ഇന്ത്യയിൽ ഹെഡ് ആൻഡ് നെക്ക് ക്യാന്‍സര്‍ രോഗികൾ വർധിക്കുന്നു, വില്ലൻ ഇവനാണ്; പഠനം പറയുന്നത്...
ദില്ലി ആസ്ഥാനമായി പ്രവർത്തിക്കുന്ന ക്യാൻസർ മുക്ത് ഭാരത് ഫൗണ്ടേഷനാണ് പഠനം നടത്തിയത്. യുവാക്കളിലാണ് ഈ ക്യാൻസറുകൾ കൂടുതലായി കാണപ്പെടുന്നത് എന്നാണ് ക്യാന്‍സര്‍ മുക്ത് ഭാരത് ക്യാംപയിന്റെ മേധാവിയായ സീനിയർ ഓങ്കോളജിസ്റ്റ് ഡോ. ആശിഷ് ഗുപ്ത പറയുന്നത്.
ഇന്ത്യയിൽ ഹെഡ് ആൻഡ് നെക്ക് ക്യാന്‍സര്‍ രോഗികൾ വർധിക്കുന്നു എന്ന് പഠനം. ഇന്ത്യയിലെ ഇരുപത്തിയാറ് ശതമാനം ക്യാൻസർ രോഗികളും കഴുത്തിലോ, തലയിലോ ട്യൂമറുകൾ ഉള്ളവരെന്നാണ് പഠനം പറയുന്നത്. രാജ്യത്തെ 1869 ക്യാൻസർ രോഗികളിലാണ് ഈ പഠനം നടത്തിയത്.
ദില്ലി ആസ്ഥാനമായി പ്രവർത്തിക്കുന്ന ക്യാൻസർ മുക്ത് ഭാരത് ഫൗണ്ടേഷനാണ് പഠനം നടത്തിയത്. യുവാക്കളിലാണ് ഈ ക്യാൻസറുകൾ കൂടുതലായി കാണപ്പെടുന്നത് എന്നാണ് ക്യാന്‍സര്‍ മുക്ത് ഭാരത് ക്യാംപയിന്റെ മേധാവിയായ സീനിയർ ഓങ്കോളജിസ്റ്റ് ഡോ. ആശിഷ് ഗുപ്ത പറയുന്നത്. പുകയില ഉപയോഗം കൂടുന്നതും മദ്യപാനവും ഹ്യൂമന്‍ പാപ്പിലോമ വൈറസും (എച്ച്.പി.വി.) ആണ് ഹെഡ് ആൻഡ് നെക്ക് ക്യാന്‍സറിനുള്ള പ്രധാന കാരണങ്ങള്‍.
ഈ ക്യാന്‍സര്‍ ആദ്യം പിടിപെടുന്നത് വായ, നാവ്, തൊണ്ട, ചുണ്ടുകള്‍, ഉമിനീര്‍ ഗ്രന്ഥി, മൂക്ക്, ചെവി എന്നിവിടങ്ങളിലാണ്. അതുകൊണ്ടാണ് ഇതിനെ ഹെഡ് ആന്‍ഡ് നെക്ക് ക്യാന്‍സര്‍ എന്ന് വിളിക്കുന്നത്. രോഗം ബാധിക്കുന്ന അവയവത്തിന് അനുസരിച്ച് രോഗലക്ഷണങ്ങളിൽ മാറ്റം വരാം. നാക്ക്, കവിൾ എന്നീ ഭാഗങ്ങളിൽ ഉണ്ടാകുന്ന നിറവ്യത്യാസം, ഉണങ്ങാത്ത മുറിവുകൾ, മാറാത്ത പുണ്ണ്, വിട്ടുമാറാത്ത തൊണ്ടവേദന, തൊണ്ടവീക്കം, ശബ്ദത്തിലെ മാറ്റം, ആഹാരം ഇറക്കാനുള്ള ബുദ്ധിമുട്ട്, വായിലോ കഴുത്തിലോ മുഴകള്‍ കാണപ്പെടുന്നത്, മോണയില്‍നിന്ന് രക്തം പൊടിയുക, മൂക്കില്‍ നിന്നും രക്തം വരുക, വായ തുറക്കാന്‍ ബുദ്ധിമുട്ടു തോന്നുക, നാവിനും കവിളിലുമുണ്ടാകുന്ന നിറ വ്യത്യാസം, ശ്വാസതടസം, സംസാരിക്കാനുള്ള ബുദ്ധിമുട്ട്, തലവേദന, മുഖത്തിന് വീക്കം, കഴുത്തിന് വീക്കം, കഴുത്തുവേദന, വായ്നാറ്റം, ചെവി വേദന, ചര്‍മ്മത്തിലെ നിറവ്യത്യാസം, പല്ലു കൊഴിയുക എന്നിവയൊക്കെ ഹെഡ് ആൻഡ് നെക്ക് ക്യാന്‍സറിന്‍റെ ലക്ഷണങ്ങളാകാം.
ശ്രദ്ധിക്കുക: മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ 'കൺസൾട്ട്' ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക.
Also read: കുടലിന്‍റെ ആരോഗ്യത്തിനായി കുടിക്കാം ഈ ആറ് പാനീയങ്ങള്‍