കൂട്ടിയിട്ടിരിക്കുന്ന മൃതദേഹങ്ങള്‍; കൊവിഡ് ഭീകരത തെളിയിക്കുന്ന ചിത്രങ്ങള്‍...
മുറികള്‍ നിറഞ്ഞതിന് പിന്നാലെ ആശുപത്രി കെട്ടിടത്തിന് പുറത്തും സ്‌ട്രെച്ചറുകളിലായി മൃതദേഹങ്ങള്‍ കിടത്തിയിരിക്കുകയാണ്. മോര്‍ച്ചറിയില്‍ ഇനി സ്ഥലമില്ലെന്നും, ഫ്രീസറുകള്‍ എല്ലാം ഉപയോഗത്തിലാണെന്നും തങ്ങള്‍ കനത്ത പ്രതിസന്ധിയാണ് നേരിടുന്നതെന്നും ആശുപത്രി അധികൃതര്‍ തന്നെ അറിയിക്കുന്നു
രാജ്യത്ത് കൊവിഡ് 19 രണ്ടാം തരംഗം ആഞ്ഞടിക്കുകയാണ്. കേരളമുള്‍പ്പെടെ പല സംസ്ഥാനങ്ങളിലെയും സാഹചര്യങ്ങള്‍ അനുദിനം മോശമായിക്കൊണ്ടിരിക്കുകയാണ്. മഹാരാഷ്ട്രയിലാണ് ഏറ്റവുമധികം കൊവിഡ് കേസുകളും മരണവുമെല്ലാം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. മറ്റ് സംസ്ഥാനങ്ങളിലും പല നഗരങ്ങളിലെയും അവസ്ഥകള്‍ മോശമായി തുടരുകയാണ്.
ഇക്കൂട്ടത്തില്‍ എടുത്തുപറയേണ്ടൊരു സ്ഥലമാണ് ഛത്തീസ്ഗഢിലെ റായ്പൂര്‍. റായ്പൂരില്‍ ചുരുങ്ങിയ സമയത്തിനകമാണ് കൊവിഡ് കേസുകള്‍ കുത്തനെ വര്‍ധിക്കുകയും മരണനിരക്ക് അതിനനുസരിച്ച് ഉയരുകയും ചെയ്തത്. ഇപ്പോഴിതാ റായ്പൂരിലെ ഏറ്റവും വലിയ സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്ന് പേടിപ്പെടുത്തുന്ന ചിത്രങ്ങളും വീഡിയോകളുമെല്ലാം പുറത്തുവന്നിരിക്കുകയാണ്.
എന്‍ഡിടിവി അടക്കമുള്ള ദേശീയമാധ്യമങ്ങളാണ് ഈ ചിത്രങ്ങളും വീഡിയോകളും പുറത്തുകൊണ്ടുവന്നത്. കൊവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങള്‍ സൂക്ഷിക്കാന്‍ ഇടമില്ലാതെ ആശുപത്രിയില്‍ ഒഴിവുള്ള മുറികളില്‍ സ്‌ട്രെച്ചറിലും തറയിലുമായി കൂട്ടിയിട്ടിരിക്കുന്ന കാഴ്ചയാണ് ചിത്രങ്ങളിലും വീഡിയോകളിലും കാണാന്‍ സാധിക്കുന്നത്.
മുറികള്‍ നിറഞ്ഞതിന് പിന്നാലെ ആശുപത്രി കെട്ടിടത്തിന് പുറത്തും സ്‌ട്രെച്ചറുകളിലായി മൃതദേഹങ്ങള്‍ കിടത്തിയിരിക്കുകയാണ്. മോര്‍ച്ചറിയില്‍ ഇനി സ്ഥലമില്ലെന്നും, ഫ്രീസറുകള്‍ എല്ലാം ഉപയോഗത്തിലാണെന്നും തങ്ങള്‍ കനത്ത പ്രതിസന്ധിയാണ് നേരിടുന്നതെന്നും ആശുപത്രി അധികൃതര്‍ തന്നെ അറിയിക്കുന്നു.
'ഒരേസമയം ഇത്രയധികം മരണങ്ങള്‍ സംഭവിക്കുന്ന സാഹചര്യം ഇവിടെയുണ്ടാകുമെന്ന് ആരും ചിന്തിച്ചിരുന്നില്ല. ഞങ്ങളുടെ പക്കല്‍ ആവശ്യത്തിന് ഫ്രീസറുണ്ടായിരുന്നതാണ്. പക്ഷേ ഒന്നോ രണ്ടോ മരണം റിപ്പോര്‍ട്ട് ചെയ്തിരുന്ന സ്ഥാനത്ത് പത്തും ഇരുപതും മരണങ്ങള്‍ വന്നുകഴിഞ്ഞപ്പോള്‍ സ്വാഭാവികമായും ഞങ്ങള്‍ പ്രതിസന്ധിയിലായി. അപ്പോഴും ഞങ്ങള്‍ ശ്രമം നടത്തിക്കൊണ്ടിരുന്നു. ഇതിനിടെ മരണനിരക്ക് വീണ്ടും ഉയര്‍ന്നു. പത്തും ഇരുപതും എന്ന സ്ഥാനത്ത് അമ്പതും അറുപതും എന്ന നിലയ്ക്കായി. എങ്ങനെയാണ് ഈ സാഹചര്യത്തെ ഞങ്ങള്‍ കൈകാര്യം ചെയ്യുക? ശ്മശാനങ്ങളില്‍ പോലും ഇടമില്ലാത്ത അവസ്ഥയാണ്...'- റായ്പൂര്‍ ചീഫ് മെഡിക്കല്‍ ഓഫീസര്‍ മീര ബാഗെല്‍ പറയുന്നു.
ലക്ഷണങ്ങളേതുമില്ലാതെ കൊവിഡ് ബാധിക്കപ്പെട്ട്, അത്രയും ലഘുവായ സ്ഥിതിയില്‍ നിന്നുകൊണ്ടിരുന്ന രോഗികളാണ് പിന്നീട് പെട്ടെന്ന് അവസ്ഥ മോശമായി ഹൃദയാഘാതമെല്ലാം വന്ന് മരണത്തിന് കീഴടങ്ങുന്നതെന്നും ഏറെ ഭയപ്പെടുത്തുന്നതാണ് ഈ സാഹചര്യങ്ങളെന്നും മീര ബാഗെല്‍ പറയുന്നു.
രാജ്യം നേരിടുന്ന കൊവിഡ് പ്രതിസന്ധിയുടെ നേര്‍ചിത്രമാവുകയാണ് റായ്പൂരില്‍ നിന്ന് പുറത്തുവരുന്ന ദൃശ്യങ്ങള്‍. കേരളമടക്കം പത്ത് സംസ്ഥാനങ്ങളില്‍ നിന്നാണ് ആശങ്കപ്പെടുത്തും വിധം കൊവിഡ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നത്.
ഫോട്ടോ കടപ്പാട്: എൻഡിടിവി
Also Read:- കൊവിഡ് കേസുകളില്‍ മുന്നിട്ടുനില്‍ക്കുന്നത് 5 സംസ്ഥാനങ്ങള്‍; പട്ടികയില്‍ കേരളവും...