'കഴിഞ്ഞ നാലുവർഷമായി വിഷാദരോഗത്തിന് ചികിത്സയിലാണ്'; തുറന്നുപറഞ്ഞ് താരപുത്രി
ലോകമാനസികാരോഗ്യ ദിനത്തോട് അനുബന്ധിച്ചാണ് ഇറയുടെ തുറന്നുപറച്ചിൽ. നാലുവർഷത്തോളം താൻ വിഷാദരോഗത്തിന് ചികിത്സ തേടിയിരുന്നുവെന്നും ഇറ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വീഡിയോയിലൂടെ പറഞ്ഞു.
ശരീരത്തിന്‍റെ ആരോഗ്യം പോലെ തന്നെ പ്രധാനമാണ് മാനസികാരോഗ്യവും. വിഷാദരോഗത്തെക്കുറിച്ച് തുറന്നു പറയാൻ തയ്യാറാവുന്നവര്‍ ഇന്ന് ഏറേയാണ്. ഇപ്പോഴിതാ ബോളിവുഡ് നടൻ ആമിർ ഖാന്റെ മകൾ ഇറാ ഖാനും തന്റെ വിഷാദരോഗകാലത്തെക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ്.
ലോകമാനസികാരോഗ്യ ദിനത്തോട് അനുബന്ധിച്ചാണ് ഇറയുടെ തുറന്നുപറച്ചിൽ. നാലുവർഷത്തോളം താൻ വിഷാദരോഗത്തിന് ചികിത്സ തേടിയിരുന്നുവെന്നും ഇറ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വീഡിയോയിലൂടെ പറഞ്ഞു.
'താൻ ഡോക്ടറെ കാണുകയും ക്ലിനിക്കൽ ഡിപ്രഷൻ സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. ഇപ്പോൾ തന്റെ അവസ്ഥ വളരെ മെച്ചപ്പെട്ടിട്ടുണ്ട്. ഒരുവർഷത്തോളമായി മാനസികാരോഗ്യം സംബന്ധിച്ച് എന്തെങ്കിലും ചെയ്യണമെന്നുണ്ടായിരുന്നു, പക്ഷേ എന്തു ചെയ്യണം എന്നതിൽ തീർച്ചയുണ്ടായിരുന്നില്ല. അങ്ങനെയാണ് വിഷാദരോഗത്തോട് പൊരുതിയ തന്റെ അവസ്ഥ പങ്കുവയ്ക്കാമെന്ന് തീരുമാനിച്ചത്'- ഇറ പറയുന്നു.
ഇതിലൂടെ അവനവനെ തിരിച്ചറിയാനും മാനസികാരോഗ്യം സംബന്ധിച്ച് കുറച്ചുകൂടി നന്നായി മനസ്സിലാക്കാനും കഴിയുമെന്ന് പ്രതീക്ഷിക്കുന്നു എന്നും ഇറ പറയുന്നു. ഞാൻ ആരംഭിച്ച സ്ഥലത്ത് നിന്ന് നമുക്ക് ആരംഭിക്കാം. ഞാൻ എന്തിനാണ് വിഷാദത്തിലായിരിക്കുന്നത്? ഞാൻ എന്തിനാണ് വിഷാദത്തിന് അടിമപ്പെടുന്നത്? എനിക്ക് എല്ലാം ഉണ്ട്, ശരിയല്ലേ?- ഇറ ചോദിക്കുന്നു.
ആമിർ ഖാന് ആദ്യഭാര്യ റീന ദത്തയിൽ ഉണ്ടായ രണ്ടു മക്കളിൽ ഇളയ പുത്രിയാണ് ഇറ. വളർന്നു വരുന്ന ഒരു സംവിധായിക കൂടിയാണ് ഇറ. അഭിനയത്തേക്കാൾ സിനിമയുടെ പിന്നണിയില്‍ പ്രവർത്തനങ്ങളോടാണ് ഇറയ്ക്ക് താൽപര്യം. ഹസൽ കീച്ച്, വരുൺ പട്ടേൽ തുടങ്ങിയവരെ അണിനിരത്തി 'മിഡിയ' എന്ന പേരിൽ ഒരു നാടകം ഇറ സംവിധാനം ചെയ്തിട്ടുണ്ട്.
ഫിറ്റ്നസിലും വിട്ടുവീഴ്ച്ച ചെയ്യാത്ത ഇറയ്ക്ക് ടാറ്റൂ ആർട്ടിലും അഭിരുചിയുണ്ട്. തന്റെ പരിശീലകൻ നൂപുർ ശിഖാരെയ്ക്കു വേണ്ടി ടാറ്റൂ ചെയ്തുകൊടുക്കുന്ന ചിത്രം ഇറ തന്നെ അടുത്തിടെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചിരുന്നു.
Also Read: സിനിമയില്ലെങ്കിലും ജീവിക്കും; പുതിയ കരിയറിൽ ഒരു കൈനോക്കി ആമിർ ഖാന്‍റെ മകള്‍...