്ക കഴിക്കുന്നത് വണ്ണം കുറയ്ക്കാന്‍ സഹായിക്കുമോ?