Asianet News MalayalamAsianet News Malayalam

ഒക്ടോബര്‍ 21ന് മന്ത്രി പ്രഖ്യാപിക്കും; ചൈല്‍ഡ് ഡെവലപ്‌മെന്റ് സെന്ററിനെ യൂണിസെഫ് നോളജ് പാര്‍ട്ണറാക്കുന്നു

ഒക്‌ടോബര്‍ 21 തിങ്കളാഴ്ച രാവിലെ 9 മണിക്ക് സിഡിസിയെ യൂണിസെഫ് നോളജ് പാര്‍ട്ണറാക്കുന്ന പ്രഖ്യാപനവും ദേശീയ സമ്മേളനത്തിന്റെ ഉദ്ഘാടനവും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കുമെന്നും
Neurodevelopmental Disorders Child Development Center Becomes UNICEF Knowledge Partner
Author
First Published Oct 20, 2024, 6:57 PM IST | Last Updated Oct 20, 2024, 6:57 PM IST

തിരുവനന്തപുരം: ചൈല്‍ഡ് ഡെവലപ്‌മെന്റ് സെന്ററിനെ (സിഡിസി) യൂണിസെഫ് ന്യൂറോ ഡെവലപ്‌മെന്റല്‍ ഡിസോര്‍ഡര്‍ രോഗങ്ങളുടെ നോളജ് പാര്‍ട്ണറാക്കുന്നുവെന്ന് ആരോഗ്യ വകുപ്പ്. മെഡിക്കല്‍ കോളേജ് സിഡിസിയില്‍ നടക്കുന്ന ദ്വിദിന ദേശീയ സെമിനാറിനോടനുബന്ധിച്ച് ഒക്‌ടോബര്‍ 21 തിങ്കളാഴ്ച രാവിലെ 9 മണിക്ക് സിഡിസിയെ യൂണിസെഫ് നോളജ് പാര്‍ട്ണറാക്കുന്ന പ്രഖ്യാപനവും ദേശീയ സമ്മേളനത്തിന്റെ ഉദ്ഘാടനവും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കുമെന്നും ആരോഗ്യ വകുപ്പ് വര്‍ത്താക്കുറിപ്പിൽ അറിയിച്ചു. യൂണിസെഫ് ചീഫ് ഓഫ് ഹെല്‍ത്ത് ഡോ. വിവേക് വീരേന്ദ്ര സിംഗ് മുഖ്യ പ്രഭാഷണം നടത്തും.

സിഡിസിയുടെ പുരോഗതിയ്ക്കായി നടത്തുന്ന ഇടപെടലുകള്‍ക്കുള്ള അംഗീകാരമാണിതെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. അപൂര്‍വ രോഗങ്ങളുടെ സെന്റര്‍ ഓഫ് എക്‌സലന്‍സായി എസ്.എ.ടി. ആശുപത്രിയെ തെരഞ്ഞെടുത്തപ്പോള്‍ അപൂര്‍വ രോഗങ്ങളുടെ നിര്‍ണയത്തിനായി സിഡിസി ലാബിനെയാണ് തിരഞ്ഞെടുത്തത്. സിഡിസിയുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി അടുത്തിടെ 2.73 കോടി രൂപയുടെ ഭരണാനുമതി നല്‍കിയിരുന്നു. സിഡിസിയിലെ ജെനറ്റിക് ആന്റ് മെറ്റബോളിക് ലാബിന് എന്‍.എ.ബി.എല്‍ അംഗീകാരവും ലഭിച്ചു. 'കുട്ടിക്കാലത്തെ വെല്ലുവിളികള്‍ കുറയ്ക്കുക' എന്ന ലക്ഷ്യത്തോടെ വലിയ പ്രവര്‍ത്തനങ്ങളാണ് സിഡിസി നടത്തി വരുന്നത്. ഗര്‍ഭാവസ്ഥയില്‍ തന്നെ കുട്ടികളിലെ വൈകല്യങ്ങള്‍ കണ്ടെത്തി വിദഗ്ധ ചികിത്സ ലഭ്യമാക്കുന്നതിന്റെ ഭാഗമായി ആംനിയോസെന്റസിസ് 2023 മുതല്‍ സിഡിസിയില്‍ ആരംഭിച്ചു. ആധുനിക ചികിത്സാ മാര്‍ഗങ്ങള്‍ ഉപയോഗിച്ച് ഗര്‍ഭിണികളില്‍ പരിശോധന നടത്തി വൈകല്യങ്ങള്‍ നേരത്തെ തന്നെ കണ്ടുപിടിക്കുന്നതിലൂടെ ആവശ്യമായ ചികിത്സാ മാര്‍ഗങ്ങള്‍ ഇവര്‍ക്ക് ലഭ്യമാക്കാന്‍ സാധിക്കുന്നതായും മന്ത്രി വ്യക്തമാക്കി.

കുട്ടികളിലെ വിവിധതരം ശാരീരിക, മാനസിക പ്രശ്‌നങ്ങള്‍ പരിഹരിച്ച് അവരെ മുഖ്യധാരയിലേക്ക് കൊണ്ടുവരാനും ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിനും സംരക്ഷിക്കുന്നതിനും പ്രഥമ പരിഗണന നല്‍കി പ്രവര്‍ത്തിച്ചു വരുന്ന സ്ഥാപനമാണ് സിഡിസി. ശിശു, കൗമാര പരിചരണം, വികസനം എന്നീ മേഖലകളില്‍ അത്യാധുനിക ക്ലിനിക്കല്‍, ഗവേഷണം, അധ്യാപന, പരിശീലന സേവനങ്ങള്‍ നല്‍കുന്നു. സിഡിസിയിലെ 15 സ്‌പെഷ്യാലിറ്റി യൂണിറ്റുകളില്‍ ഒന്നാണ് ജനറ്റിക് ആന്റ് മെറ്റബോളിക് യൂണിറ്റ്. സ്റ്റേറ്റ് ഓഫ് ആര്‍ട്ട് മോളിക്യുലര്‍ ലാബും ഇവിടെ പ്രവര്‍ത്തിക്കുന്നു. മോളിക്യൂലര്‍ ജനറ്റിക് ടെസ്റ്റുകളും കൗണ്‍സിലിംഗും ഇവിടെ നടത്തുന്നുണ്ട്. എസ്.എം.എ., ഹീമോഫിലിയ തുടങ്ങിയ രോഗങ്ങള്‍ക്കുള്ള പരിശോധനകളും സജ്ജമാക്കുന്നു. പ്രതിമാസം 50 ഓളം പേര്‍ക്ക് ജനറ്റിക് കൗണ്‍സിലിംഗ് നല്‍കി വരുന്നുണ്ട്. നിരവധി കുടുംബങ്ങളില്‍ ജനിതക കൗണ്‍സിലിംഗും ഗര്‍ഭാവസ്ഥയിലുള്ള ജനിതക ടെസ്റ്റിംഗും വഴി ജനിതക രോഗങ്ങളെ തടയാന്‍ സാധിച്ചിട്ടുണ്ട്. 18 വയസ് വരെയുള്ള കുട്ടികള്‍ക്ക് സര്‍ക്കാര്‍ പദ്ധതികളിലൂടെ സൗജന്യമായാണ് പരിശോധനകള്‍ നടത്തുന്നത്. സിഡിസിയുടെ സഹകരണത്തോടെയാണ് എസ്.എ.ടി. ആശുപത്രിയില്‍ ഫീറ്റല്‍ മെഡിസിന്‍ വിഭാഗം ആരംഭിക്കുന്നത്.

കുട്ടികളിലെ ജനിതക വൈകല്യങ്ങളും നാഡീവ്യൂഹ അപാകതകളും സംബന്ധിച്ച് ഗവേഷണവും പഠനവും ചികിത്സയും പരിശീലനവും നടത്തി വരുന്ന നിരവധി പ്രഗത്ഭ ഡോക്ടര്‍മാരെയും രാജ്യത്തെ മറ്റ് സാങ്കേതിക വിദഗ്ദ്ധരെയും പങ്കെടുപ്പിച്ചു കൊണ്ടാണ് ഒക്ടോബര്‍ 21, 22 തീയതികളില്‍ ദേശീയ സമ്മേളനം സംഘടിപ്പിക്കുന്നത്. ന്യൂറോ ഡെവലപ്‌മെന്റല്‍ ഡിസോര്‍ഡറുകളുടെ നേരത്തെയുള്ള കണ്ടെത്തലും ഇടപെടലും എന്ന വിഷയം അടിസ്ഥാനമാക്കിയാണ് സെമിനാര്‍. ആരോഗ്യ മേഖലയില്‍ ഈ രംഗത്ത് പ്രവര്‍ത്തിച്ചു വരുന്ന വ്യക്തികളുടെ കൂട്ടായ്മയ്ക്കും, ചര്‍ച്ചയ്ക്കും നയ രൂപീകരണത്തിനും റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിനും ലക്ഷ്യമിട്ട് സംഘടിപ്പിക്കുന്ന ഒരു പരിപാടിയാണിത്.

'വലിയ രീതിയുള്ള ഭയമുണ്ട്, ഞങ്ങൾക്ക് ഒരു ശബ്ദം വേണം' ; ആക്ഷൻ കമ്മിറ്റി രൂപീകരിച്ച് ഉരുള്‍പൊട്ടൽ ദുരന്തബാധിതർ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

Latest Videos
Follow Us:
Download App:
  • android
  • ios