'സെക്സിനായി ശ്രമിക്കും, നടന്നില്ലെങ്കിൽ അടിച്ചു പൂസാവും'; ഈച്ചകളുടെ വിചിത്രമായ പ്രേമാന്വേഷണ പരീക്ഷണങ്ങൾ ഇങ്ങനെ
രണ്ടാമത്തെ പെട്ടിയിലെ ആൺ ഈച്ചകൾ രതിക്കുവേണ്ടി പെൺ ഈച്ചകളെ സമീപിച്ചപ്പോൾ, നേരത്തെ ബന്ധപ്പെട്ടിരുന്നു എന്നതുകൊണ്ട് അവർ തിരസ്കരിക്കപ്പെടുന്നു.
മസ്തിഷ്കത്തെ രതിമൂർച്ഛയെപ്പോലെ തന്നെ ഉത്തേജിപ്പിക്കാനും ചാരിതാർഥ്യം പകരാനുമുള്ള സിദ്ധി മദ്യത്തിനുമുണ്ട് എന്ന് തെളിയിക്കുന്ന പഠനങ്ങളുമായി കാലിഫോർണിയ സർവകലാശാലയിലെ ഗവേഷകർ. 'സയൻസ്' മാസികയിൽ പ്രസിദ്ധീകരിച്ച, സാൻഫ്രാൻസിസ്കോ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ഒരു കൂട്ടം ഗവേഷകർ, 'ന്യൂറോ പെപ്റ്റൈഡ് F' ബ്രെയിൻ കെമിക്കലിനു മേൽ നടത്തിയ മാസങ്ങളോളം നീണ്ട ഗവേഷണങ്ങളുടെ ഫലമാണ് ഈ ലേഖനത്തിലൂടെ അവർ പുറത്തുവിട്ടിരിക്കുന്നത്. മനുഷ്യ മസ്തിഷ്കത്തിലും സമാനമായ, 'ന്യൂറോ പെപ്റ്റൈഡ് Y' എന്ന കെമിക്കൽ ഉള്ളതിനാൽ, മദ്യത്തിന് മനുഷ്യരിലും സമാനമായ പ്രതികരണങ്ങൾ ഉളവാക്കാൻ സാധിച്ചേക്കുമെന്നാണ് അവർ പറയുന്നത്.
ഈ ന്യൂറോ കെമിക്കലും മദ്യവും തമ്മിലുള്ള ബന്ധം മുമ്പ് എലികളിൽ നടന്ന പരീക്ഷണങ്ങളിലും തെളിയിക്കപ്പെട്ടിട്ടുള്ളതാണ്. ലൈംഗികനിർവൃതി തേടിയുള്ള പോക്കിന്റെ വിജയപരാജയങ്ങൾക്കും, തുടർന്നുള്ള ഈച്ചകളുടെ സാമൂഹിക പെരുമാറ്റ രീതികൾക്കും തമ്മിലുള്ള ബന്ധമാണ് ഈ പഠനത്തിലൂടെ ശാസ്ത്രജ്ഞർ പഠന വിധേയമാക്കിയത് എന്ന് പഠനത്തിന്റെ മുഖ്യ ലേഖകനായ ഡോ. ഷൊഹത്ത് ഓഫീർ ബിബിസി ന്യൂസിനോട് പറഞ്ഞു. ചില ലഹരി പദാർത്ഥങ്ങൾ മസ്തിഷ്കത്തിന്റെ ഈ രതിനിർവൃതീയാനങ്ങളുടെ മാർഗത്തെ ഹൈജാക്ക് ചെയ്യുന്നു എന്നും സാമൂഹികമായ ഇടപെടലുകളിൽ ചാരിതാർഥ്യം നേടാൻ മൃഗങ്ങളെ സഹായിക്കുന്ന മസ്തിഷ്കത്തിന്റെ സങ്കീർണമായ രാസപ്രക്രിയയുടെ ചുരുളുകൾ നിവർത്തലാണ് തങ്ങളുടെ പഠനത്തിന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
സർവകലാശാലയിലെ ലബോറട്ടറിയിൽ നടത്തിയ പരീക്ഷണത്തിൽ, ഒരു പെട്ടിയിൽ പഴങ്ങളിൽ വിഹരിക്കുന്ന ആൺ ഈച്ചകളെ അഞ്ചു വിർജിൻ ഈച്ചകളോടൊപ്പം ഇട്ടുവെച്ചു. രണ്ടാമതൊരു പെട്ടിയിൽ ആൺ ഈച്ചകളെ അതിനകം ഇണചേർന്നു കഴിഞ്ഞിരുന്ന ഈച്ചകളോടൊപ്പവും അടച്ചു. ആദ്യത്തെ പെട്ടിയിൽ അടച്ചിരുന്ന ആൺ പെൺ ഈച്ചകൾ തമ്മിൽ ബന്ധപ്പെട്ടപ്പോൾ, രണ്ടാമത്തെ പെട്ടിയിലെ ആൺ ഈച്ചകൾ രതിക്കുവേണ്ടി പെൺ ഈച്ചകളെ സമീപിച്ചപ്പോൾ, നേരത്തെ ബന്ധപ്പെട്ടിരുന്നു എന്നതുകൊണ്ട് അവർ തിരസ്കരിക്കപ്പെടുന്നു. ഈ ആൺ ഈച്ചകൾക്ക് പിന്നീട 15 ശതമാനം സാന്ദ്രതയുള്ള ആൽക്കഹോൾ കഴിക്കാൻ കൊടുത്തപ്പോൾ, പെൺ ഈച്ചകളുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട ആൺ ഈച്ചകൾ അത് കഴിക്കാൻ താത്പര്യം കാണിച്ചില്ല. പെൺ ഈച്ചകളാൽ തിരസ്കരിക്കപ്പെട്ട ആൺ ഈച്ചകളാവട്ടെ ആൽക്കഹോൾ കഴിച്ച് മത്തു പിടിക്കുകയും ചെയ്തു. ഈ രണ്ടു പെരുമാറ്റങ്ങൾക്കും പിന്നിൽ പ്രവർത്തിച്ചത് 'ന്യൂറോ പെപ്റ്റൈഡ് F 'ആണ് എന്നാണ് ഗവേഷകർ പറയുന്നത്.
മദ്യം അകത്താക്കിയ ഈച്ചകളിൽ 'ന്യൂറോ പെപ്റ്റൈഡ് F'ന്റെ അളവ് കുറഞ്ഞിരുന്നു എന്നും, മദ്യപിക്കാതിരുന്ന ഈച്ചകളിൽ അത് കൂടി ഇരുന്നു എന്നും പഠനങ്ങളിൽ തെളിഞ്ഞു. ഈ ഒരു സാമൂഹിക പെരുമാറ്റത്തിന്റെ 'മോളിക്കുലാർ സിഗ്നേച്ചർ' ഈ ന്യൂറോ പെപ്റ്റൈഡ് ആണ് എന്ന് ഗവേഷകർ അനുമാനിക്കുന്നു. ഈ ഒരു ന്യൂറോ പെപ്റ്റൈഡ് തന്നെ ആണ് ഈ പെരുമാറ്റത്തിന് കാരണം എന്ന് ഉറപ്പിക്കാൻ വേണ്ടി ഈ ഈച്ചകളുടെ തലച്ചോറിൽ എന്തുമാത്രം ന്യൂറോ പെപ്റ്റൈഡ് ഉണ്ടെന്നും ഗവേഷകർ അളന്നു. കുറഞ്ഞ അളവിൽ ന്യൂറോ പെപ്റ്റൈഡ് തലച്ചോറിൽ ഉണ്ടായിരുന്ന ഈച്ചകൾ തിരസ്കരിക്കപ്പെട്ടവരെപോലെ പെരുമാറിയപ്പോൾ, അളവ് കൂടി ഇരുന്ന ഈച്ചകൾ പെൺ ഈച്ചകളുമായി ബന്ധപ്പെട്ട ശേഷമുള്ളതിനു സമാനമായ രീതിയിലാണ് പെരുമാറിക്കണ്ടത്.
തലച്ചോറിൽ ഈ ന്യൂറോ പെപ്റ്റൈഡിന്റെ അളവിൽ ഉണ്ടാവുന്ന കുറവാണ്, അതിനെ തുടർന്നുണ്ടാവുന്ന വിചിത്രമായ പെരുമാറ്റത്തിനും, തുടർന്ന് മസ്തിഷ്കത്തിനുണ്ടാവുന്ന നിർവൃതി കിട്ടിയതിനു സമാനമായ രാസനിലയ്ക്കും കാരണമാവുന്നത് എന്നും ശാസ്ത്രജ്ഞർ അനുമാനിക്കുന്നു. ഇപ്പോൾ കണ്ടെത്തപ്പെട്ടത് ഈച്ചകളിലെ പെരുമാറ്റ രീതി മാത്രമാണ് എന്നും, മനുഷ്യരിൽ അത് സ്ഥിരീകരിക്കണമെങ്കിൽ തുടർ പഠനങ്ങൾ നടത്തപ്പെടേണ്ടതുണ്ട് എന്നും ഗവേഷകർ പറയുന്നു.