ഇവർ 'വാക്സിൻ ദമ്പതികൾ' : കൊവിഡിന് വാക്സിൻ കണ്ടെത്തിയ ബയോഇൻടെക്കിന്റെ മേധാവികളുമായി ഒരു അഭിമുഖം
കൊവിഡിനുള്ള ബയോഎൻടെക്ക് വാക്സിൻ വികസിപ്പിച്ചെടുത്ത ശാസ്ത്രജ്ഞ ദമ്പതികളായ ഒസ്‌ലെം റ്റ്യുറേയ്സി, ഊർ ഷാഹിൻ എന്നിവരുമായി ജർമൻ മാധ്യമസ്ഥാപനമായ ഷ്പീഗെൽ നടത്തിയ അഭിമുഖത്തിന്റെ പ്രസക്തഭാഗങ്ങൾ
വളരെ പെട്ടെന്ന്, ഒരു രാത്രി ഇരുട്ടി വെളുക്കുന്ന നേരം കൊണ്ട് പ്രശസ്തിയുടെ കൊടുമുടിയിൽ എത്തുന്നവരുണ്ട്. ലോകം മുഴുവനുമുള്ള മാധ്യമങ്ങൾ അവരുടെ ഒരു ഇന്റർവ്യൂവിനു വേണ്ടി പിന്നാലെ ചെല്ലും. സാധാരണ അങ്ങനെ ഉണ്ടാകാറുള്ളത് സിനിമ താരങ്ങൾ, രാഷ്ട്രീയക്കാർ തുടങ്ങിയവർക്കാണ്. എന്നാൽ രണ്ടു ശാസ്ത്രജ്ഞർ, രായ്ക്കുരാമാനം ആഗോള പ്രശസ്തരാവുക, കേട്ടുകേൾവിയില്ലാത്ത സംഭവമാണ്. അങ്ങനെ ഒന്നുണ്ടായത് ശാസ്ത്രജ്ഞ ദമ്പതികളായ ഒസ്‌ലെം റ്റ്യുറേയ്സി, ഊർ ഷാഹിൻ എന്നിവർക്കാണ്.
ലോകത്തിലെ ആദ്യ കോവിഡ് വാക്സിനുകൾ ഒന്നായ ഫൈസർ-ബയോഎൻടെക്ക് വാക്സിന്റെ പിന്നിൽ പ്രവർത്തിച്ചത് ഇവരാണ്. 2020 നവംബർ 9 -ന്, ഇവർ ആഗോളപ്രസിദ്ധരായി. അന്നേ ദിവസമാണ്, ജർമനിയിലെ മെയിൻസിൽ വികസിപ്പിച്ചെടുക്കപ്പെട്ട ബയോഎൻടെന്റെ കൊവിഡ് വാക്സിൻ ആയ 'BNT162b2' 90 ശതമാനം ഫലപ്രദമാണ് എന്ന് തെളിഞ്ഞത്. ഈ വാക്സിൻ കൊവിഡിനെതിരായ പോരാട്ടങ്ങളിൽ മനുഷ്യരാശിയുടെ നേരിയ പ്രതീക്ഷകളിൽ ഒന്നാണ്. 2021 -ലെ അതിജീവന മന്ത്രങ്ങളിൽ ഏറെ പ്രമുഖമായ ഒന്നും അതുതന്നെ.
ടർക്കിഷ് പാരമ്പര്യമുള്ള ഈ ജർമൻ ദമ്പതികൾ ആരോഗ്യ ഗവേഷണ രംഗത്തെ പതിറ്റാണ്ടുകൾ നീണ്ട പരിചയമുള്ളവരാണ്. ബയോഎൻടെക്കിലെ ചീഫ് ഫിസിഷ്യനാണ് ഊർ ഷാഹിൻ. ഭർത്താവ് ഒസ്‌ലെം റ്റ്യുറേയ്സി ആണ് സ്ഥാപനത്തിന്റെ സിഇഓ. അവർ ഇരുവരും ചേർന്ന് ജർമൻ ന്യൂസ് പോർട്ടൽ ആയ ഷ്പീഗെൽ ഇന്റർനാഷണലിന് നൽകിയ അഭിമുഖത്തിലെ പ്രസക്ത ഭാഗങ്ങൾ ചുവടെ.
ഷ്പീഗെൽ : നമ്മൾ ഈ അഭിമുഖം നടത്തിക്കൊണ്ടിരിക്കെ നിങ്ങളുടെ വാക്സിന്റെ ദശലക്ഷക്കണക്കിനു ഡോസുകൾ വിമാനങ്ങളിലും ട്രക്കുകളിലുമേറി ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്കുള്ള യാത്രയിലാണ്. കൊവിഡ് ഈ ലോകത്തിനുമേൽ ഉയർത്തിയിട്ടുള്ള ഭീഷണിക്കുമുന്നിൽ നിങ്ങളാണ് ഇന്ന് ലോകത്തിന്റെ തന്നെ ഏറ്റവും വലിയ പ്രതീക്ഷ. അതേക്കുറിച്ചോർക്കുമ്പോൾ എന്താണ് തോന്നിയിട്ടുളളത് ?
റ്റ്യുറേയ്സി : കഴിഞ്ഞ ഒരു വർഷമായി ഞങ്ങൾ ഇതിനുവേണ്ടിയുള്ള വിശ്രമമില്ലാത്ത പ്രയത്നത്തിലായിരുന്നു. അന്നൊന്നും അങ്ങനെ ഒന്ന് ചിന്തിക്കാൻ പോലുമുള്ള സാവകാശമുണ്ടായിരുന്നില്ല. ഇപ്പോൾ, ലോകത്തിന്റെ വിവിധ ഭാഗങ്ങളിലിരുന്ന് ഞങ്ങളുടെ സ്നേഹിതരിൽ പലരും അവരുടെ ആദ്യ വാക്സിനേഷന്റെ ഫോട്ടോകൾ അയച്ചു തരുമ്പോൾ, അത് ഞങ്ങളുടെ മനസ്സിൽ വല്ലാത്ത ആനന്ദം നിറയ്ക്കുന്നുണ്ട്.
ഷ്പീഗെൽ : ക്ലിനിക്കൽ സ്റ്റഡിയിൽ 95 ശതമാനം വരെ കൃത്യത നിങ്ങളുടെ വാക്സിനുണ്ട്. വാക്സിൻ കണ്ടെത്താനാവും എന്ന് നിങ്ങൾക്ക് അത്ര ഉറപ്പുണ്ടായിരുന്നോ?
ഷാഹിൻ : ഞങ്ങൾക്ക് ഇമ്മുണോ എഞ്ചിനിയറിങ്ങിൽ രണ്ടു പതിറ്റാണ്ടു കാലത്തെ പരിചയമുണ്ട്. എന്നാലും വാക്സിൻ ഫലപ്രദമായ ഇമ്യൂണോ പ്രതികരണം ഉണ്ടാക്കും വരെ വൈറസ് അതിനോട് എങ്ങനെ പ്രതികരിക്കും എന്ന കാര്യത്തിൽ ഞങ്ങൾക്ക് കൃത്യമായ മുൻധാരണ ഉണ്ടായിരുന്നില്ല.
ഷ്പീഗെൽ : വാക്സിൻ കണ്ടെത്താനാവാത്ത ഒരു അവസ്ഥ വരാനും സാധ്യത ഉണ്ടായിരുന്നോ?
ഷാഹിൻ : അതെ. ഈ കൊറോണ വൈറസ് സംവർഗ്ഗത്തിൽ തന്നെയുള്ള മറ്റു ചില വൈറസുകൾക്ക് എതിരായി വാക്സിൻ നിർമ്മിച്ചെടുക്കുക അസാധ്യമാണ് എന്ന സാഹചര്യമുണ്ട്. നമ്മൾ ഇപ്പോൾ നേരിടുന്ന ഈ വൈറസിനെതിരെ ഭാഗ്യവശാൽ നമുക്ക് ഫലപ്രദമായ ഒരു വാക്സിൻ വികസിപ്പിച്ചെടുക്കാൻ സാധിച്ചിട്ടുണ്ട്. ഈ വാക്സിന്റെ ഫലസിദ്ധിക്ക് മറ്റൊരു പ്രധാനകാരണം അതിന്റെ ഇമ്മ്യൂണോ, ടി സെൽ പ്രതികരണങ്ങളാണ്. ജനിതക ഭേദം വരുന്ന വൈറസുകളിൽ ചിലപ്പോൾ പ്രതികരണം വ്യത്യസ്തമാകാം എങ്കിലും, അവിടെയും ഫലസിദ്ധി കാര്യമായ വ്യതിയാനത്തിന് വിധേയമാവുന്ന സാഹചര്യമുണ്ടാവില്ല.
ഷ്പീഗെൽ : യുകെയിൽ നിന്ന് വരുന്ന പുതിയ ജനിതക വ്യതിയാനം വന്ന വൈറസുകളെപ്പറ്റിയാണോ നിങ്ങൾ പറയുന്നത് ? അവയുടെ കാര്യത്തിൽ ആശങ്കയ്ക്ക് വകയുണ്ടോ?
ഷാഹിൻ : ഇല്ല. യാതൊരു വിധത്തിലുള്ള ആശങ്കയ്ക്കും ഇടമില്ല. ജനിതക വ്യതിയാനം വന്നാലും വൈറസ് ആന്റിജൻറെ അടിസ്ഥാനപരമായ ഘടനയ്ക്ക് ഒരു ശതമാനത്തിൽ കൂടുതൽ മാറ്റമുണ്ടാവുന്നില്ല. ഈ വ്യതിയാനങ്ങളെക്കൂടി നിർവീര്യമാക്കാനാവുന്ന രീതിയിൽ ഞങ്ങൾ വാക്സിനുകൾ റീ പ്രോഗ്രാം ചെയ്തുകൊണ്ടിരിയ്ക്കുകയാണ്. പ്രതിരോധ സംവിധാനം അടിച്ചമർത്തപ്പെട്ടു കിടന്ന ഏതോ രോഗിയിൽ നിന്നാവും ഈ ജനിതക വ്യതിയാനം സംഭവിച്ച വൈറസ് രൂപപ്പെട്ടത്. ഈ വ്യതിയാനവും, ഭാവി വ്യതിയാനങ്ങളും ഒക്കെ നമുക്ക് ചർച്ചയ്ക്ക് എടുക്കേണ്ടി വരും അധികം താമസിയാതെ തന്നെ.
ഷ്പീഗെൽ : നാളെ, ഈ വാക്സിൻ കുറച്ചു പേർക്ക് നല്കിക്കഴിഞ്ഞ ശേഷം, കാര്യമായ വ്യതിയാനമുള്ള ഒരു വൈറസ് വന്നാൽ അതിനോട് വാക്സിന് പൊരുത്തപ്പെടാൻ പെട്ടെന്ന് സാധിക്കുമോ?
ഷാഹിൻ : സാങ്കേതികമായി നോക്കിയാൽ അത്. ഇപ്പോഴത്തെ വൈറസ് ആന്റിജനെപ്പറ്റിയുള്ള ജനിതകവിവരങ്ങൾ പുതിയ വ്യതിയാനം വന്നുണ്ടായ വൈറസിന്റേത് വെച്ച് മാറിയാൽ മാത്രം മതി. ആറാഴ്ചയിൽ താഴെ മാത്രമേ അതിനെടുക്കൂ. എന്നാൽ റെഗുലേറ്ററി സ്ഥാപനങ്ങൾ അത്തരത്തിൽ ഒരു പ്രക്രിയക്ക് അംഗീകാരം നൽകുമോ എന്നതാണ് കാര്യം. ആ അനുമതി കിട്ടിയില്ലെങ്കിൽ പിന്നെ ആദ്യം മുതൽക്കുതന്നെ പതിനായിരക്കണക്കിന് രോഗികളിൽ വീണ്ടും പഴയ രീതിയിൽ പരീക്ഷണങ്ങൾ വീണ്ടും നടത്തേണ്ടി വരും.
ഷ്പീഗെൽ : ഈ ഇമ്യൂണിറ്റി എത്രകാലത്തേക്കെന്നാണ്?
റ്റ്യുറേയ്സി : ഈ രോഗബാധ ട്രിഗർ ചെയ്യുന്ന സ്വാഭാവികമായ പ്രതിരോധ ശേഷി എത്രകാലമാണോ അത്രയും കാലമെങ്കിലും വാക്സിന്റെ പ്രതിരോധ ശേഷിയും നിലനിൽക്കും എന്നുതന്നെ കരുതുന്നു. രണ്ടാമത്തെ ഇൻജക്ഷനും, മൂന്നാമത്തേതും പ്രതിരോധ ശേഷിയുടെ ദൈർഘ്യം കൂട്ടുന്നു. മൂന്നാമത്തെ ഇൻജക്ഷന് ശേഷം ഒരു വർഷത്തേക്ക് പ്രതിരോധശേഷി കുമെന്നാണ് ഇപ്പോഴത്തെ ഞങ്ങളുടെ അനുമാനം.
ഷ്പീഗെൽ : ഇപ്പോഴത്തെ മാർഗനിർദേശം പ്രകാരം വാക്സിൻ -70 ഡിഗ്രി താപനിലയിൽ സൂക്ഷിക്കണം എന്നാണ്. ഇത് ഈ വാക്സിൻ ശേഖരിച്ച് സൂക്ഷിക്കുന്നതിൽ വലിയ വെല്ലുവിളിയല്ലേ? എന്തുകൊണ്ടാണ് മുറിക്കുള്ളിലെ താപനിലയിൽ സൂക്ഷിക്കാൻ പറ്റുന്നതരത്തിൽ ഒരു വാക്സിനെക്കുറിച്ച് ആലോചിക്കാതിരുന്നത് ?
റ്റ്യുറേയ്സി : ആ ദിശയിൽ ഗവേഷണങ്ങൾ നടക്കുന്നുണ്ടെങ്കിലും, അടുത്ത 3 മാസത്തേക്ക് വാക്സിൻ ഇങ്ങനെ തന്നെയാണ്, അതായത് -70 ഡിഗ്രിയിൽ തന്നെയാണ്. അതിനെ സാധാരണ താപനിലയിലേക്ക് അടുപ്പിക്കാനുള്ള ഗവേഷണങ്ങൾ നടക്കുന്നുണ്ട്. മൂന്നു മാസത്തിനു ശേഷം ചിലപ്പോൾ ആ കാര്യത്തിൽ പുതിയ സംവിധാനങ്ങൾ വരാനിടയുണ്ട്.