ഓച്ചിറ സ്വദേശി എത്തിയത് അടിവയര്‍ വേദനയുമായി; സ്കാനിൽ കണ്ടത് അര കിലോയുള്ള കല്ല്, 1 മണിക്കൂര്‍ ശസ്ത്രക്രിയ
സംസ്ഥാനത്ത് ഇത് വരെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളതിൽ ഏറ്റവും വലിപ്പമുള്ള മൂത്ര സഞ്ചിയിലെ കല്ലുകളിൽ ഒന്നാണ് ഇതെന്നാണ് കരുതുന്നത്
അടൂർ: ലൈഫ് ലൈൻ ആശുപത്രിയിലെ യൂറോളജി വിഭാഗത്തിൽ നടത്തിയ ശസ്ത്രക്രിയയിലൂടെ അര കിലോയോളം ഭാരം വരുന്ന കല്ല് മൂത്രസഞ്ചിയിൽ നിന്നും നീക്കം ചെയ്തു. ഓച്ചിറ സ്വദേശി അബ്ദുൽ റഹ്മാൻ കുഞ്ഞ് എന്ന 65 കാരന്റെ മൂത്ര സഞ്ചിയിൽ നിന്നാണ് 15 സെന്റീമീറ്റര്‍ വലിപ്പമുള്ള രണ്ട് കല്ലുകൾ ഒരു മണിക്കൂറോളം നീണ്ട ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തത്.
സംസ്ഥാനത്ത് ഇത് വരെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളതിൽ ഏറ്റവും വലിപ്പമുള്ള മൂത്ര സഞ്ചിയിലെ കല്ലുകളിൽ ഒന്നാണ് ഇതെന്നാണ് കരുതുന്നതെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. ഇടവിട്ട് മൂത്രത്തിൽ പഴുപ്പ്, രക്തമയം, അടിവയറിൽ നിരന്തര വേദന തുടങ്ങിയ പ്രശ്നങ്ങളായിരുന്നു അബ്ദുൽ റഹ്മാൻ കുഞ്ഞിനെ അലട്ടിയത്. ഏതാണ്ട് പത്തിലേറെ വർഷങ്ങളായി ഈ പറയുന്ന ബുദ്ധിമുട്ടുകളുമായി ജീവിക്കുകയായിരുന്നു അദ്ദേഹം. രണ്ടാഴ്ച്ച മുൻപ് യൂറോളജി വിഭാഗം തലവൻ ഡോ. ദീപു ബാബുവിനെ കാണാനെത്തിയത്.
സിറ്റി സ്കാൻ നടത്തിയപ്പോൾ മൂത്രസഞ്ചിയിലെ കല്ല് കണ്ടെത്തി. ഡോ. ദീപു ഉടൻ തന്നെ സർജറി നടത്തുന്നതിന് നിർദ്ദേശം നല്കുകയായിരുന്നു. അദ്ദേഹത്തിന്റെ നേതൃത്യത്തിൽ നടന്ന ശസ്ത്രക്രിയയിൽ ലൈഫ് ലൈൻ സർജറി വിഭാഗം തലവൻ ഡോ. മാത്യൂസ് ജോൺ പിന്തുണ നൽകി. അനസ്തേഷ്യ വിഭാഗത്തിലെ ഡോ. അജോ എം. അച്ചൻകുഞ്ഞും ടീമും, സാംസി, സില്ല എന്നി നേഴ്സുമാരും ശസ്ത്രക്രിയ നടത്തിയ സംഘത്തിൽ ഉണ്ടായിരുന്നു.
അത്യാധുനിക എൻഡോസ് കോപ്പി ഉപകരണങ്ങൾ ലേസർ സംവിധാനങ്ങൾ, എന്നിവയുള്ള ലൈഫ് ലൈൻ ആശുപത്രിയിലെ യൂറോളജി വിഭാഗത്തിൽ പ്രോസ്റ്റേറ്റ്, കിഡ്നി സ്റ്റോൺ, മൂത്രനാളിയിലെ കല്ല്, ബ്ലാഡറിലെ കല്ല്, കിഡ്നിയിലെ മുഴ, ബ്ലാഡറിലെ മുഴ, മൂത്ര നാളിയുടെ ചുരുക്കം, മൂത്രസഞ്ചിയുടെ തള്ളി വരവ്, തുമ്മുമ്പോളും ചുമയ്ക്കുമ്പോളും മൂത്രം പോകുന്നത്, മണി വീക്കം പുരുഷ വന്ധ്യത തുടങ്ങിയവയ്ക്കുള്ള ചികിത്സകളും നടന്നു വരുന്നതായി ലൈഫ് ലൈൻ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ എസ്.പാപ്പച്ചൻ, ഡയറക്ടർ ഡെയ്സി പാപ്പച്ചൻ, സി.ഇ.ഒ ഡോ.ജോർജ് ചാക്കച്ചേരി എന്നിവർ പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം