Covid 19 India : കൊവിഡ് 19; ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നവരുടെ എണ്ണത്തില്‍ വര്‍ധനവ്
ഡെല്‍റ്റയില്‍ നിന്ന് വ്യത്യസ്തമായി ഓക്‌സിജന്‍ താഴുന്ന അവസ്ഥ ഒമിക്രോണ്‍ ഉണ്ടാക്കുന്നില്ല. ഇത് വലിയ ആശ്വാസമാണ് പകരുന്നത്. രണ്ടാം തരംഗസമയത്ത് ഓക്‌സിജന്‍ ദൗര്‍ലഭ്യമായിരുന്നു നേരിട്ടിരുന്ന പ്രധാന പ്രശ്‌നങ്ങളിലൊന്ന്
രാജ്യത്ത് കൊവിഡ് കേസുകള്‍ ( Covid 19 India ) വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്ന കൊവിഡ് രോഗികളുടെ എണ്ണത്തിലും വര്‍ധനവ് രേഖപ്പെടുത്തുന്നതായി ആരോഗ്യവിദഗ്ധര്‍ ( Health Experts ) . എന്നാല്‍ നിലവില്‍ ഇതെക്കുറിച്ച് ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ഇവര്‍ പറയുന്നു.
'2000 കിടക്കകള്‍ കൊവിഡ് രോഗികള്‍ക്കായി മാറ്റിവച്ചയിടത്ത് ഇപ്പോള്‍ 45 കിടക്കകള്‍ മാത്രമേ ഒഴിവായിട്ടുള്ളൂ. പ്രതിദിനം ആശുപത്രിയില്‍ പ്രവേശിക്കപ്പെടുന്ന രോഗികളുടെ എണ്ണം വര്‍ധിച്ചുവരുന്ന കാഴ്ചയാണ് കാണാനാകുന്നത്. എന്നാല്‍ നിലവില്‍ ഇത് വലിയ ആശങ്കയ്ക്കിടയാക്കുന്നില്ല. എന്തെന്നാല്‍ ആവശ്യമായ തയ്യാറെടുപ്പുകള്‍ ആരോഗ്യമേഖലയില്‍ നടന്നിട്ടുണ്ട്...'- ദില്ലിയിലെ ലോക് നായിക് ജയപ്രകാശ് ആശുപത്രി ഡയറക്ടര്‍ ഡോ. സുരേഷ് കുമാര്‍ പറയുന്നു.
നേരത്തേ ഡെല്‍റ്റ എന്ന വകഭേദമായിരുന്നു ഇന്ത്യയില്‍ കൊവിഡ് രണ്ടാം തരംഗത്തിന് കാരണമായത്. ചുരുങ്ങിയ സമയത്തിനുള്ളില്‍ കൂടുതല്‍ പേരിലേക്ക് രോഗമെത്തിക്കുമെന്നതായിരുന്നു ഡെല്‍റ്റയുടെ പ്രത്യേകത. ഡെല്‍റ്റയെക്കാള്‍ മൂന്ന് മടങ്ങിലധികം വേഗത്തില്‍ രോഗവ്യാപനം നടത്തുമെന്നതാണ് കൊവിഡ് വൈറസിന്റെ ഏറ്റവും പുതിയ വകഭേദമായ ഒമിക്രോമിന്റെ സവിശേഷത.
ഒമിക്രോണ്‍ വ്യാപകമായ പശ്ചാത്തലത്തിലാണ് രാജ്യത്ത് കൊവിഡ് മൂന്നാം തരംഗം ആരംഭിച്ചുവെന്ന വിലയിരുത്തലും വന്നത്. ഇപ്പോള്‍ രണ്ടായിരത്തിലധികം ഒമിക്രോണ്‍ കേസുകള്‍ രാജ്യത്ത് സ്ഥിരീകരിച്ചുകഴിഞ്ഞു. അനൗദ്യോഗിക കണക്കുകള്‍ ഇതിലും കൂടുതലായിരിക്കും. ഇന്ന് രാജ്യത്ത് ആദ്യമായി ഒമിക്രോണ്‍ സ്ഥിരീകരിച്ചയാളുടെ മരണവും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. രാജസ്ഥാന്‍ സ്വദേശിയാണ് മരിച്ചത്.
ഇപ്പോള്‍ ദില്ലി, മുംബൈ, കൊല്‍ക്കത്ത തുടങ്ങിയ നഗരങ്ങള്‍ കേന്ദ്രീകരിച്ചാണ് കൊവിഡ് കേസുകള്‍ ഉയരുന്നത്. ദില്ലിയില്‍ മാത്രം വരും ദിവസങ്ങളില്‍ പ്രതിദിന കൊവിഡ് കണക്ക് 10,000 എന്ന നിലയിലെങ്കിലും എത്തുമെന്നാണ് ദില്ലി ആരോഗ്യമന്ത്രി സത്യേന്ദര്‍ ജെയിന്‍ ഇന്ന് അറിയിച്ചിരിക്കുന്നത്. സ്വാഭാവികമായും സമീപഭാവിയില്‍ രാജ്യത്ത് എല്ലായിടത്തും ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്ന കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുക തന്നെ ചെയ്യും.
ഡെല്‍റ്റയില്‍ നിന്ന് വ്യത്യസ്തമായി ഓക്‌സിജന്‍ താഴുന്ന അവസ്ഥ ഒമിക്രോണ്‍ ഉണ്ടാക്കുന്നില്ല. ഇത് വലിയ ആശ്വാസമാണ് പകരുന്നത്. രണ്ടാം തരംഗസമയത്ത് ഓക്‌സിജന്‍ ദൗര്‍ലഭ്യമായിരുന്നു നേരിട്ടിരുന്ന പ്രധാന പ്രശ്‌നങ്ങളിലൊന്ന്. അത് ഇക്കുറി ഉണ്ടാകില്ലെന്നാണ് ആരോഗ്യ വിദഗ്ധരുടെ അനുമാനം.
Also Read:- 'ഫ്ലുവും കൊറോണയും ചേർന്നാൽ ഫ്ളൂറോണ'; ഡോക്ടറുടെ കുറിപ്പ്