കൊവിഡ് 19 വാക്‌സിന്‍; വിശദീകരണവുമായി കേന്ദ്രസര്‍ക്കാര്‍

വാക്‌സിന്‍ ഗവേഷണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന സ്ഥാപനങ്ങള്‍ക്ക് നടപടികള്‍ വേഗത്തിലാക്കണമെന്നാവശ്യപ്പെട്ട് ഐസിഎംആര്‍ (ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച്) അയച്ച കത്ത് കഴിഞ്ഞ ദിവസങ്ങളില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയിരുന്നു. വാക്‌സിന്‍ കണ്ടെത്തുകയെന്നത് ശ്രമകരമായ ജോലിയാണെന്നും, അതിന് സമയമെടുത്തുള്ള, സുരക്ഷ മുന്‍നിര്‍ത്തിക്കൊണ്ടുള്ള പരീക്ഷണങ്ങള്‍ ആവശ്യമാണെന്നും ഗവേഷകര്‍ അറിയിച്ചതോടെയാണ് ഐസിഎംആറിന്റെ നിര്‍ദേശം വിവാദത്തിലായത്

health ministry gives clarification on icmr letter about vaccine

കൊവിഡ് 19മായുള്ള പോരാട്ടത്തിലാണ് രാജ്യമിപ്പോള്‍. ഈ അവസരത്തില്‍ വാക്‌സിന്‍ എന്ന ആശ്വാസത്തിലേക്കാണ് ഏവരുടേയും ശ്രദ്ധ. വിവിധ കേന്ദ്രങ്ങളിലായി രാജ്യത്തിനകത്ത് തന്നെ വാക്‌സിന് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നുമുണ്ട്. 

ഇതിനിടെ വാക്‌സിന്‍ ഗവേഷണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന സ്ഥാപനങ്ങള്‍ക്ക് നടപടികള്‍ വേഗത്തിലാക്കണമെന്നാവശ്യപ്പെട്ട് ഐസിഎംആര്‍ (ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച്) അയച്ച കത്ത് കഴിഞ്ഞ ദിവസങ്ങളില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയിരുന്നു. വാക്‌സിന്‍ കണ്ടെത്തുകയെന്നത് ശ്രമകരമായ ജോലിയാണെന്നും, അതിന് സമയമെടുത്തുള്ള, സുരക്ഷ മുന്‍നിര്‍ത്തിക്കൊണ്ടുള്ള പരീക്ഷണങ്ങള്‍ ആവശ്യമാണെന്നും ഗവേഷകര്‍ അറിയിച്ചതോടെയാണ് ഐസിഎംആറിന്റെ നിര്‍ദേശം വിവാദത്തിലായത്. 

ഇപ്പോഴിതാ ഈ വിഷയത്തില്‍ വിശദീകരണവുമായി കേന്ദ്രസര്‍ക്കാരും രംഗത്തെത്തിയിരിക്കുകയാണ്. ആഗസ്റ്റ് 15 എന്ന അവസാന തീയ്യതി ഗവേഷകര്‍ക്ക് നല്‍കിയത് ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ വേഗത്തിലാക്കാന്‍ വേണ്ടി മാത്രമാണെന്നും സുരക്ഷാ മാനദണ്ഡങ്ങളൊന്നും ഇതിന് വേണ്ടി അവഗണിക്കണമെന്ന് ഉദ്ദേശിച്ചിട്ടില്ലെന്നുമാണ് ആരോഗ്യമന്ത്രാലയത്തിന്റെ വിശദീകരണം. 

'ഐസിഎംആര്‍ അയച്ച കത്തില്‍ ഇല്ലാത്ത അര്‍ത്ഥങ്ങള്‍ ദയവായി കല്‍പിക്കരുത്. അങ്ങനെയൊരു കത്ത് അയച്ചതിന്റെ ലക്ഷ്യം, ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ വേഗത്തിലാക്കുക എന്നത് മാത്രമാണ്. അതിന് വേണ്ടി സുരക്ഷാ മാനദണ്ഡങ്ങളുടെ കാര്യത്തില്‍ സന്ധിയും ചെയ്യരുത്...' ആരോഗ്യ മന്ത്രാലയത്തിന് വേണ്ടി സ്‌പെഷ്യല്‍ ഡ്യൂട്ടി ഓഫീസര്‍ രാജേഷ് ഭൂഷണ്‍ അറിയിച്ചു. 

വാക്‌സിന്‍ ഗവേഷണം നടത്തുന്ന 'ഭാരത് ബയോട്ടെക്' ഉള്‍പ്പെടെയുള്ള കേന്ദ്രങ്ങള്‍ക്കാണ് ഐസിഎംആര്‍ കത്തയച്ചിരുന്നത്. ഒന്നും രണ്ടും ഘട്ടത്തിലുള്ള ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ക്കായി ഐസിഎംആര്‍ അനുമതി നല്‍കിയിരിക്കുന്നത് 'ഭാരത് ബയോട്ടെക്', 'കാഡില ഹെല്‍ത്ത് കെയര്‍' എന്നിവരുടെ വാക്‌സിനുകള്‍ക്കാണ്. 

'ഈ രണ്ട് വാക്‌സിനുകളും അനുമതിയോടെ മൃഗങ്ങളില്‍ പരീക്ഷിച്ചതാണ്. ഇനി ഒന്നും രണ്ടും ഘട്ടത്തിലുള്ള ക്ലിനിക്കല്‍ പരീക്ഷണങ്ങളാണ് നടത്തുക. ഇതിനുള്ള അനുമതിയും ഐസിഎംആര്‍ നല്‍കിക്കഴിഞ്ഞു. പരീക്ഷണം തുടങ്ങാനിരിക്കുന്നതേയുള്ളൂ. വൈകാതെ തന്നെ തുടങ്ങാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്...'- രാജേഷ് ഭൂഷണ്‍ പറഞ്ഞു. 

ക്ലിനിക്കല്‍ പരീക്ഷണങ്ങളുടെ ഫലം ആഗസ്റ്റോടെ വരികയാണെങ്കില്‍ അധികം താമസിപ്പിക്കാതെ അടുത്ത ഘട്ടത്തിലേക്ക് നീങ്ങാനാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനം. ഫലം അനുകൂലമാണെങ്കില്‍ ഉടന്‍ തന്നെ വാക്‌സിന്‍ വിപണിയിലെത്തിക്കാനാണ് നീക്കം.

Also Read:- കൊവിഡിനെതിരായ ഇന്ത്യൻ നിർമ്മിത വാക്സിൻ: വിശദീകരണവുമായി ഐസിഎംആർ...

Latest Videos
Follow Us:
Download App:
  • android
  • ios