ഒരു കുട്ടിയ്ക്ക്‌ സെറിബ്രല്‍ പാള്‍സി ബാധിച്ചിട്ടുണ്ടെങ്കിൽ എങ്ങനെ നേരത്തെ തിരിച്ചറിയാം?

രോഗാവസ്ഥയുടെ ലക്ഷണങ്ങള്‍ കണ്ട്‌ തുടങ്ങുമ്പോള്‍ തന്നെ ഏര്‍ളി സ്റ്റിമുലേഷന്‍, ഏര്‍ളി ഇന്റര്‍വെന്‍ഷന്‍ ട്രെയിനിങ്ങുകള്‍ തുടങ്ങേണ്ടത്‌ വളരെ അനിവാര്യമാണ്‌. ഒരു കുട്ടിയുടെ ശാരീരികവും , മാനസികവുമായ വളര്‍ച്ചയില്‍ മൂന്ന് വയസ്സ്‌ പ്രായം വരെയുള്ള കാലഘട്ടം വളരെയധിക പ്രാധാന്യം അര്‍ഹിക്കുന്നു. 

shani anaz write up of Cerebral palsy day

ലോകമെമ്പാടുമുള്ള 17 ദശലക്ഷത്തിലധികം ആളുകളെ  ബാധിച്ചിരിക്കുന്ന ഒരു അവസ്ഥയാണ് സെറിബ്രൽ പാൾസി (Cerebral palsy ) അഥവാ മസ്തിഷ്ക തളർവാതം. നമ്മുടെ സമൂഹത്തിൽ സെറിബ്രൽ പാൾസി അവസ്ഥയിലുള്ള കുഞ്ഞുങ്ങളുടെ  എണ്ണം ക്രമാതീതമായി വർദ്ധിച്ച്‌ വരുന്ന അവസ്ഥയിൽ ഇതിനെക്കുറിച്ച് അവബോധം സൃഷ്ടിക്കുകയും  സെറിബ്രൽ പാൾസി ബാധിതർ നേരിടുന്ന പ്രശ്നങ്ങളെ സമൂഹത്തിന്റെ മുന്നിൽ കൊണ്ട് വരിക എന്ന ഉദ്ദേശത്തോടും കൂടിയാണ് ലോക സെറിബ്രൽ പാൾസി ദിനം( world Cerebral palsy day) ലോകമെമ്പാടും ആചരിക്കപ്പെടുന്നത്.

ഇന്ത്യയിൽ ജനിക്കുന്ന കുട്ടികളിൽ 500-ൽ ഒരാൾക്ക്‌ എന്ന നിരക്കിൽ ഇത്തരം രോഗാവസ്ഥ കാണപ്പെടുന്നു എന്ന് കണക്കുകൾ കാണിക്കുന്നു. ആധുനിക വൈദ്യ ശാസ്ത്ര ശാഖകളിൽ പ്രധാനപ്പെട്ട ഒന്നായ ശിശുരോഗ വിഭാഗത്തെ സംബന്ധിച്ച്‌ ഇപ്പോഴും വെല്ലുവിളി ഉയർത്തുന്ന ഒരു അവസ്ഥയാണ്‌ ‘സെറിബ്രൽ പാൾസി’ എന്ന രോഗാവസ്ഥയും അതിന്റെ ചികിത്സയും.

ഒരു കുട്ടിയുടെ ജനനത്തിന്‌ മുമ്പോ, ജനന സമയത്തോ, ജനനശേഷമോ മസ്തിഷ്ക സംബന്ധമായ തകരാറുകളുടെ പൊതുരൂപമാണ്‌ സെറിബ്രൽ പാൾസി എന്ന അവസ്ഥ. ഇത്‌ ഒരു രോഗമല്ല. ഒരു അവസ്ഥയാണ്.   ഇത്തരം അവസ്ഥയിലുള്ള കുട്ടികളുടെ മസ്തിഷ്കത്തിലെ ചലനത്തെ നിയന്ത്രിക്കുന്ന ഭാഗങ്ങളിലാണ്‌ കൂടുതലായി ക്ഷതം അനുഭവപ്പെടുന്നത്‌.

പ്രധാന കാരണങ്ങൾ...

ഗർഭാവസ്ഥയിൽ അമ്മയ്ക്കുണ്ടാകുന്ന അണുബാധകൾ, വൈറസ്‌ രോഗങ്ങൾ, അമിത രക്തസമ്മർദ്ദം, പ്രമേഹം, കുട്ടിയുടെ മാസം തികയാതെയുള്ള പ്രസവം, കുഞ്ഞിന്റെ അമിത ഭാരക്കുറവ്‌, ഗർഭാവസ്ഥയിൽ കാണപ്പെടുന്ന രക്തത്തിലെ ഗ്ലൂക്കോസിന്റെ ക്രമരഹിതമായ വ്യതിയാനങ്ങൾ, ജനന സമയത്ത്‌ കുട്ടി കരയാൻ വൈകുന്നത്‌ മൂലം തലച്ചോറിലേേയ്ക്കുള്ള രക്തപ്രവാഹം തടസ്സപ്പെടൽ, ജനന സമയത്തുണ്ടാകുന്ന ശ്വാസ തടസ്സങ്ങൾ, മസ്തിഷ്ക സംബന്ധമായ മെനിഞ്ചൈറ്റിസ്‌ എങ്കഫലൈറ്റിസ്‌ പോലെയുള്ള അണുബാധകൾ, ജനന ശേഷം കുട്ടികൾക്കുണ്ടാകുന്ന അപകടങ്ങൾ, തലയിലെ മുറിവും രക്തസ്രാവവും, ജനനശേഷമുണ്ടാകുന്ന അപസ്മാരം എന്നിവയൊക്കെയും സെറിബ്രൽ പാൾസി എന്ന അവസ്ഥയ്ക്ക്‌ കാരണമായേക്കാം.

മേൽപ്പറഞ്ഞ കാരണങ്ങൾ ഒരു കുട്ടിയുടെ ജനനവുമായി ബന്ധപ്പെട്ട്‌ ഉണ്ടായിട്ടുണ്ടെങ്കിൽ ഇത്തരം കുട്ടികളുടെ വളർച്ചാഘട്ടങ്ങൾ ഒരു ശിശുരോഗ വിദഗ്ദ്ധന്റെ സാന്നിദ്ധ്യത്തിൽ സൂക്ഷ്മമായി നിരീക്ഷിക്കേണ്ടതും വളരെ നേരത്തെ തന്നെ രോഗനിർണ്ണയം നടത്തേണ്ടതുമാണ്‌.

രോഗനിർണ്ണയം നടത്തുന്നതിന്‌ ആവശ്യമായ വിശദമായ ജനനചരിത്രം, ശാരീരിക പരിശോധനകൾ, രക്തപരിശോധനകൾ, ഇ.ഇ.ജി, സിടി, എം.ആർ.ഐ, കേൾവി , കാഴ്ച്ച സംബന്ധമായ പരിശോധനകൾ എന്നിവ നടത്തേണ്ടത്‌ അനിവാര്യമാണ്‌.

ഒരു കുട്ടിയ്ക്ക്‌ സെറിബ്രൽ പാൾസി ബാധിച്ചു എന്ന് നമുക്ക്‌ എങ്ങനെ നേരത്തെ തിരിച്ചറിയാം?

മുലപ്പാൽ വലിച്ച്‌ കുടിക്കുന്നതിനു പ്രയാസം അനുഭവപ്പെടുക, കുട്ടിയുടെ നിർത്താതെയുള്ള കരച്ചിൽ, ശരീരത്തിന്റെ ബലക്കുറവ്‌ അല്ലെങ്കിൽ അനിയന്ത്രിതമായ ബലക്കൂടുതൽ അനുഭവപ്പെടുക, രണ്ട്‌ മാസം പ്രായം ആയ കുഞ്ഞ്‌ മുഖത്ത്‌ നോക്കി പുഞ്ചിരിക്കാതിരിക്കുകയോ, നമ്മുടെ കണ്ണുകളിലേയ്ക്ക്‌ നോക്കാൻ കഴിയാതിരിക്കുകയോ ചെയ്യുക, നാല്‌ മാസം പ്രായം ആയിട്ടും കഴുത്ത്‌ ഉറയ്ക്കാതിരിക്കുക, ശരീരത്തിന്റെ ഒരു ഭാഗമോ അവയവമോ മാത്രം ഉപയോഗിക്കുക, ശബദം കേൾക്കുമ്പോൾ ശ്രദ്ധിക്കാതിരിക്കുക എന്നിവയോ വളർന്ന് തുടങ്ങുമ്പോൾ അതാത്‌ സമയങ്ങളിൽ, കുട്ടിയുടെ തല ഉറയ്ക്കുക, കമിഴ്ന്ന് വീഴുക, നീന്തുക, ഇരിക്കുക, നിൽക്കുക, നടക്കുക തുടങ്ങിയ കുട്ടികളുടെ വളർച്ചയുടെ വിവിധ നാഴികക്കല്ല്ലുകൾ കൈവരിക്കാൻ കുട്ടിയ്ക്ക്‌ സാധിക്കാതിരിക്കുകയോ ചെയ്താൽ കുട്ടിയ്ക്ക്‌ സെറിബ്രൽ പാൾസി എന്ന അവസ്ഥയുടെ ലക്ഷണങ്ങളുണ്ട്‌ എന്ന് അനുമാനിക്കാം.

തലച്ചോറിന്‌ സംഭവിച്ച ക്ഷതത്തിന്റെ തീവ്രത അനുസരിച്ച്‌ കുട്ടികളിൽ ചലനപരമായ പ്രശ്നങ്ങൾക്ക്‌ പുറമെ, സംസാരശേഷിക്കുറവ്‌, കാഴ്ച്ചക്കുറവ്‌, കേൾവിക്കുറവ്‌, ഇടവിട്ട അപസ്മാര സാധ്യത, ബുദ്ധി മാന്ദ്യത, വൈകാരിക പ്രശ്നങ്ങൾ തുടങ്ങിയ മറ്റ്‌ അനുബന്ധ പ്രശ്നങ്ങളും കൂടി ഉണ്ടാവുന്നതായി കാണാൻ കഴിയും.

രോഗ ചികിത്സ...

ഇത്തരം രോഗാവസ്ഥകളുടെ ചികിത്സാ വിജയം, ഒരു വിദഗ്ദ്ധ ചികിത്സാ കൂട്ടായ്മയെ ആശ്രയിച്ചിരിക്കുന്നു. മരുന്ന് കൊണ്ട്‌ ഇത്തരം രോഗാവസ്ഥകൾക്ക്‌ സാരമായ മാറ്റം വരുത്താൻ സാദ്ധ്യമല്ല. എത്രയും നേരത്തെയുള്ള വിദഗ്ദ്ധരുടെ ഇടപെടലുകൾ കുട്ടിയെ വളരെ നേരത്തെ കഴിയുന്നത്ര സ്വയം പര്യാപ്തനാക്കാൻ സഹായിക്കുന്നു. ഈ കുട്ടികളുടെ ചികിത്സയ്ക്ക്‌ ഒരു വിദഗ്ദ്ധ പുനരധിവാസ സംഘത്തിന്റെ സഹായം ആവശ്യമാണ്‌. 

ശിശുരോഗ വിദഗ്ദ്ധൻ, പീഡിയാട്രിക്‌ ന്യൂറോളജിസ്റ്റ്‌, ഏർളി ഡവലപ്പെമെന്റൽ തെറാപ്പിസ്റ്റ്‌, പീഡിയാട്രിക്‌ ഫിസിയോതെറാപ്പിസ്റ്റ്‌, ഒക്കുപ്പേഷണൽ തെറാപ്പിസ്റ്റ്‌, സ്പീച്ച് ലാംഗ്വേജ് തെറാപ്പിസ്റ്,സൈക്കോ ബിഹേവിയറൽ തെറാപ്പിസ്റ്റ്‌. സ്പെഷ്യൽ ടീച്ചേർസ്‌, സോഷ്യൽ വർക്കർ എന്നിവരടങ്ങുന്ന വിദഗ്ദ്ധ സംഘം കുട്ടിയെ പരിശോധിച്ച്‌ വിലയിരുത്തിയതിന്‌ ശേഷമാണ്‌ ചികിത്സ നിർണ്ണയിക്കുന്നത്‌.

പലപ്പോഴും ഇത്തരം കുട്ടികൾക്കുണ്ടാകുന്ന അവസ്ഥകളുടെ ശാസ്ത്രീയമായ കാരണങ്ങളെക്കുറിച്ചോ അവയ്ക്കുള്ള ആധുനിക ചികിത്സാ പ്രതിവിധികളെക്കുറിച്ചോ, അവ നൽകാൻ കഴിവുള്ള ചികിത്സകരെക്കുറിച്ചോ, അവരുടെ യോഗ്യതകളെക്കുറിച്ചോ സമൂഹത്തിൽ പല മാതാപിതാക്കൾക്കും തികഞ്ഞ അജ്ഞതയാണ്‌ ഇന്നുള്ളത്‌. ഇത്തരം മാതാപിതാക്കൾ ഈ അറിവില്ലായ്മ മൂലം അശാസ്ത്രീയവും, വ്യാജവുമായ പല ചികിത്സകൾക്കും പിന്നാലെ പോവുകയും, ചതിക്കുഴികളിൽ വീണ്‌ തട്ടിപ്പുകൾക്കും സാമ്പത്തിക ചൂഷണത്തിനും ഇരയാവുകയും ചെയ്യുന്നത്‌ പതിവായിരിക്കുന്നു.

ചികിത്സ എപ്പോൾ തുടങ്ങണം, എത്ര നാൾ വേണ്ടി വരും?

രോഗാവസ്ഥയുടെ ലക്ഷണങ്ങൾ കണ്ട്‌ തുടങ്ങുമ്പോൾ തന്നെ ഏർളി സ്റ്റിമുലേഷൻ, ഏർളി ഇന്റർവെൻഷൻ ട്രെയിനിങ്ങുകൾ തുടങ്ങേണ്ടത്‌ വളരെ അനിവാര്യമാണ്‌. ഒരു കുട്ടിയുടെ ശാരീരികവും , മാനസികവുമായ വളർച്ചയിൽ മൂന്ന് വയസ്സ്‌ പ്രായം വരെയുള്ള കാലഘട്ടം വളരെയധിക പ്രാധാന്യം അർഹിക്കുന്നു. 

തലച്ചോറിന്റെ വളർച്ച ഇക്കാലത്താണ്‌ കാര്യമായി സംഭവിക്കുന്നത് ഇത്തരം കുട്ടികൾക്ക്‌ വളരെ നേരത്തെ തന്നെ പുനരധിവാസ ചികിത്സകളായ, ഫിസിയോതെറാപ്പി , സ്പീച്ച്‌ തെറാപ്പി, ഒക്കുപേഷണൽ തെറാപ്പി, ബിഹേവിയറൽ ട്രെയിനിംഗ്‌, സ്പെഷ്യൽ ആൻഡ്‌ റെമെഡിയൽ എജ്യുക്കേഷൻ എന്നിവ സംയുക്തമായി കൃത്യമായ  അസ്സസ്സമെന്റ്കളിലൂടെ കുട്ടിയുടെ പ്രശ്നങ്ങൾ മനസ്സിലാക്കുകയും, അതാതു ഡെവലപ്പ്മെന്റുകൾക്ക് ആവശ്യമായ ചികിത്സകൾ കൃത്യമായി  നൽകുകയാണെങ്കിൽ കുട്ടിയുടെ സമഗ്രമായ ഡെവലപ്പ്‌മെന്റിന്‌ ഇത്‌ സഹായമാവുകയും അവരെ കഴിയുന്നത്ര നേരത്തെ തന്നെ സ്വയം പര്യാപ്തതയിൽ എത്തിക്കാനും കഴിയും എന്നുള്ളതിൽ കഴിഞ്ഞ 9  വർഷമായി ഏർലി ഇന്റർവെൻഷൻ ചികിത്സയിലൂടെ 200-ലധികം  സെറിബ്രൽ പാൾസി   കുട്ടികളുടെ ചലന ശേഷി വീണ്ടെടുക്കാൻ സഹായിക്കുകയും  അവരെ സാധാരണ സ്കൂളിൽ അയയ്ക്കാനും   സാധിച്ച അൽഫപീഡിയാട്രിക് റിഹാബിലിറ്റേഷൻ സെന്റർ തങ്ങളുടെ അനുഭവത്തിൽ നിന്ന് ഉറപ്പ്‌ നൽകുന്നു.

സെറിബ്രൽ പാൾസി ബാധിതരായ 75% കുട്ടികൾക്കും ബുദ്ധിപരമായ കഴിവുകൾ ഉള്ളവരും സാധാരണ സ്കൂളിൽ പഠിക്കാൻ കഴിവുള്ളവരുമാണ് ഇത്തരം കുട്ടികളെ കൂടി ഉൾപെടുത്തുന്ന ഒരു ഉൾച്ചേരൽ   വിദ്യാഭ്യാസ സമ്പ്രദായം  (Inclusive Education System)സുഗമമാക്കുന്ന തരത്തിലുള്ള ഒരു സാഹചര്യം എല്ലാ സ്കൂളിലും  നൽകുകയും, സർക്കാറുകളും, ആരോഗ്യ വിഭാഗവും വേണ്ട പിന്തുണയും നൽകുകയും ചെയ്താൽ പ്രത്യേക പരിഗണന അർഹിക്കേണ്ട സെറിബ്രൽ പാൾസി പോലെയുള്ള രോഗാവസ്ഥകളെ തരണം ചെയ്യാൻ ഇത്‌ ബാധിച്ച കുട്ടികൾക്കും, അവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്കെത്തിക്കുവാൻ അവരുടെ മാതാപിതാക്കൾക്കും കഴിയും.
ഈ ഒരു സമൂല മാറ്റത്തിനായുള്ള ഉദ്ബോധനമാവട്ടെ ഓരോ ലോക സെറിബ്രൽ പാൾസി ദിനങ്ങളും 

 എഴുതിയത്:
ഷാനി അനസ്, 
ചൈൽഡ് ഡവലപ്പ്‌മെന്റ് റിഹാബിലിറ്റേഷൻ സ്‌പെഷ്യലിസ്റ്റ്,
ഡയറക്ടർ, അൽഫ പീഡിയാട്രിക് റിഹാബിലിറ്റേഷൻ സെന്ററർ,
എറണാകുളം.

Latest Videos
Follow Us:
Download App:
  • android
  • ios