കൊവിഡിനെ സൂചിപ്പിക്കുന്ന ആദ്യ ലക്ഷണമെന്ത്? രോഗലക്ഷണങ്ങളുടെ ക്രമം അറിയാം...

സാധാരണഗതിയില്‍ കൊവിഡ് രോഗികളില്‍ കാണപ്പെടുന്ന ലക്ഷണങ്ങളെ കുറിച്ച് പലയിടത്തും നിങ്ങള്‍ വായിച്ചിരിക്കാം. എന്നാല്‍ ഇതിന് ഒരു ക്രമം ഉണ്ടെന്നാണ് വിദഗ്ധര്‍ സൂചിപ്പിക്കുന്നത്. ഏത് ലക്ഷണമാണ് ആദ്യം പ്രകടമാകുക എന്ന തരത്തിലുള്ള ക്രമം

know the order of covid symptoms

കൊവിഡ് 19 എന്ന മഹാമാരിയെ കുറിച്ചുള്ള അടിസ്ഥാന വിവരങ്ങളെല്ലാം നാം ഇതിനോടകം തന്നെ മനസിലാക്കിയിട്ടുണ്ട്. രോഗവ്യാപനം, ലക്ഷണങ്ങള്‍, ചികിത്സ എന്ന് തുടങ്ങി പ്രാഥമികമായി അറിയേണ്ട കാര്യങ്ങളെല്ലാം മിക്കവാറും എല്ലാവര്‍ക്കുമറിയാം. എന്നാല്‍ അല്‍പം കൂടി സൂക്ഷ്മമായി ഇക്കാര്യങ്ങളെ മനസിലാക്കുന്നതിലൂടെ രോഗത്തിന്റെ സങ്കീര്‍ണതകളെ കുറെക്കൂടി ഫലപ്രദമായി പ്രതിരോധിക്കാനാകും. 

ഇത്തരത്തില്‍ സഹായകമായ ചില വിവരങ്ങളാണ് ഇനി പങ്കുവയ്ക്കുന്നത്. സാധാരണഗതിയില്‍ കൊവിഡ് രോഗികളില്‍ കാണപ്പെടുന്ന ലക്ഷണങ്ങളെ കുറിച്ച് പലയിടത്തും നിങ്ങള്‍ വായിച്ചിരിക്കാം. എന്നാല്‍ ഇതിന് ഒരു ക്രമം ഉണ്ടെന്നാണ് വിദഗ്ധര്‍ സൂചിപ്പിക്കുന്നത്. ഏത് ലക്ഷണമാണ് ആദ്യം പ്രകടമാകുക എന്ന തരത്തിലുള്ള ക്രമം. 

തീര്‍ച്ചയായും എല്ലാവരിലും രോഗവും രോഗലക്ഷണങ്ങളും പ്രകടമാകുക ഒരുപോലെ ആയിരിക്കില്ല. എങ്കിലും പൊതുവില്‍ ലക്ഷണങ്ങളില്‍ കാണപ്പെടുന്ന ക്രമത്തെ കുറിച്ചാണ് വിശദീകരിക്കുന്നത്. 

ഒന്ന്...

നേരിയ പനി ആണ് കൊവിഡിന്റെ ആദ്യലക്ഷണമായി വരികയെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. മിക്കവാറും പേരും ചുമയോ തൊണ്ടവേദനയോ ആണ് ആദ്യലക്ഷണമായി കണക്കാക്കുന്നത്. എന്നാല്‍ പനിയാണ് ഇതിന് മുമ്പേ പ്രകടമാവുകയത്രേ. അതേസമയം ചിലരില്‍ പനി കാണണെന്ന് നിര്‍ബന്ധവുമില്ല. 

 

know the order of covid symptoms

 

ഒരാഴ്ചയിലധികം പനി നീണ്ടുനില്‍ക്കുന്നുവെങ്കില്‍ അത് കൊവിഡുമായി ബന്ധപ്പെട്ടാണെങ്കില്‍, സങ്കീര്‍ണതകള്‍ വന്നേക്കാമെന്നാണ് സൂചന.

രണ്ട്...

രണ്ടാമതായാണ് വരണ്ട ചുമ പ്രകടമാവുക. പനി കാണാത്തവരില്‍ ചുമ തന്നെയാണ് ആദ്യം പ്രകടമാകുന്ന ലക്ഷണം. ചിലര്‍ പനി തിരിച്ചറിയാതെ പോകുന്ന സാഹചര്യവുമുണ്ട്. അത്തരക്കാരും ആദ്യം ശ്രദ്ധിക്കുക ചുമ തന്നെയായിരിക്കും. കഫമില്ലാതെയായിരിക്കും പ്രധാനമായും ഈ ചുമ വരിക. അതിനാലാണ് വരണ്ട ചുമ (ഡ്രൈ കഫ്) എന്നുതന്നെ ഇതിനെ വിശേഷിപ്പിക്കുന്നത്. 

ചുരുക്കം ചിലരില്‍ സാധാരണഗതിയില്‍ പിടിപെടുന്ന ജലദോഷത്തിന് സമാനമായി കഫക്കെട്ടോട് കൂടിയ ചുമയും കാണാറുണ്ട്. തൊണ്ടവേദനയും ഇക്കൂട്ടത്തില്‍ വരാം. കൊവിഡിന്റെ കാര്യത്തില്‍ ഏറ്റവുമധികം കേസുകളില്‍ കാണുന്ന ലക്ഷണവും ഇവയാണ്.

മൂന്ന്...

അടുത്ത ഘട്ടത്തിലാണ് ഗന്ധവും രുചിയും നഷ്ടപ്പെടുന്ന അവസ്ഥ വരുന്നത്. ഇതും മിക്കവാറും കേസുകളില്‍ പ്രകടമായിട്ടുള്ള ലക്ഷണമാണ്. ഇതോടെ വിശപ്പ് നഷ്ടമാകുന്ന സാഹചര്യവും മിക്കവരിലും കണ്ടേക്കാം. 

നാല്...

പേശീവേദന, തലവേദന, സന്ധിവേദന എന്നിവയാണ് ഈ ഘട്ടത്തില്‍ കണ്ടേക്കാവുന്ന ലക്ഷണങ്ങള്‍. 

 

know the order of covid symptoms

 

വൈറല്‍ ഇന്‍ഫെക്ഷനുകളില്‍ ഇത്തരം ശരീരവേദനകള്‍ സാധാരണമാണ്. കൊവിഡ് 19ന്റെ കാര്യത്തിലും അവസ്ഥ മറിച്ചല്ല. എന്നാല്‍ എല്ലാവരിലും നിര്‍ബന്ധമായി ഇത് കാണണമെന്നുമില്ല. 

അഞ്ച്...

ഒരു വിഭാഗം കൊവിഡ് രോഗികളില്‍ കണ്ടേക്കാവുന്ന മറ്റൊരു ലക്ഷണങ്ങളാണ് വയറിളക്കം, ഛര്‍ദ്ദി, വയറുവേദന എന്നിവ. കൊവിഡ് അല്‍പം കൂടി സങ്കീര്‍ണമായി ബാധിക്കപ്പെടുന്ന സാഹചര്യത്തിലാണ് ഈ ലക്ഷണങ്ങള്‍ കാണുകയെന്ന് മനസിലാക്കുക. 

മേല്‍പ്പറഞ്ഞ ലക്ഷണങ്ങളില്‍ പലതും സീസണല്‍ വൈറല്‍ ഇന്‍ഫെക്ഷനുകളില്‍ കാണാവുന്നവ കൂടിയാണ്. അതിനാല്‍ തന്നെ ഏതെങ്കിലും ലക്ഷണം കാണുന്നതോടെ കൊവിഡ് ആണെന്ന് സ്വയം സ്ഥിരീകരണം നടത്താതിരിക്കുക. ആരോഗ്യകാര്യങ്ങള്‍ കൃത്യമായി നിരീക്ഷിച്ച്, സംശയം തോന്നുന്ന പക്ഷം രോഗനിര്‍ണയം ശാസ്ത്രീയമായി തന്നെ നടത്തുക. ലക്ഷണങ്ങള്‍ പ്രശ്‌നഭരിതമാവുകയാണെങ്കില്‍ തീര്‍ച്ചയായും അതിന് ചികിത്സയും തേടുക.

Also Read:- 'ഇന്ത്യയില്‍ ആകെ ജനസംഖ്യയുടെ 21 ശതമാനത്തിലധികം പേര്‍ക്ക് കൊവിഡ് വന്നുപോയി'...

Latest Videos
Follow Us:
Download App:
  • android
  • ios