'വീണ്ടും ചോദിക്കാം'; മാനസികാരോഗ്യത്തെക്കുറിച്ച് ഓര്‍മ്മിപ്പിച്ച് ദീപിക പദുകോണ്‍; വീഡിയോ
മാനസികാരോഗ്യവുമായി ബന്ധപ്പെട്ട് ദീപിക മുന്നോട്ടു വച്ചിരിക്കുന്ന ക്യാംപയിനും ശ്രദ്ധേയമാവുകയാണ്.
ബോളിവുഡ് നടന്‍ സുശാന്ത് സിങ് രജ്പുതിന്റെ ആത്മഹത്യയോടെയാണ് വിഷാദരോഗത്തെപ്പറ്റിയും മാനസികാരോഗ്യത്തെ കുറിച്ചും സജീവ ചർച്ചകൾക്ക് വീണ്ടും തുടക്കമായത്. വിഷാദം എന്ന രോഗാവസ്ഥയെക്കുറിച്ചും അതിനെത്തുടര്‍ന്ന് താന്‍ അനുഭവിക്കേണ്ടിവന്ന ബുദ്ധിമുട്ടുകളെ കുറിച്ചും പല തവണ സംസാരിച്ചിട്ടുള്ള ബോളിവുഡ് നടിയാണ് ദീപിക പദുകോണ്‍. ഇപ്പോഴിതാ മാനസികാരോഗ്യവുമായി ബന്ധപ്പെട്ട് ദീപിക മുന്നോട്ടു വച്ചിരിക്കുന്ന ക്യാംപയിനും ശ്രദ്ധേയമാവുകയാണ്.
'വീണ്ടും ചോദിക്കൂ' എന്നാണ് ക്യാംപയിനിന്‍റെ പേര്. #Dobarapoocho (വീണ്ടും ചോദിക്കൂ) എന്ന ഹാഷ്ടാഗോടെ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം പങ്കുവയ്ക്കുന്ന വീഡിയോ ദീപിക തന്നെ തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചിട്ടുണ്ട്. വിഷാദരോഗമോ മറ്റ് മാനസിക പ്രശ്നങ്ങളോ നേരിടുന്നവര്‍ നിങ്ങള്‍ക്കിടയിലുണ്ടോ എന്ന് പരിശോധിക്കാനാണ് ദീപിക ആവശ്യപ്പെടുന്നത്.
വിഷാദരോഗം അനുഭവിക്കുന്നവരോട്, പ്രശ്‌നങ്ങള്‍ തുറന്നുപറയാന്‍ ആവശ്യപ്പെടേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചാണ് വീഡിയോയില്‍ പറയുന്നത്. നാല് വ്യത്യസ്ത കഥകളിലൂടെയാണ് ഇത് പറയുന്നത്.
ദീപികയും വിഷാദരോഗത്തില്‍ നിന്ന് കരകയറിയ വ്യക്തിയാണ്. ആ അനുഭവങ്ങള്‍ നിരവധി തവണ ദീപിക പങ്കുവച്ചിട്ടുണ്ട്. മാനസിക പ്രശ്‌നങ്ങള്‍ നേരിടുന്നവരെ സഹായിക്കാനായി 'ലീവ്, ലവ്, ലാഫ് ' എന്നൊരു സംഘടനയും ദീപിക നടത്തുന്നുണ്ട്.
സുശാന്തിന്റെ മരണത്തിന് പിന്നാലെയും വിഷാദരോഗം തിരിച്ചറിയേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് ദീപിക പോസ്റ്റ് ചെയ്തിരുന്നു. 'സംസാരിക്കൂ, പങ്കുവയ്ക്കു, പ്രകടിപ്പിക്കൂ, സഹായം തേടൂ...' എന്നാണ് താരം വിഷാദത്തിനടിമയായവരോട് പറഞ്ഞത്.
2015-ലാണ് ദീപിക താന്‍ വിഷാദരോഗത്തിന് അടിമയാണെന്ന് വെളിപ്പെടുത്തുന്നത്. വിഷാദരോഗത്തെക്കുറിച്ച് വിശദീകരിക്കുവാൻ സാധിക്കില്ല എന്നും അത്രയും മാനസിക അസ്വസ്ഥതകളിലൂടെയാകും കടന്നുപോകുക എന്നും ദീപിക അന്ന് പറഞ്ഞിരുന്നു.
എന്നാല്‍ ഒറ്റയ്ക്കല്ലെന്ന വിശ്വാസത്തോടെ പ്രതീക്ഷയോടെ മുന്നോട്ടു പോവുകയാണ് വേണ്ടതെന്ന് ദീപിക ഇന്ന് പറയുന്നു. മാനസികാരോഗ്യത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് പ്രചരിപ്പിക്കുന്നതിനെ ആദരിച്ച് ലോകസാമ്പത്തിക ഫോറത്തിന്റെ പുരസ്‌കാരവും ഈ വര്‍ഷം ദീപികയ്ക്ക് ലഭിച്ചിരുന്നു.
Also Read: ഒരാള്‍ക്ക് വിഷാദ രോഗമുണ്ടെന്ന് എങ്ങനെ തിരിച്ചറിയാം? ഡോക്ടര്‍ പറയുന്നു...