Covid 19 : കൊവിഡ് സംശയമുണ്ടാകുമ്പോഴും പരിശോധിക്കാറില്ലേ?

ഇപ്പോള്‍ സീസണലായി വരുന്ന പനിയോളമോ ജലദോഷത്തോളമോ എല്ലാം നിസാരമായി പലരും കൊവിഡിനെ കണ്ടുതുടങ്ങിയിട്ടുണ്ട് എന്നതാണ് സത്യം. രോഗലക്ഷണങ്ങള്‍ കണ്ടാല്‍ പോലും പരിശോധിക്കാതിരിക്കുകയും ഐസൊലേഷനിലേക്ക് മാറാതിരിക്കുകയും ചെയ്യുന്നവര്‍ നിരവധിയാണ്

know the importance of covid test amid seasonal flu

കൊവിഡ് 19മായുള്ള നമ്മുടെ പോരാട്ടം ( Covid 19 Disease ) തുടങ്ങിയിട്ട് രണ്ട് വര്‍ഷങ്ങള്‍ പൂര്‍ത്തിയായിരിക്കുന്നു. ആദ്യഘട്ടത്തില്‍ നിന്നെല്ലാം വ്യത്യസ്തമായി രോഗവുമായി പൊരുത്തപ്പെട്ടോ, പൊരുതിയോ മുന്നേറാന്‍ നമ്മള്‍ പഠിച്ചുവരുന്ന സമയം കൂടിയാണിതെന്ന് പറയാം. കൊവിഡ് രോഗത്തെ പ്രതിരോധിക്കാന്‍ നമുക്ക് വാക്‌സിന്‍ ( Covid Vaccine ) ലഭ്യമായതോടെ തന്നെ ഏറെ ആശ്വാസമുണ്ടായിരുന്നു. 

എന്നാല്‍ വ്യത്യസ്ത തീവ്രതയോടെ രോഗം വീണ്ടും പരത്തുന്ന ജനിതകവ്യതിയാനങ്ങള്‍ സംഭവിച്ച കൊറോണവൈറസുകള്‍ തെല്ലൊന്നുമല്ല നമ്മെ വലച്ചത്. ഇന്ത്യ അടക്കം പലയിടങ്ങളിലും ശക്തമായ കൊവിഡ് തരംഗത്തിന് കാരണമായ ഡെല്‍റ്റ വകഭേദം, അതിന് ശേഷം അതിനെക്കാള്‍ മൂന്നിരട്ടിയിലധികം വേഗതയില്‍ രോഗയവ്യാപനം നടത്താന്‍ ശേഷിയുള്ള ഒമിക്രോണ്‍ വകഭേദമെല്ലാം വന്നു. 

ഇപ്പോള്‍ ഒമിക്രോണിന്റെ തന്നെ ഉപവകഭേദമായ ബിഎ.2 വൈറസാണ് കാര്യമായും രാജ്യത്ത് രോഗവ്യാപനം നടത്തുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. വൈറസില്‍ ഇത്തരത്തില്‍ ജനിതകവ്യതിയാനം സംഭവിക്കുന്നത് തുടരുമെന്നും അതിനോടെല്ലാം പോരാടാന്‍ നാം സജ്ജരാകേണ്ടതുണ്ടെന്നും ലോകാരോഗ്യ സംഘടന അടക്കമുള്ള കേന്ദ്രങ്ങള്‍ മുന്നറിയിപ്പ് നല്‍കുന്നുമുണ്ട്. 

എന്നാലിപ്പോള്‍ സീസണലായി വരുന്ന പനിയോളമോ ജലദോഷത്തോളമോ എല്ലാം നിസാരമായി പലരും കൊവിഡിനെ കണ്ടുതുടങ്ങിയിട്ടുണ്ട് എന്നതാണ് സത്യം. രോഗലക്ഷണങ്ങള്‍ കണ്ടാല്‍ പോലും പരിശോധിക്കാതിരിക്കുകയും ഐസൊലേഷനിലേക്ക് മാറാതിരിക്കുകയും ചെയ്യുന്നവര്‍ നിരവധിയാണ്. ഇങ്ങനെയുള്ള അശ്രദ്ധകളും മനോഭാവവും ഭാവിയില്‍ ഗുരുതരമായ അവസ്ഥകളിലേക്ക് ആയിരിക്കും നമ്മെ നയിക്കുക. 

ഇക്കാര്യവും ലോകാരോഗ്യ സംഘടനയില്‍ നിന്ന് അടക്കമുള്ള വിദഗ്ധര്‍ നേരത്തെ പറഞ്ഞിട്ടുണ്ട്. വാക്‌സിനുണ്ട് എന്നതിനാല്‍ ഒരു പരിധി വരെ രോഗതീവ്രതയെ നിയന്ത്രിക്കാന്‍ നമുക്ക് സാധിച്ചേക്കാം. എന്നാല്‍ രോഗം എപ്പോഴും വ്യാപകമായിക്കൊണ്ടിരിക്കുന്ന സന്ദര്‍ഭത്തില്‍ രോഗകാരിയായ വൈറസിന് വീണ്ടും പുതിയ രൂപങ്ങള്‍ കൈക്കൊള്ളാനുള്ള സാധ്യതകള്‍ കൂടുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. 

രോഗലക്ഷണങ്ങളുണ്ടായിട്ടും പരിശോധിച്ച് ഉറപ്പ് വരുത്താതിരിക്കുകയും ഐസൊലേഷനില്‍ പോകാതിരിക്കുകയും ചെയ്യുന്നതോടെ രോഗം മറ്റുള്ളവരിലേക്ക് കൂടി എത്തിക്കുകയും അതുവഴി എപ്പോഴും രോഗത്തെ നമുക്കിടയില്‍ പിടിച്ചുനിര്‍ത്തുകയുമാണ് നാം ചെയ്യുന്നതെന്ന് മനസിലാക്കേണ്ടതുണ്ട്. 

പ്രധാനമായും സീസണല്‍ പനി, ജലദോഷം എന്നിവയുമായാണ് നമുക്ക് കൊവിഡ് മാറിപ്പോകുന്നത്. ലക്ഷണങ്ങളില്‍ കാണുന്ന സമാനതകളാണ് ഇതിന് കാരണം. എന്നാല്‍ രോഗലക്ഷണങ്ങളില്‍ സമാനത അനുഭവപ്പെട്ടാലോ, സംശയം തോന്നിയാലോ നാം നിര്‍ബന്ധമായും പരിശോധനയ്ക്ക് വിധേയരാവുകയോ അതുപോലെ മറ്റുള്ളവരില്‍ നിന്ന് അകലം പാലിക്കുകയോ ചെയ്യുന്നതാണ് ഉചിതം. എന്ന് മാത്രമല്ല, ചിലരില്‍ കൊവിഡ് വളരെ അപ്രതീക്ഷിതമായി തീവ്രമാകാനുള്ള സാധ്യതയും നിലനില്‍ക്കുന്നുണ്ട്. അതിനാല്‍ ഇതിനെ നിസാരവത്കരിക്കുന്നത് അപകടമാണ്. 

പ്രതിവര്‍ഷം സീസണല്‍ അണുബാധകള്‍ മൂലം മരിക്കുന്ന രോഗികളുടെ എണ്ണവും കൊവിഡ് മൂലം മരിക്കുന്നവരുടെ എണ്ണവും താരതമ്യപ്പെടുത്തുമ്പോള്‍ കൊവിഡ് ബഹുദൂരം മുന്നിലുമാണ് നിലവില്‍ ഉള്ളത്. 

പനി, കുളിരും വിറയലും, ചുമ, ശ്വാസതടസം, തളര്‍ച്ച, തൊണ്ടവേദന, മൂക്കൊലിപ്പ്, മൂക്കടപ്പ്, ശരീരവേദന, വയറിളക്കം, ഗന്ധവും രുചിയും തിരിച്ചറിയാത്ത അവസ്ഥ, തലവേദന, ചര്‍ദ്ദി എന്നിവയെല്ലാമാണ് സാധാരണഗതിയില്‍ കൊവിഡിന്റേതായി കാണപ്പെടുന്ന ലക്ഷണങ്ങള്‍. ഇതില്‍ പനി, തൊണ്ടവേദന, മൂക്കൊലിപ്പ്, ശ്വാസമെടുക്കുമ്പോള്‍ അസ്വസ്ഥത, തളര്‍ച്ച എന്നിവയെല്ലാം സീസണല്‍ പനിക്കും അണുബാധയ്ക്കും കാണാം. 

കൊവിഡില്‍ രോഗകാരിയായ വൈറസിന്റെ ആക്രമണത്തിന് ശേഷം 2-14 ദിവസം വരെ രോഗലക്ഷണങ്ങള്‍ പ്രകടമാകാമെന്നാണ് വിദഗ്ധര്‍ പറയുന്നത്. എന്നാല്‍ സീസണല്‍ പനിയോ അണുബാധയോ ആണെങ്കില്‍ അത് പരമാവധി ഒരാഴ്ച വരെയേ ലക്ഷണങ്ങളെ പ്രകടമാക്കൂ എന്നും ഇവര്‍ പറയുന്നു.

Also Read:- കൊവിഡ് ഈ വർഷം അവസാനിക്കുമോ? ഡോ. സൗമ്യ സ്വാമിനാഥൻ വിശദീകരിക്കുന്നു

Latest Videos
Follow Us:
Download App:
  • android
  • ios