ക്യാന്‍സര്‍ സാധ്യത കുറയ്ക്കാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം ഈ പഴങ്ങളും പച്ചക്കറികളും...
ക്യാന്‍സര്‍ സാധ്യതയെ കുറയ്ക്കാന്‍ ചില ഭക്ഷണങ്ങൾക്കാകുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. ആന്റി ഓക്സിഡന്റുകൾ അടങ്ങിയ ഭക്ഷണങ്ങള്‍ ക്യാന്‍സര്‍ സാധ്യതയെ കുറയ്ക്കാന്‍ സഹായിക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്.
അനിയന്ത്രിതമായ കോശവളർച്ച ശരീരത്തിലെ മറ്റുകലകളേയും ബാധിക്കുന്ന അവസ്ഥയാണ് ക്യാന്‍സര്‍. തുടക്കത്തില്‍ കണ്ടെത്തിയാല്‍ ഒട്ടുമിക്ക ക്യാന്‍സര്‍ രോഗങ്ങളെയും തടയാന്‍ കഴിയും. എന്നാല്‍ ക്യാന്‍സറുകളില്‍ പലതും ലക്ഷണങ്ങള്‍ വച്ച് തുടക്കത്തിലെ കണ്ടെത്താന്‍ കഴിയാത്തവയാണ്.
ക്യാന്‍സര്‍ സാധ്യതയെ കുറയ്ക്കാന്‍ ചില ഭക്ഷണങ്ങൾക്കാകുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. ആന്റി ഓക്സിഡന്റുകൾ അടങ്ങിയ ഭക്ഷണങ്ങള്‍ ക്യാന്‍സര്‍ സാധ്യതയെ കുറയ്ക്കാന്‍ സഹായിക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. അതിനാല്‍ പഴങ്ങൾ, പച്ചക്കറികൾ, നാരുകൾ അടങ്ങിയ ഭക്ഷണങ്ങള്‍ എന്നിവ ധാരാളം കഴിക്കാം. എന്നാൽ മാംസാഹാരം, മധുരം, ഉപ്പ്, എണ്ണ, കൊഴുപ്പടങ്ങിയ ഭക്ഷണം എന്നിവ മിതമായ അളവില്‍ കഴിക്കുന്നതാണ് ക്യാന്‍സര്‍ പ്രതിരോധത്തിന് നല്ലത്. ഒപ്പം തന്നെ ചിട്ടയായ വ്യായാമവും അത്യാവശ്യമാണ്.
ക്യാന്‍സര്‍ സാധ്യതയെ കുറയ്ക്കാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില പഴങ്ങളെയും പച്ചക്കറികളയെും പരിചയപ്പെടാം.
ഒന്ന്...
ബെറി പഴങ്ങള്‍ ആണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. സ്ട്രോബെറി, റാസ്ബെറി, ബ്ലാക്ക്‌ബെറി, ബ്ലൂബെറി തുടങ്ങിയവ ക്യാന്‍സര്‍ സാധ്യതയെ കുറയ്ക്കാന്‍ സഹായിക്കുന്നു. ഇതില്‍ അടങ്ങിയിരിക്കുന്ന ആന്റി ഓക്സിഡന്‍റുകളും വിറ്റാമിനുകളും ധാതുക്കളും ക്യാൻസർ കോശങ്ങൾക്കെതിരെ പോരാടാൻ സഹായിക്കും.
രണ്ട്...
കാബേജ്, കോളിഫ്ലവർ എന്നിവയിലെ ആന്‍റി ഓക്സിഡന്റുകൾ ക്യാൻസർ സാധ്യതയെ കുറയ്ക്കാന്‍ സഹായിക്കുമെന്നും പഠനങ്ങളിൽ തെളിയിക്കപ്പെട്ടതാണ്. അതിനാല്‍ ഇവയും ഡയറ്റില്‍ ഉള്‍പ്പെടുത്താം.
മൂന്ന്...
ഓറഞ്ച്, മുന്തിരി തുടങ്ങിയ സിട്രസ് പഴങ്ങളാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. സിട്രസ് പഴങ്ങളിലെ വിറ്റാമിൻ സി, ഫോളേറ്റ്, കാത്സ്യം എന്നിവ സ്തനാർബുദ സാധ്യതയെ കുറയ്ക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. 2013-ൽ ജേർണൽ ഓഫ് ബ്രെസ്റ്റ് ക്യാൻസർ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ, ധാരാളം സിട്രസ് പഴങ്ങൾ കഴിക്കുന്ന സ്ത്രീകൾക്ക് സ്തനാർബുദം വരാനുള്ള സാധ്യത 10% കുറവാണെന്ന് പറയുന്നു,
നാല്...
ക്യാരറ്റ് ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ക്യാരറ്റില്‍ അടങ്ങിയിരിക്കുന്ന ബീറ്റാകരോട്ടിൻ ക്യാൻസര്‍ സാധ്യതയെ കുറയ്ക്കും. ഇവയിലെ ആന്‍റി ഓക്സിഡന്‍റുകള്‍ രോഗപ്രതിരോധ സംവിധാനം ശക്തിപ്പെടുത്തുകയും ചെയ്യും.
അഞ്ച്...
തക്കാളിയാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ക്യാന്‍സര്‍ കോശങ്ങളുടെ വളർച്ചയെ തടയാൻ തക്കാളി സഹായിക്കുന്നു. ലൈക്കോപ്പീൻ ആണ് തക്കാളിക്ക് ഈ ഗുണങ്ങളേകുന്നത്.
ആറ്...
മാതളനാരങ്ങയാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. സ്തനാർബുദം ഉൾപ്പെടെയുള്ള ക്യൻസര്‍ സാധ്യതയെ ചെറുക്കാന്‍ മാതളനാരങ്ങയ്ക്ക് കഴിയുമെന്ന് പല പഠനങ്ങളും സൂചിപ്പിക്കുന്നു. ക്യാൻസർ പ്രിവൻഷൻ റിസർച്ചിൽ പ്രസിദ്ധീകരിച്ച 2010 ലെ പഠനമനുസരിച്ച്, സ്തനാർബുദ കോശങ്ങളുടെ വളർച്ചയും വ്യാപനവും തടയാൻ കഴിയുന്ന എലാജിറ്റാനിൻസ് എന്ന സംയുക്തങ്ങൾ മാതളനാരങ്ങയിൽ അടങ്ങിയിട്ടുണ്ട്.
ഏഴ്...
ബ്രൊക്കോളി ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ബ്രൊക്കോളി ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ശ്വാസകോശാര്‍ബുദ സാധ്യതയെ കുറയ്ക്കാന്‍ സഹായിക്കുമെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. ബ്രൊക്കോളിയിൽ അടങ്ങിയിട്ടുള്ള ചില ആന്റിഓക്സിഡന്റുകൾ ആണ് ഇതിന് സഹായിക്കുന്നത്.
Also Read: കണ്ണിന്‍റെ മുതല്‍ എല്ലിന്‍റെ ആരോഗ്യം വരെ; അറിയാം പർപ്പിൾ കാബേജിന്‍റെ ഗുണങ്ങൾ...