'വീർത്ത വയർ, 12 വർഷം കൊഴുപ്പ് അടിഞ്ഞ് കൂടിയതിന് ചികിത്സ'; ഒടുവിൽ കണ്ടെത്തിയത് 27 കിലോ തൂക്കമുള്ള മുഴ!
ശസ്ത്രക്രിയക്ക് മുമ്പ് നടത്തിയ സിടി സ്കാനിലാണ് തോമസിന്‍റെ വയറിനുള്ളിൽ ഭീമൻ മുഴയുണ്ടെന്ന് തിരിച്ചറിഞ്ഞത്. പിന്നീട് ഇക്കഴിഞ്ഞ സെപ്റ്റംബറിൽ 10 മണിക്കൂർ നീണ്ട ശസ്ത്രക്രിയയിലൂടെ 27 കിലോഗ്രാം തൂക്കം വരുന്ന മുഴ നീക്കം ചെയ്തു.
ഒസ്ലോ: വയർ അസാധാരണമായി വലുതാകുന്നു, ഡോക്ടറെ കാണാനെത്തിയ യുവാവിന് 12 വർഷം ചികിത്സിച്ചത് കൊഴുപ്പ് അടിഞ്ഞ് കൂടിയതിന്. ഒടുവിൽ യഥാർത്ഥ കാരണം കണ്ടെത്തി. ശസ്ത്രക്രിയയ്ക്ക് മുമ്പ് നടത്തിയ സിടി സ്കാനിൽ കണ്ടെത്തിയത് വയറിൽ വലിയ മുഴ. മണിക്കൂർ നീണ്ട ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തത് 27 കിലോഗ്രാം തൂക്കമുള്ള മുഴ. വയറിൽ കൊഴുപ്പ് അടിഞ്ഞതാണെന്ന് പറഞ്ഞ് ഡോക്ടർമാർ ചികിത്സിച്ച നോർവീജിയൻ പൗരൻ തോമസ് ക്രൗട്ടിന്‍റെ വയറ്റിൽ നിന്നുമാണ് മുഴ നീക്കം ചെയ്തത്. അപ്പോഴേക്കും അർബദും വ്യാപിച്ച് തോമസിന് ഗുരുതര ആരോഗ്യ പ്രശ്നങ്ങളെ നേരിടേണ്ടിവന്നു.
2011-ലാണ് തോമസ് വയർ വീർക്കുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ ആദ്യമായി ഒരു ഡോക്ടറെ കാണുന്നത്. വിവിധ ടെസ്റ്റുകളും വിശദമായ പരിശോധനയും നടത്തിയതിൽ തോമസിന് ടൈപ്പ് 2 പ്രമേഹം ആണെന്ന് സ്ഥിരീകരിച്ചു. ഇതിന് ചികിത്സയും തുടങ്ങി. എന്നാൽ വയർ വീർത്ത് വന്നുകൊണ്ടിരുന്നു. അടുത്ത വർഷം വീണ്ടും തോമസ് ഡോക്ടറെ കണ്ടു. അപ്പോഴും പ്രമേഹം മാത്രമാണ് കണ്ടെത്തിയത്. തന്‍റെ വയറ് അസാധാരണമായി വീർത്തുകൊണ്ടിരിക്കുന്നതിനെക്കുറിച്ച് തോമസ് ഡോക്ടർമാരെ അറിയിച്ചെങ്കിലും അവർക്ക് അതിന് കാരണം കണ്ടെത്താനായില്ല.
കൊഴുപ്പ് അടിയുന്നതാകാം വയർ വീർക്കാൻ കാരണമെന്നായിരുന്നു ഡോക്ടമാർ കണ്ടെത്തിയത്. 12 വർങ്ങൾക്ക് ശേഷം അസാധാരാണമാം വിധം വയർ വലുതായതോടെ ശരീരത്തിലെ കൊഴുപ്പ് നീക്കം ചെയ്യുന്ന ശസ്ത്രക്രിയയ്ക്ക് വിധേയനാകാൻ ഡോക്ടർമാർ തോമസിനോട് നിർദ്ദേശിച്ചു. ശസ്ത്രക്രിയയ്ക്ക് മുമ്പ് പ്രമേഹത്തിനുള്ള മരുന്ന് കഴിച്ചതിനാൽ തോമസിന്‍റെ മുഖവും കൈകളും മെലിഞ്ഞു വന്നിരുന്നു. എന്നാൽ വയർ മാത്രം വലുതായി തുടർന്നു. തോമസിന് പോഷകാഹാരക്കുറവുണ്ടെന്നായിരുന്നു ഡോക്ടർമാരുടെ സംശയം.
ഒടുവിൽ ശസ്ത്രക്രിയക്ക് മുമ്പ് നടത്തിയ സിടി സ്കാനിലാണ് തോമസിന്‍റെ വയറിനുള്ളിൽ ഭീമൻ മുഴയുണ്ടെന്ന് തിരിച്ചറിഞ്ഞത്. പിന്നീട് ഇക്കഴിഞ്ഞ സെപ്റ്റംബറിൽ 10 മണിക്കൂർ നീണ്ട ശസ്ത്രക്രിയയിലൂടെ 27 കിലോഗ്രാം തൂക്കം വരുന്ന മുഴ നീക്കം ചെയ്തു. എന്നാൽ കാൻസർ കോശങ്ങൾ ഇതിനകം തോമസിന്‍റെ ശരീരത്തിൽ പടർന്നുപിടിച്ചിരുന്നു. മുഴ കണ്ടെത്താൻ വൈകിയതിനെ തുടർന്ന് തോമസിന് ചെറുകുടലിന്‍റെ പ്രവർത്തനം തകരാറിലായി. വലതു കിഡ്നി നീക്കം ചെയ്യേണ്ടിയും വന്നു.