വണ്ണം കൂടിവരുന്നോ? നിങ്ങള്‍ ചെയ്യേണ്ട അഞ്ച് കാര്യങ്ങള്‍...
കൊളസ്ട്രോള്‍, പ്രമേഹം എന്നുതുടങ്ങി ജീവന് വരെ ഭീഷണിയായേക്കാവുന്ന പല അസുഖങ്ങളിലേക്കും നമ്മെ നയിക്കുന്നതില്‍ അമിതവണ്ണത്തിനുള്ള പങ്ക് ചെറുതല്ല. അനാരോഗ്യകരമായ ജീവിതരീതി പാടെ ഉപേക്ഷിക്കാനും, അല്‍പം ജാഗ്രതയോടെ തുടരാനും സാധിച്ചെങ്കില്‍ മാത്രമേ ഈ സാധ്യതകളെയെല്ലാം തള്ളിക്കളഞ്ഞ് ആത്മവിശ്വാസത്തോടെയും ആരോഗ്യത്തോടെയും നമുക്ക് ജീവിക്കാനാകൂ
അനാരോഗ്യകരമായ ജീവിതരീതികളുടെ ഭാഗമായാണ് മിക്കപ്പോഴും അമിതവണ്ണം ഉണ്ടാകുന്നത്. ഈ ലോക്ഡൗണ്‍ കാലത്ത് ഏറ്റവമുമധികം പേര്‍ പങ്കുവച്ചൊരു ആശങ്കയും വണ്ണം കൂടിവരുന്നു എന്നതാണ്. ഇത്തരത്തില്‍ ക്രമാതീതമായി വണ്ണം കൂടിവരുന്നതായി മനസിലാക്കുന്നുണ്ടെങ്കില്‍ തീര്‍ച്ചയായും അത് കുറയ്ക്കാന്‍ വേണ്ട പരിശ്രമങ്ങ്ള്‍ നിങ്ങളുടെ ഭാഗത്ത് നിന്നുണ്ടാകണം.
കാരണം കൊളസ്ട്രോള്‍, പ്രമേഹം എന്നുതുടങ്ങി ജീവന് വരെ ഭീഷണിയായേക്കാവുന്ന പല അസുഖങ്ങളിലേക്കും നമ്മെ നയിക്കുന്നതില്‍ അമിതവണ്ണത്തിനുള്ള പങ്ക് ചെറുതല്ല. ആദ്യം സൂചിപ്പിച്ചത് പോലെ അനാരോഗ്യകരമായ ജീവിതരീതി പാടെ ഉപേക്ഷിക്കാനും, അല്‍പം ജാഗ്രതയോടെ തുടരാനും സാധിച്ചെങ്കില്‍ മാത്രമേ ഈ സാധ്യതകളെയെല്ലാം തള്ളിക്കളഞ്ഞ് ആത്മവിശ്വാസത്തോടെയും ആരോഗ്യത്തോടെയും നമുക്ക് ജീവിക്കാനാകൂ.
അതിന് സഹായകമായ അഞ്ച് കാര്യങ്ങളെ കുറിച്ചാണ് ഇനി പറയുന്നത്.
ഒന്ന്...
പാക്കറ്റ് ഫുഡ്, പ്രോസസ്ഡ് ഫുഡ്, കൃത്രിമമധുരം അടങ്ങിയ ഭക്ഷണം എന്നിവയെല്ലാം ഡയറ്റില്‍ നിന്ന് പൂര്‍ണ്ണമായി ഒഴിവാക്കുക. വണ്ണം കുറയ്ക്കാന്‍ ശ്രമിക്കുന്നവര്‍ പാക്കറ്റ് ഫുഡ്, അത് ഏതായാലും ശരി സമ്പൂര്‍ണ്ണമായും ഒഴിവാക്കുന്നതാണ് ഉത്തമമെന്ന് സെലിബ്രിറ്റി ന്യൂട്രീഷ്യനിസ്റ്റ് രുജുത ദിവേക്കര്‍ പറയുന്നു.
ഇത്തരം ഭക്ഷണങ്ങള്‍ എളുപ്പത്തില്‍ വണ്ണം കൂട്ടുമെന്ന് 'അമേരിക്കന്‍ ജേണല്‍ ഓഫ് ക്ലിനിക്കല്‍ ന്യൂട്രീഷ്യന്‍' എന്ന പ്രസിദ്ധീകരണത്തില്‍ വന്ന പഠനവും ചൂണ്ടിക്കാട്ടുന്നു.
രണ്ട്...
ഡയറ്റില്‍ കൂടുതല്‍ പഴങ്ങളും പച്ചക്കറികളും ഉള്‍പ്പെടുത്തുക. ഇവയിലടങ്ങിയിരിക്കുന്ന ഫൈബര്‍, ആന്റി ഓക്സിഡന്റുകള്‍ എന്നിവ വണ്ണം വയ്ക്കുന്നത് തടയാന്‍ സഹായിക്കുകയും അമിതമായി ഭക്ഷണം കഴിക്കാനുള്ള പ്രവണതയെ നിയന്ത്രിക്കുകയും ചെയ്യുന്നു.
മൂന്ന്...
ഗ്ലൈസമിക് സൂചിക കുറവുള്ള ഭക്ഷണങ്ങള്‍ തെരഞ്ഞെടുത്ത് കഴിക്കുക. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിച്ചുനിര്‍ത്താന്‍ സഹായിക്കും. അതുവഴി വണ്ണം കൂടുന്നതിനെ കൈകാര്യം ചെയ്യാനും ശരീരത്തിന് കഴിയും. ഇലക്കറികള്‍, പഴങ്ങള്‍, ക്യാരറ്റ്, വന്‍പയര്‍, വെള്ളക്കടല, പരിപ്പുവര്‍ഗങ്ങള്‍ എന്നിവ ഇതിനുദാഹരണമാണ്.
നാല്...
മുടങ്ങാതെ വ്യായാമം ചെയ്യാന്‍ ശ്രദ്ധിക്കുക. നല്ല തോതില്‍ വണ്ണം വച്ചുവരുന്നവരാണെങ്കില്‍ ഒരു മണിക്കൂര്‍ മുതല്‍ ഒന്നര മണിക്കൂര്‍ വരെ പ്രതിദിനം വര്‍ക്കൗട്ട് ചെയ്യാം.
'വെയിറ്റ് ട്രെയിനിംഗ്' ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള വ്യായാമമാണ് പരിശീലിക്കേണ്ടത്. ഇക്കാര്യത്തില്‍ ആശയക്കുഴപ്പങ്ങളുണ്ടെങ്കില്‍ ഒരു ഫിറ്റ്നസ് പരിശീലകന്റെ നിര്‍ദേശങ്ങള്‍ തേടാവുന്നതാണ്.
അഞ്ച്...
അമിതവണ്ണത്തിലേക്ക് നമ്മെ നയിക്കുന്നതില്‍ മാനസിക സമ്മര്‍ദ്ദങ്ങള്‍ക്കുള്ള പങ്ക് ചെറുതല്ല. അതിനാല്‍ സമ്മര്‍ദ്ദങ്ങളെ നിയന്ത്രിച്ചുനിര്‍ത്തുക തന്നെ വേണം. ഇതിനായി യോഗ, മറ്റ് വിനോദങ്ങള്‍ എന്തും പരീക്ഷിക്കാം.
Also Read :- വയറിലെ കൊഴുപ്പ് കുറയ്ക്കാന്‍ വേണം ഈ വിറ്റാമിന്‍; പഠനം...